ഏക സിവിൽ കോഡ് ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ചു; കോണ്‍ഗ്രസ് അംഗങ്ങള്‍ വൈകി, ലീഗിന് അതൃപ്തി, പരിഹസിച്ച് സിപിഎം

ഏക സിവിൽ കോഡ് ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ചു. ഏക വ്യക്തി നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിവാദ സ്വകാര്യബില്‍ പ്രതിപക്ഷ എതിര്‍പ്പിനിടെയാണ് അവതരിപ്പിച്ചത്. കോണ്‍ഗ്രസ് അംഗങ്ങള്‍ മുഴുവനും സഭയില്‍ ഇല്ലാതിരുന്നതില്‍ മുസ്‍ലിം ലീഗ് അതൃപതി പരസ്യമാക്കി. ഗവര്‍ണര്‍മാരെ നിയന്ത്രിക്കാനുള്ള സിപിഎമ്മിന്‍റെ സ്വകാര്യബില്ലും രാജ്യസഭ പരിഗണിച്ചു. രാജ്യത്ത് ഏക വ്യക്തി നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുന്ന സ്വകാര്യ ബില്‍ ബിജെപി എംപി കിരോഡി ലാല്‍ മീണയാണ് അവതരിപ്പിച്ചത്.

ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള രാഷ്ട്രീയനീക്കമെന്ന് ആരോപിച്ച് കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും മറ്റു പ്രതിപക്ഷ കക്ഷികളും അവതരണത്തെ എതിര്‍ത്തു. ബില്‍ അവതരിപ്പിക്കാന്‍ നീക്കം നടക്കുന്നതിനിടെ കോണ്‍ഗ്രസ് എംപിമാരില്‍ ഭൂരിഭാഗവും സഭയില്‍ ഇല്ലാതിരുന്നതില്‍ മുസ്‍ലിം ലീഗ് അതൃപ്തി പ്രകടമാക്കി. കോണ്‍ഗ്രസും ലീഗും യുഡിഎഫില്‍ ഒന്നിച്ചല്ലേ എന്ന് സിപിഎം എംപിമാര്‍ പരിഹസിച്ചു.

63 അംഗങ്ങള്‍ ബില്‍ അവതരണത്തെ അനുകൂലിച്ചു. 23 പേര്‍ എതിര്‍ത്തു. സ്വകാര്യബില്‍ അവതരണം അംഗങ്ങളുടെ അവകാശമാണെന്നും ബില്ലിന്മേല്‍ ചര്‍ച്ച നടക്കട്ടെയെന്നും രാജ്യസഭാ നേതാവ് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ നിലപാടെടുത്തു. കേരളത്തില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മിലെ ഏറ്റുമുട്ടല്‍ പരാമര്‍ശിച്ചാണ് സിപിഎം എംപി വി.ശിവദാസന്‍ ഗവര്‍ണര്‍മാരെ നിയമിക്കുന്നതിനും പുറത്താക്കുന്നതിനുമുള്ള സ്വകാര്യബിൽ രാജ്യസഭയുടെ പരിഗണനയ്ക്കു വച്ചത്.

ബില്ലിനെ എതിർക്കുന്നതിനായി മൂന്ന് പ്രമേയങ്ങൾ അവതരിപ്പിച്ചുവെങ്കിലും വോട്ടെടുപ്പിൽ പരാജയപ്പെട്ടു. നിരവധി കക്ഷികളുടെ കടുത്ത എതിർപ്പിന് ശേഷം, ഭരണഘടനയുടെ നിർദ്ദേശ തത്വങ്ങൾക്ക് കീഴിലുള്ള ഒരു വിഷയം ഉന്നയിക്കുന്നത് അംഗത്തിന്റെ നിയമാനുസൃതമായ അവകാശമാണെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ വാദിച്ചു.

തുടർന്ന് രാജ്യസഭ ചെയർമാൻ ജഗ്ദീപ് ധൻഖർ ബിൽ ശബ്ദവോട്ടിന് വെച്ചു. ഏക സിവിൽ കോഡ് ആവശ്യമോ അഭികാമ്യമോ അല്ലെന്ന സി.പി.എം എം.പി ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.
ഈ ആശയം തന്നെ മതേതരത്വത്തിന് എതിരാണെന്ന് ഡി.എം.കെ എം.പി തിരുച്ചി ശിവ പറഞ്ഞു.സമാജ്‌വാദി പാർട്ടിയുടെ ആർജി വർമയും ബില്ലിനെ എതിർത്തു. ബില്ല് ആദ്യമായാണ് രാജ്യസഭയിൽ അവതരിപ്പിക്കുന്നത്. ഗുജറാത്തിൽ ഏക സിവിൽകോഡ് നടപ്പാക്കുമെന്നായിരുന്നു ബി.ജെ.പി തെരഞ്ഞെടുപ്പ് പത്രികയിൽ വാഗ്ദാനം നൽകിയത്. ഗുജറാത്തിൽ തകർപ്പൻ വിജയം നേടിയതിന് തൊട്ടുപിന്നാലെയാണ് ഏക സിവിൽ കോഡ് ബില്ല് രാജ്യസഭയിൽ അതരിപ്പിച്ചത്. മതത്തെ അടിസ്ഥാനമാക്കിയുള്ള വ്യക്തിനിയമങ്ങൾ ഇല്ലാതാക്കാനാണ് ഏക സിവിൽ കോഡ് ശ്രമിക്കുന്നത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!