വരുന്നു….പാസ്‌പോർട്ടും ടിക്കറ്റും ബോർഡിംഗ് പാസും കാണിക്കാതെ ലോകത്തെവിടെയും വിമാനയാത്ര ചെയ്യാനുള്ള റെഡി ടു ഫ്‌ളൈ സംവിധാനം

അന്താരാഷ്ട്ര വിമാനയാത്രൾ കൂടുതൽ എളുപ്പമാക്കുന്നതിനായി ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ (IATA) സംവിധാനം വികസിപ്പിച്ചെടുത്തു.  വിമാന കമ്പനികളുമായി ചേർന്ന് പ്രവർത്തിക്കുന്ന  ‘റെഡി-ടു-ഫ്ലൈ’ എന്ന ഈ പുതിയ രീതി കോൺടാക്റ്റ്‌ലെസ് ബയോമെട്രിക് സംവിധാനത്തിലൂടെയാണ് പ്രവർത്തിക്കുക. ഇത് വഴി വിമാനത്താളങ്ങളിൽ യാത്രക്കാരുടെ നടപടിക്രമങ്ങൾ വളരെ വേഗത്തിൽ പൂർത്തിയാക്കാനാകും. 

പുതിയ സംവിധാനം പ്രാബല്യത്തിലാകുന്നതോടെ ഭാവിയിൽ വിമാനത്താവളങ്ങളിൽ വളരെ എളുപത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാനാകും. പാസ്പോർട്ടോ, ടിക്കറ്റോ വിമാനത്താവളങ്ങളിൽ കാണിക്കാതെ തന്നെ വളരെ എളുപത്തിൽ യാത്ര നടപടികൾ പൂർത്തിയാക്കുന്ന വൺ ഐഡി സംവിധാനത്തിലൂടെയാണ്  ‘റെഡി-ടു-ഫ്ലൈ’ പ്രക്രിയ അയാട്ട അവതരിപ്പിക്കുന്നത്.

ഈ കോൺടാക്റ്റ്‌ലെസ് രീതി ഇതിനകം തന്നെ നിരവധി വിമാനത്താവളങ്ങളിൽ നിലവിലുണ്ട് – യാത്രക്കാരുടെ ബോർഡിംഗ് പാസ് ഒരു ബയോമെട്രിക് ഐഡന്റിഫയറുമായി ബന്ധിപ്പിച്ചാണ് ഇത് പ്രവർത്തിക്കുക. അതിനാൽ ബോർഡിംഗ് പോലുള്ള പേപ്പർ  ഡോക്യുമെന്റേഷൻ നിർമ്മിക്കാതെ തന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കാം. ഇതിലൂടെ യാത്രക്കാരുടെ സമയവും കടലാസ് ജോലികൾ കൈകാര്യം ചെയ്യേണ്ടതിന്റെ ബുദ്ധിമുട്ടും ലാഭിക്കാനാകും.

എന്നിരുന്നാലും, ചില പ്രത്യേക സന്ദർഭങ്ങളിൽ, യാത്രക്കാർക്ക് പാസ്‌പോർട്ടുകൾ, വിസകൾ അല്ലെങ്കിൽ ആരോഗ്യ സർട്ടിഫിക്കറ്റുകൾ പോലുള്ള രേഖകൾ പരിശോധനകൾക്കൊപ്പം ചെക്ക്-ഇൻ ഡെസ്‌ക്കുകളിലോ ബോർഡിംഗ് ഗേറ്റുകളിലോ കാണിക്കേണ്ടി വന്നേക്കാം. 

ചെക്ക്-ഇൻ ഡെസ്‌കുകളിലോ ബോർഡിംഗ് ഗേറ്റുകളിലോ എന്തെങ്കിലും പരിശോധനകൾക്കായി കാത്തു നിൽക്കാതെ തന്നെ അന്താരാഷ്ട്ര യാത്രക്കാരന് വിമാനത്താവളത്തിലെ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കാൻ പുതിയ സംവിധാനത്തിലൂടെ സാധിക്കും. 

യാത്രക്കാർ അവരുടെ യാത്രയ്ക്ക് മുമ്പ് തന്നെ പ്രത്യേക മൊബൈൽ ആപ്പ് വഴി ആവശ്യമായ യാത്ര രേഖകളും അംഗീകാരങ്ങളും ഡിജിറ്റലായി നേടുവാൻ പുതിയ വൺ ഐഡി സംവിധാനം അനുവദിക്കും. ഇത് പൂർത്തിയാകുന്നതോടെ “ഓകെ ടു ഫ്ലൈ” സ്റ്റാറ്റസ് അവരുടെ എയർലൈനുമായി പങ്കിടും. ഇത് വഴി യാത്രക്കാർക്ക് എയർപോർട്ടിലെ എല്ലാ ഡോക്യുമെന്റ് പരിശോധനകളും ഒഴിവാക്കാനാകും.

“യാത്ര നടപടികൾ ലളിതമാക്കണമെന്ന് യാത്രക്കാർ ആഗ്രഹിക്കുന്നുണ്ട്. എയർപോർട്ടിൽ എത്തുന്നതിന് മുമ്പ് തന്നെ ബന്ധപ്പെട്ട എയർലൈനിലേക്ക് അവരുടെ യാത്ര രേഖകൾ സമർപ്പിക്കുവാനും അംഗീകാരം നേടുവാനും യാത്രക്കാരെ പ്രാപ്തരാക്കും. ഇതിലൂടെ ഞങ്ങൾ ഒരു പ്രധാന ചുവടുവെപ്പ് നടത്തുകയാണ്. 83 ശതമാനം യാത്രക്കാരും ഇമിഗ്രേഷൻ വിവരങ്ങൾ വേഗത്തിലുള്ള പ്രോസസ്സിംഗിനായി പങ്കിടാൻ തയ്യാറാണെന്ന് അടുത്തിടെ നടന്ന IATA ഗ്ലോബൽ പാസഞ്ചർ സർവേ കണ്ടെത്തിയിരുന്നു. അതുകൊണ്ടാണ് ഇത് നടപ്പിലാക്കുമ്പോൾ യാത്രക്കാർക്ക് ഇത് ഒരു ജനപ്രിയ ഓപ്ഷനായി മാറുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. കൂടാതെ, എയർലൈനുകളും സർക്കാരുകളും ഇതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മെച്ചപ്പെട്ട ഡാറ്റാ ഗുണനിലവാരം, കാര്യക്ഷമമായ റിസോഴ്‌സിംഗ് ആവശ്യകതകൾ, യാത്രക്കാർ വിമാനത്താവളത്തിൽ എത്തുന്നതിന് മുമ്പ് പ്രവേശനക്ഷമത പ്രശ്നങ്ങൾ തിരിച്ചറിയൽ എന്നിവയും ഇതിലുണ്ട്,” IATA യുടെ ഓപ്പറേഷൻസ്, സേഫ്റ്റി ആൻഡ് സെക്യൂരിറ്റി സീനിയർ വൈസ് പ്രസിഡന്റ് നിക്ക് കരീൻ പറഞ്ഞു.

 

ഭാവിയിൽ യാത്രക്കാർക്ക് എങ്ങനെ പറക്കാൻ തയ്യാറാവാം:

  1. അവരുടെ സ്‌മാർട്ട്‌ഫോണിലെ എയർലൈൻ ആപ്പ് ഉപയോഗിച്ച് പരിശോധിച്ചുറപ്പിച്ച ഡിജിറ്റൽ ഐഡന്റിറ്റി സൃഷ്‌ടിക്കുക.
  2. അവരുടെ ഡിജിറ്റൽ ഐഡന്റിറ്റി ഉപയോഗിച്ച്, യാത്രയ്‌ക്ക് മുമ്പായി അവർക്ക് ആവശ്യമായ എല്ലാ ഡോക്യുമെന്റേഷന്റെയും തെളിവ് ബന്ധപ്പെട്ട അധികാരികൾക്ക് അയയ്‌ക്കാൻ കഴിയും.
  3. ആപ്പ് വഴി അവരുടെ ഡിജിറ്റൽ ഐഡന്റിറ്റി/പാസ്‌പോർട്ടിന് ബന്ധപ്പെട്ടവരിൽ നിന്ന് ഡിജിറ്റലായി അംഗീകാരം നേടുക. 
  4. പരിശോധിച്ച ക്രെഡൻഷ്യൽ (അവരുടെ എല്ലാ ഡാറ്റയും അല്ല) അവരുടെ എയർലൈനുമായി പങ്കിടുക
  5. എല്ലാം ശരിയാണെന്ന് അവരുടെ എയർലൈനിൽ നിന്ന് സ്ഥിരീകരണം നേടികൊണ്ട്  വിമാനത്താവളത്തിലേക്ക് പുറപ്പെടുക.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!