ഹജ്ജ്, ഉംറ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി അടുത്ത ജനുവരി ആദ്യം “ഹജ്ജ് എക്സ്പോ 2023” എന്ന പേരിൽ ജിദ്ദയിൽ ഒരു സമ്മേളനവും പ്രദർശനവും സംഘടിപ്പിക്കുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. 

തീർത്ഥാടകർക്ക് മക്ക മദീന ഹറം മസ്ജിദുകളിൽ എളുപ്പത്തിലും സുഗമമായും എത്തിച്ചേരാനുള്ള മാർഗങ്ങളെ കുറിച്ചും, തീർഥാകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും, അവരുടെ മതപരവും സാംസ്കാരികവുമായ അനുഭവങ്ങൾ സമ്പന്നമാക്കുന്നതിനും ആവശ്യമായ സേവനങ്ങളും പരിഹാരങ്ങളും അവലോകനം ചെയ്യുന്നതിനും ചർച്ചചെയ്യുന്നതിനും വേണ്ടിയാണ് ഹജ്ജ് എക്സ്പോ എന്ന് പേരിൽ പ്രദർശനവും സമ്മേളനവും നടത്തുന്നത്. അടുത്ത മാസം ആദ്യം ജിദ്ദയിലാണ് പരിപാടി.

സംരംഭകർ, നവീനർ, ഗവേഷകർ, ഡിസിഷൻ മേക്കേഴസ് എന്നിവരെ ഒരു കുടക്കീഴിൽ കൊണ്ടുവരാനാണ് സമ്മേളനം ലക്ഷ്യമിടുന്നത്. ഹജ്ജും ഉംറയും അനായാസമായും ശാന്തമായും നിർവഹിക്കാനുള്ള യാത്ര സുഗമമാക്കുന്നതിനും, മതപരമായ സ്ഥലങ്ങളും ചരിത്ര സ്മാരകങ്ങളും പുനരുദ്ധരിക്കുന്നതിനും, സേവനങ്ങളുടെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന സാങ്കേതിക പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനും, ചർച്ച ചെയ്യുന്നതിനും പരിപാടിയിലൂടെ ലക്ഷ്യമിടുന്നു. 

 

ഹജ്ജ്, ഉംറ എന്നിവക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താൻ ലക്ഷ്യമിട്ടുള്ള നിരവധി നവീകരണങ്ങളുടെയും പരിപാടികളുടെയും അവലോകനത്തിന് ഹജ്ജ് എക്‌സ്‌പോ സാക്ഷ്യം വഹിക്കും, സേവന മേഖലയിൽ മികവും സുസ്ഥിരതയും കൈവരിക്കാൻ മന്ത്രാലയം ശ്രമിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്ന ശിൽപശാലകളും പരിപാടിയിൽ അവതരിപ്പിക്കും. 

വിവിധ രാജ്യങ്ങളുടെ അംബാസഡർമാർക്കും കോൺസൽമാർക്കും പുറമെ ഇസ്‌ലാമിക കാര്യ മന്ത്രിമാർ,  ഹജ്ജ് മന്ത്രിമാർ, പൊതുമേഖലയിലും സ്വകാര്യ മേഖലയിലും പ്രവർത്തിക്കുന്ന അനുബന്ധ ഏജൻസികൾ തുടങ്ങി വിവിധ മേഖലകളിലെ നിരവധി പേർ പരിപാടിയിൽ സംബന്ധിക്കും. 

2023-ലെ ഹജ്ജ്, ഉംറ സേവന കോൺഫറൻസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരെ അതിനായി നിശ്ചയിച്ചിട്ടുള്ള ലിങ്ക് വഴി ബുക്ക് ചെയ്യണമെന്നും മന്ത്രാലയം അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക