യുപിയില്‍ ബിജെപിക്ക് തിരിച്ചടി, ബിഹാറില്‍ നേട്ടം; രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസ്
ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് വിധി നിര്‍ണയത്തിനൊപ്പം അഞ്ച് സംസ്ഥാനങ്ങളിലെ ആറ് നിയമസഭാ സീറ്റുകളിലേക്കും ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും പുരോഗമിക്കുന്നു.
ഉത്തര്‍പ്രദേശിലെ തങ്ങളുടെ ശക്തികേന്ദ്രമായ ഖതൗലിയില്‍ ബിജെപി പരാജയത്തിലേക്കടുക്കുന്നു. ഇവിടെ ആര്‍എല്‍ഡി സ്ഥാനാര്‍ഥി മഥന്‍ ഭയ്യ പതിനായിരത്തോളം വോട്ടുകള്‍ക്ക് മുന്നിലാണ്. ബിജെപി എംഎല്‍എ വിക്രം സിങ് സൈനിയെ കോടതി അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.
യുപിയിലെ രാംപുരില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥി മുഹമ്മദ് അസിം രാജ ആറായിരത്തിലധികം വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. എസ്പിയുടെ പ്രമുഖനായ അസംഖാനെ അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.
ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ലോക്സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എസ്പിയുടെ ഡിംപിള്‍ യാദവ് വിജയത്തിലേക്ക്. 1,70,000-ല്‍ അധികം വോട്ടുകള്‍ക്ക് ബി.ജെ.പി. സ്ഥാനാര്‍ഥി രഘുരാജ് സിങ് ശാക്യയെ പിന്നിലാക്കിയാണ് ഡിംപിള്‍ വിജയം ഉറപ്പിച്ചിരിക്കുന്നത്. സമാജ് വാദി പാര്‍ട്ടി സ്ഥാപകന്‍ മുലായം സിങ് യാദവ് അന്തരിച്ചതിനെത്തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ ഭാര്യയാണ് ഡിംപിള്‍.
ഛത്തീസ്ഗഢിലെ ഭാനുപ്രതാപ്പുര്‍ നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സാവിത്രി മന്ദാവിക്ക് മികച്ച ലീഡുണ്ട്. ബിജെപിയുടെ ബ്രഹ്‌മാനന്ദ് നേതാമിനെതിരെ 18808 വോട്ടുകള്‍ക്കാണ് സാവിത്രി നിലവില്‍ ലീഡ് ചെയ്തുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണിത്. എംഎല്‍എ ആയിരുന്ന മനോജ് സിങ് മന്ദാവിയുടെ മരണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. അദ്ദേഹത്തിന്റെ ഭാര്യയാണ് കോണ്‍ഗ്രസിനായി മത്സരിക്കുന്നത്. ഛത്തീസ്ഗഢില്‍ 2018-ല്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയതിന് ശേഷം നടന്ന നാല് ഉപതിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിനായിരുന്നു വിജയം.
രാജസ്ഥാനിലെ സര്‍ദര്‍ശഹര്‍ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ അനില്‍ കുമാര്‍ ശര്‍മ വിജയം ഉറപ്പിച്ചിട്ടുണ്ട്. 25000-ന് മുകളില്‍ വോട്ടുകള്‍ക്കാണ് അദ്ദേഹം ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ സര്‍ദര്‍ശഹറില്‍ സിറ്റിങ് എംഎല്‍എ ഭന്‍വര്‍ലാല്‍ ശര്‍മ അന്തരിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
ബിഹാറില്‍ കനത്ത പോരാട്ടമാണ് നടക്കുന്നത്. ആര്‍ജെഡിയുടെ സിറ്റിങ് സീറ്റില്‍ നിലവില്‍ ബിജെപിയാണ് ലീഡ് ചെയ്യുന്നത്. ഏറ്റവും ഒടുവില്‍ പുറത്തുവന്ന ഫലമനുസരിച്ച് 3632 വോട്ടുകള്‍ക്ക് ബിജെപി കേദര്‍ പ്രസാദ് ഗുപ്ത മുന്നിലാണ്. മഹാസഖ്യത്തിന്റെ ഭാഗമായി മത്സരിക്കുന്ന ജെഡിയുവിന്റെ മനോജ് സിങ്ങാണ് രണ്ടാമത്.
ഒഡീഷയിലെ പദംപുര്‍ മണ്ഡലത്തില്‍ ബിജെഡി ജയം ഉറപ്പിച്ചിട്ടുണ്ട്. ബിജെഡിയുടെ സിറ്റിങ് സീറ്റായ ഇവിടെ എംഎല്‍എ ആയിരുന്ന ബിജയ രഞ്ജന്‍ സിങ് മരിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക