വിമാനയാത്രക്കിടെ യുവതിക്ക് വ്യാജ പ്രസവവേദന; വിമാനം എമർജൻസി ലാൻഡിംഗ് നടത്തിയപ്പോൾ 28 യാത്രക്കാർ ഓടിരക്ഷപ്പെട്ടു
ഇന്നലെ (ഡിസംബർ 7ന്) 228 യാത്രക്കാരുമായി മൊറോക്കോയിലെ കാസബ്ലാങ്കയിൽ നിന്ന് ഇസ്താംബൂളിലേക്ക് പോവുകയായിരുന്ന വിമാനത്തിൽ വിചിത്രമായ സംഭവത്തിന് സാക്ഷ്യം വഹിച്ചു. തുർക്കിയുടെ പെഗാസസ് എയർലൈൻസിന്റെ PC652 ഫ്ലൈറ്റിലാണ് വിചിത്ര ഒരു സംഭവം നടന്നത്.
വിമാനം മൊറോക്കോയിലെ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് ഏകദേശം 1 മണിക്കൂർ 45 മിനിറ്റ് പിന്നിട്ടപ്പോൾ, ഒരു യാത്രക്കാരി തനിക്ക് പ്രസവ വേദന അനുഭവപ്പെടുന്നതായി അറിയിച്ചു. ഇതോടെ എമർജൻസി ലാൻഡിംഗിനായി സ്‌പെയിനിലെ ബാഴ്‌സലോണയിലേക്ക് വിമാനം വഴി തിരിച്ചുവിട്ടു.
വിമാനം സ്പാനിഷ് വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ, 28 യാത്രക്കാർ വിമാനത്തിൽ നിന്നും ടാർമാക്കിലേക്ക് ചാടി ഓടിപ്പോയി. ഇവരിൽ 14 പേരെ പിന്നീട് പൊലീസ് നടത്തിയ തിരച്ചിലിനൊടുവിൽ പിടികൂടി. 5 യാത്രക്കാരെ വിമാനത്തിലേക്ക് തിരിച്ച് കയറ്റി. മറ്റ് എട്ട് പേരെ കാസബ്ലാങ്കയിലേക്ക് തിരിച്ചയക്കും. രണ്ട് പേരെ പിന്നീട് അറസ്റ്റ് ചെയ്യുകയും ഒരാളെ വിമാനത്താവളത്തിനുള്ളിൽ തടഞ്ഞുവെക്കുയും ചെയ്തു. കൂടാതെ മറ്റൊരു യാത്രക്കാരനെ പുറത്ത് കണ്ടെത്തി. 12 പേരെ ഇത് വരെ കണ്ടെത്തിയിട്ടില്ലെന്നും സർക്കാർ അറിയിച്ചു.
അതേ സമയം വിമാനത്തിൽവെച്ച് പ്രവസവവേദന അനുഭവപ്പെട്ടതായി അറിയിച്ച യുവതിയെ ആശുപത്രിയിൽ പരിശോധനക്ക് വിധേയയാക്കിയപ്പോൾ, അവർ അഞ്ച് മാസം ഗർഭിണിയാണെന്ന് കണ്ടെത്തി. എന്നാൽ പ്രസവ വേദന ഉണ്ടായിട്ടില്ലെന്നും, തെറ്റായ വിവരം നൽകി യാത്ര തടസ്സപ്പെടുത്തിയതാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സ്ത്രീയെയും പിന്നീട് അറസ്റ്റ് ചെയ്തു.
സമാനമായ മറ്റൊരു സംഭവത്തിൽ 2021 നവംബറിൽ, ഇതേ റൂട്ടിലുണ്ടായിരുന്ന എയർ അറേബ്യ എയർബസ് എ 320 വിമാനത്തിൽ ഒരു യാത്രക്കാരന്റെ വ്യാജ അസുഖത്തെത്തുടർന്ന് സ്പെയിനിലെ പാൽമ ഡി മല്ലോർക്കയിലേക്ക് വിമാനം തിരിച്ചുവിട്ടിരുന്നു. രോഗിയായ യാത്രക്കാരനെ വിമാനത്തിൽ നിന്ന് ഇറക്കുന്നതിനിടെ 20 ഓളം യാത്രക്കാർ വിമാനത്തിൽ നിന്ന് ടാർമാക്കലേക്ക് ഇറങ്ങി ഓടുകയും വിമാനത്താവളത്തിന്റെ വേലിക്ക് മുകളിലൂടെ ചാടി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇവരിൽ പതിനൊന്ന് പേർ പിന്നീട് പിടിയിലായി. മറ്റ് ഒമ്പത് പേർ ഇപ്പോഴും ഒളിവിലാണ്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക