ദേശീയ ദിനാഘോഷങ്ങള്‍ക്കിടെ നിയമലംഘനം; പിടിച്ചെടുത്തത് 132 വാഹനങ്ങള്‍

കഴിഞ്ഞയാഴ്‍ച നടന്ന യുഎഇയിലെ 51-ാം ദേശീയ ദിനാഘോഷങ്ങള്‍‌ക്കിടെ നിയമ ലംഘനങ്ങള്‍ നടത്തിയ 132 വാഹനങ്ങള്‍ പിടിച്ചെടുത്തതായി ദുബൈ പൊലീസ് അറിയിച്ചു. പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുക, വാഹനങ്ങളുടെ നിറം മാറ്റുക, അനുമതിയില്ലാതെ വാഹനങ്ങള്‍ നിറയെ സ്റ്റിക്കറുകള്‍ പതിക്കുക, വാഹനങ്ങളില്‍ നിന്ന് മാലിന്യങ്ങള്‍ വലിച്ചെറിയുക, സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്ന തരത്തില്‍ അശ്രദ്ധമായി വാഹനം ഓടിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചെയ്തവര്‍ക്ക് ബ്ലാക്ക് പോയിന്റുകളും നല്‍കിയിട്ടുണ്ട്.

 

കഴിഞ്ഞയാഴ്‍ച രാജ്യത്ത് ദേശീയ ദിനാഘോഷങ്ങള്‍ നടന്ന മൂന്ന് ദിവസത്തിനിടെ നിയമലംഘനങ്ങള്‍ നടത്തിയ ആകെ 4697 ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തിയതായി ദുബൈ പൊലീസിലെ ട്രാഫിക് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ആക്ടിങ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജുമ സലീം ബിന്‍ സുവൈദാന്‍ പറഞ്ഞു. ബര്‍ദുബൈയില്‍ 72 വാഹനങ്ങളും ദേറയില്‍ 60 വാഹനങ്ങളും ഗതാഗത നിയമ ലംഘനങ്ങളുടെ പേരില്‍ പിടിച്ചെടുത്തതായും അദ്ദേഹം പറഞ്ഞു.

 

ബര്‍ദുബൈയിലാണ് കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയതെന്ന് പൊലീസ് അധികൃതര്‍ വിശദമാക്കുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ചില ഡ്രൈവര്‍മാരുടെ തെറ്റായ പ്രവൃത്തികള്‍ കണ്ടെത്താനും അവധിക്കാലത്ത് റോഡ് സുരക്ഷ ഉറപ്പുവരുത്താനും വേണ്ടി എമിറേറ്റിലെ പ്രധാന റോഡുകള്‍ക്ക് പുറമെ മറ്റ് റോഡുകളിലും പൊലീസിന്റെ ട്രാഫിക് വിഭാഗം പട്രോളിങ് ശക്തമാക്കിയിരുന്നു. അതേസമയം ഇത്തവണത്തെ ദേശീയ ദിനത്തില്‍ പൊലീസും ജനങ്ങളുമായുള്ള മെച്ചപ്പെട്ട സഹകണത്തിലൂടെ ഗതാഗത രംഗം കൂടുതല്‍ മെച്ചപ്പെട്ടുവെന്നും ട്രാഫിക് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ആക്ടിങ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജുമ സലീം ബിന്‍ സുവൈദാന്‍ പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!