20 വർഷമായി മലയാളിയായ സുലൈമാനെ അന്വേഷിക്കുകയാണ് മക്കയിലെ സൗദി പൗരനും കുടുംബവും

20 വർഷമായി ഒരു മലയാളിയെ അന്വേഷിക്കുകയാണ് സൗദി മക്കയിലെ മുഹമ്മദ് അബ്ദുല്ല അൽ സഹറാനി (70)യും കുടുംബവും. കിങ്ങോപ്പറമ്പിൽ മുഹമ്മദ് സുലൈമാനെന്നാണ് പേരെന്നറിയാം. പക്ഷേ, വിലാസമോ ഫോട്ടോയോ ഇല്ല. ഇത്രകാലം ഒരാളെ അന്വേഷിക്കണമെങ്കിൽ അത്രയും വേണ്ടപ്പെട്ടവരായിരിക്കണ്ടേ. 17 വർഷം സഹറാനിയുടെ കുടുംബത്തിലെ ജോലിക്കാരനായിരുന്നു സുലൈമാൻ. പരസ്പരസ്നേഹവും വിശ്വാസവും കൊണ്ട് സഹറാനി കുടുംബം തങ്ങളിൽ ഒരാളായി കണ്ടിരുന്നയാൾ.

 

20 വർഷം മുൻപ് നാട്ടിലേക്കു തിരിച്ചുപോയ സുലൈമാനെക്കുറിച്ച് പിന്നീട് ഒരു വിവരവും ഇവർക്കു ലഭിച്ചില്ല. പക്ഷേ, അന്വേഷണം അവസാനിപ്പിക്കാനാകട്ടെ ഇവരുടെ മനസ്സ് അനുവദിക്കുന്നുമില്ല. അത്രമാത്രം ആത്മബന്ധമാണ് സഹറാനി കുടുംബവും സുലൈമാനും തമ്മിലുണ്ടായിരുന്നത്. കാലിക്കറ്റ് സർവകലാശാലാ റിട്ട. ജോ. റജിസ്ട്രാറും സഞ്ചാരികളുടെ ആഗോള സംഘടനയായ കൗച് സർഫിങ് അംഗവുമായ എം.കെ. പ്രമോദുമായി സമൂഹമാധ്യമംവഴിയുള്ള ചാറ്റിങ്ങിനിടെയാണ് മുഹമ്മദ് അബ്ദുല്ല അൽ സഹറാനിയുടെ മകൻ അഹമ്മദ് അൽ സഹറാനി (25) ഇക്കാര്യം പറയുന്നത്.

 

സുലൈമാൻ എവിടെ ഉണ്ടെന്ന് അറിഞ്ഞാൽ താനും പിതാവും സഹോദരങ്ങളും അദ്ദേഹത്തെ വന്നുകാണുമെന്ന് സഹറാനി പറയുന്നു. ‘പിതാവിനും ഞാനടക്കമുള്ള 3 മക്കൾക്കും അത്രയും പ്രിയപ്പെട്ട സേവകനായിരുന്നു സുലൈമാൻ. ഒരിക്കലും മറക്കാനാകാത്ത മുഖം. അക്കാലത്ത് കുട്ടികളായിരുന്ന ഞങ്ങളെ പരിചരിച്ചും മറ്റും ആത്മാർഥ സേവനമാണ് സുലൈമാൻ നടത്തിയത്. സത്യത്തിൽ കുടുംബത്തിലെ ഒരംഗമായിരുന്നു. സത്യസന്ധനും സ്നേഹനിധിയും ആയിരുന്നു.

 

പിതാവിന്റെ ജോലിത്തിരക്കുകൾക്കിടയിൽ കുടുംബത്തിന്റെ കാര്യങ്ങൾ മുടക്കമില്ലാതെ നടത്തിയ മനുഷ്യനായിരുന്നു. സുലൈമാന്റെ സഹോദരൻ ഇബ്രാഹിം ആണെന്ന് അറിയാം. ഇബ്രാഹിമും ഇപ്പോൾ സൗദിയിലല്ല. സുലൈമാനെ ഒരിക്കൽക്കൂടി കണ്ട് സൗഹൃദം പുതുക്കണമെന്നുണ്ട് അതിന് സഹായിക്കണം’ ചാറ്റിൽ അദ്ദേഹം പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

സുലൈമാൻ ദാ..ഇവിടെയുണ്ട്..   ഇതുംകൂടി വായിക്കുക

20 വർഷമായി മക്കയിലെ സൗദി പൗരൻ അന്വേഷിക്കുന്ന മലയാളിയായ സുലൈമാൻ ദാ..ഇവിടെയുണ്ട്.

 

 

Share

One thought on “20 വർഷമായി മലയാളിയായ സുലൈമാനെ അന്വേഷിക്കുകയാണ് മക്കയിലെ സൗദി പൗരനും കുടുംബവും

Comments are closed.

error: Content is protected !!