വിഴിഞ്ഞം സമരം പിൻവലിച്ചു; തീരുമാനം മുഖ്യമന്ത്രിയുമായുള്ള ചർച്ചക്കൊടുവിൽ

വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം പിന്‍വലിച്ചു. ചൊവ്വാഴ്ച വൈകുന്നേരം മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനായത്. തത്കാലത്തേക്ക് സമരം നിര്‍ത്തുന്നുവെന്ന് സമരസമിതി അറിയിച്ചു. തുറമുഖ നിർമാണം നിർത്തില്ലെന്ന് സർക്കാർ സമരക്കാരെ അറിയിച്ചു.  138–ാം ദിവസമാണ് സമരം അവസാനിക്കുന്നത്.

ഉന്നയിച്ച എല്ലാ കാര്യങ്ങളിലും തീരുമാനമായില്ലെന്ന് സമരസമിതി ജനറല്‍ കണ്‍വീനർ മോണ്‍. യൂജിന്‍ എച്ച്.പെരേര അറിയിച്ചു.

സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി ഫാദര്‍ യൂജിന്‍ പെരേര അറിയിച്ചു. ‘തീരശോഷണവും പദ്ധതിയുണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ചും പൊതുജനം വേണ്ടത്ര ബോധവാന്മാരല്ല. പഠനം നടത്തുകയും ആഘാതങ്ങള്‍ ബോധ്യപ്പെടുകയും ചെയ്താല്‍ സമരം മുന്നോട്ട് കൊണ്ടുപോകും’, ഫാദര്‍ യൂജിന്‍ പെരേര പറഞ്ഞു.

തുറമുഖ സെക്രട്ടറിയും കമ്മിറ്റിയിൽ അംഗമാണ്. തുറമുഖ നിർമാണം തടസ്സപ്പെടുത്തില്ല. ആഘാതത്തെക്കുറിച്ച് പഠനം തുടരുമെന്നും സമരസമിതി അറിയിച്ചു.

സമരത്തിന്റെ 140-ാം ദിവസത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സമരക്കാരുമായി ചര്‍ച്ചനടത്തിയത്. അദാനി ഗ്രൂപ്പിന്റെ കേസ് ബുധനാഴ്ച ഹൈക്കോടതി പരിഗണിക്കാന്‍ ഇരിക്കെയാണ് സമരത്തില്‍ സമവായമുണ്ടാവുന്നത്. തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറായില്ല.

വീട് നഷ്ടമായവര്‍ക്കുള്ള വാടകയായ 5,500 രൂപ പൂര്‍ണ്ണമായും സര്‍ക്കാര്‍ നല്‍കും. 8,000 രൂപയായിരുന്നു സമരക്കാരുടെ ആവശ്യം. പഠനസമിതിയില്‍ പ്രാദേശിക പ്രതിനിധി വേണമെന്നതിലും തീരുമാനമായില്ല.

ഇന്നു വൈകിട്ട് ചീഫ് സെക്രട്ടറിയുമായും ചർച്ചകൾക്കായി നിയോഗിക്കപ്പെട്ട മന്ത്രിസഭാ ഉപസമിതിയുമായും സമരസമിതി ചർച്ച നടത്തിയിരുന്നു. ഇതിനുശേഷമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!