ലേബര്‍ ക്യാമ്പില്‍ ഇന്ത്യൻ പ്രവാസികളുടെ മദ്യനിര്‍മാണം; ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചുനിരത്തി അധികൃതര്‍

കുവൈത്തില്‍ ലേബര്‍ ക്യാമ്പില്‍ പ്രവര്‍ത്തിച്ചിരുന്ന മദ്യ നിര്‍മാണ കേന്ദ്രം അധികൃതരുടെ റെയ്ഡില്‍ കണ്ടെത്തി. ഇന്ത്യക്കാരായ ഒരുകൂട്ടം പ്രവാസികളുടെ നേതൃത്വത്തിലായിരുന്നു മുത്‍ലഅയിലെ ക്യാമ്പില്‍ പ്രാദേശികമായി മദ്യം നിര്‍മിച്ച് വിതരണം ചെയ്‍തിരുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ദിവസവും അഞ്ഞൂറ് ബോട്ടിലോളം മദ്യം ഇവിടെ നിര്‍മിച്ച് വില്‍പന നടത്തിയിരുന്നു.

 

റെയ്ഡ് നടത്തിയ സമയത്ത് ഇവിടെയുണ്ടായിരുന്നവരെ അറസ്റ്റ് ചെയ്‍തു. ഇവരെയും പിടികൂടിയ സാധനങ്ങളും ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി. നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ ഇവിടെ നിലയുറപ്പിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മേജര്‍ ജനറല്‍ അബ്‍ദുല്ല അല്‍ റജീബ് നിര്‍ദേശം നല്‍കിയിരുന്നു. മദ്യം നിറച്ച 2000 കാര്‍ട്ടണുകളും നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള മദ്യവും അസംസ‍്‍കൃത വസ്‍തുക്കളും സൂക്ഷിച്ചിരുന്ന ബാരലുകളും ഇവിടെയുണ്ടായിരുന്നു. ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇവ പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു.

 

മറ്റൊര  കേസിൽ 10 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റിലായി. പ്രഥമ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ ഖാലിദ് അല്‍ അഹ്മദ് അല്‍ സബാഹിന്റെ നിര്‍ദ്ദേശപ്രകാരം ലഹരിമരുന്നിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയം പരിശോധനകള്‍ ശക്തമാക്കിയത്. പിടിച്ചെടുത്ത സാധനങ്ങളുടെ ദൃശ്യങ്ങള്‍ അധികൃതര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

 

കുവൈത്തില്‍ തന്നെ വന്‍ മദ്യശേഖരവുമായി പ്രവാസി യുവാവ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള അഹ്‍മദി സെക്യൂരിറ്റി ഡയറക്ടറേറ്റാണ് ഇയാളെ പിടികൂടിയത്. 154 കുപ്പി മദ്യം ഇയാളുടെ കൈവശമുണ്ടായിരുന്നെന്ന് ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!