വാട്ടർ ടാങ്കിൽ നിന്ന് മഴവെള്ളം പമ്പ് ചെയ്ത് കളയുന്നതനിടെ ശ്വാസം മുട്ടി ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

സൗദി അറേബ്യയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ വാട്ടര്‍ ടാങ്കിനുള്ളില്‍ ശ്വാസം മുട്ടി മരിച്ചു. മഹായില്‍ അസീറില്‍ ബഹ്ര്‍ അബൂസകീനയിലെ ആലുഖതാരിശ് ഗ്രാമത്തിലായിരുന്നു ദാരുണമായ സംഭവം. 15 മീറ്റര്‍ നീളവും ആറ് മീറ്റര്‍ വീതിയുമുള്ള വലിയ ടാങ്ക് വൃത്തിയാക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.

 

പ്രദേശത്ത് കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്‍തിരുന്നു. നിര്‍മാണത്തിലിരുന്ന ടാങ്കിലും മഴയില്‍ വെള്ളം കയറി. ആറ് മീറ്റര്‍ ആഴമുണ്ടായിരുന്ന ടാങ്കില്‍ ഒരു മീറ്ററോളം വെള്ളം നിറഞ്ഞു. ഈ വെള്ളം പമ്പ് ചെയ്‍ത് കളയാനായി ഡീസലില്‍ പ്രവര്‍ത്തിക്കുന്ന മോട്ടോര്‍ ടാങ്കിനുള്ളിലേക്ക് ഇറക്കുകയായിരുന്നു. 15 വയസുകാരനായ അലി എന്ന ബാലനാണ് ആദ്യം ടാങ്കിലേക്ക് ഇറങ്ങിയത്. മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയതോടെ പുക നിറഞ്ഞ് ശ്വാസം മുട്ടി, അലിക്ക് ടാങ്കില്‍ നിന്ന് തിരിച്ച് കയറാന്‍ സാധിച്ചില്ല. ഇതോടെ അലിയുടെ പിതാവ് ഹസനും (55) ടാങ്കിലേക്ക് ഇറങ്ങി. എന്നാല്‍ അദ്ദേഹത്തിനും ശ്വാസതടസം അനുഭവപ്പെട്ടതോടെ തിരികെ കയറാനായില്ല.

 

ഇവരെ രക്ഷിക്കാനായാണ് ബന്ധുക്കളായ ഹമദ് (17), ഹാദി (19) എന്നിവര്‍ ടാങ്കിലേക്ക് ഇറങ്ങിയത്. ഇവരും ടാങ്കിനുള്ളില്‍ അകപ്പെട്ടതോടെ അലി ഹാദി എന്ന 70 വയസുകാരനും ടാങ്കിലേക്ക് ഇറങ്ങി. ആര്‍ക്കും പുറത്തിറങ്ങാന്‍ സാധിക്കാതെ വന്നതോടെ വീട്ടിലുണ്ടായിരുന്ന മറ്റുള്ളവര്‍ ബഹളംവെച്ച് അയല്‍വാസികളെ വിളിച്ചുകൂട്ടി. സിവില്‍ ഡിഫന്‍സ് സ്ഥലത്തെത്തിയാണ് ഇവരെ പുറത്തെടുത്തത്. അപ്പോഴേക്കും നാല് പേര്‍ മരണപ്പെട്ടിരുന്നു. രക്ഷപ്പെട്ട ഹാദിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹം അപകട നില തരണം ചെയ്‍തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!