ഫിസിയോതെറാപ്പി ട്രെയിനിങ്ങിന് എത്തിയ യുവതികള്‍ക്ക് നേരെ ലൈംഗികാതിക്രമം; 60 കാരനായ പ്രവാസി ഡോക്ടര്‍ക്ക് ജയില്‍ശിക്ഷ
ബഹ്‌റൈനില്‍ ക്ലിനിക്കിലെത്തിയ സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഡോക്ടര്‍ക്ക് മൂന്നു വര്‍ഷം തടവുശിക്ഷ വിധിച്ചു. 60കാരനായ അര്‍ജന്റീന സ്വദേശിക്കാണ് ബഹ്‌റൈന്‍ കോടതി ശിക്ഷ വിധിച്ചത്. പ്രവാസി ഡോക്ടറുടെ അഭാവത്തിലാണ് വിധി പ്രസ്താവിച്ചത്.
ജൂലൈയില്‍ തെളിവുകളുടെ അഭാവത്തില്‍ ഹൈ ക്രിമിനല്‍ കോടതി ഇയാളെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ പ്രോസിക്യൂട്ടര്‍മാര്‍ ഇതിനെതിരെ സുപ്രീം ക്രിമിനല്‍ അപ്പീല്‍ കോടതിയെ സമീപിച്ചു. തുടര്‍ന്ന് കേസ് പരിഗണിച്ച കോടതി കീഴ്‌ക്കോടതി വിധി റദ്ദാക്കുകയും ഡോക്ടര്‍ക്ക് ശിക്ഷ വിധിക്കുകയുമായിരുന്നു.
കീഴ്‌ക്കോടതി വിധിയില്‍ കുറ്റവിമുക്തനാക്കപ്പെട്ട ശേഷം പ്രവാസി ഡോക്ടര്‍ കാന്‍സര്‍ ചികിത്സയ്ക്കായി സ്വദേശത്തേക്ക് മടങ്ങിയിരുന്നു. തുടര്‍ന്ന് ഇയാള്‍ ഇപ്പോഴും ചികിത്സയിലാണെന്ന് തെളിയിക്കുന്ന രേഖകള്‍ പ്രതിയുടെ അഭിഭാഷകന്‍ ഹാജരാക്കി. കീഴ്‌ക്കോടതി വിധിക്കെതിരെ അപ്പീല്‍ കോടതിയെ സമീപിച്ച പ്രോസിക്യൂട്ടര്‍മാര്‍ ലൈംഗികാതിക്രമം നടന്നെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഹാജരാക്കി.
കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ക്ലിനിക്കില്‍ ഫിസിയോതെറാപ്പിയില്‍ ട്രെയിനിങിനെത്തിയ മൂന്ന് സ്വദേശി യുവതികളെ ഡോക്ടര്‍ മോശമായ രീതിയില്‍ സ്പര്‍ശിക്കുകയും ഇവര്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ചെയ്തു എന്നതാണ് കേസ്. 23കാരിയായ പരാതിക്കാരി 20 സെഷനുകളില്‍ പങ്കെടുത്ത ശേഷമാണ് താന്‍ നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ച് പരാതി നല്‍കിയത്.
എന്നാല്‍ വിദ്യാര്‍ത്ഥികളെ നാഡീവ്യൂഹത്തെ കുറിച്ച് പഠിപ്പിക്കുകയാണ് ചെയ്തതെന്നും ഇത് ട്രെയിനിങ് കോഴ്‌സിന്റെ ഭാഗമാണെന്നുമാണ് പ്രതി വിചാരണ വേളയില്‍ പറഞ്ഞത്. ലൈംഗികാതിക്രമ കുറ്റം ഇയാള്‍ നിഷേധിച്ചു. സ്വദേശത്ത് നിന്ന് മടങ്ങിയെത്തിയാല്‍ ഉടന്‍ ഡോക്ടറെ അറസ്റ്റ് ചെയ്യും. വിധിക്കെതിരെ ഇയാള്‍ പരമോന്നത കോടതിയെ സമീപിക്കാം. എന്നാല്‍ വിധി കോടതി ശരിവെക്കുകയാണെങ്കില്‍ ശിക്ഷാ കാലാവധിക്ക് ശേഷം ഇയാളെ നാടുകടത്തും.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക