‘ശിക്ഷ തൂക്കുകയർ വരെയെന്ന് അറിയാമോ?’; ജീവിക്കാന്‍ അനുവദിക്കണമെന്ന് പ്രതികള്‍; വിധി നാളെ

ആയുർവേദ ചികിത്സയ്ക്കായി കോവളത്ത് എത്തിയ വിദേശ വനിതയെ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ വാദം പൂർത്തിയായി. ശിക്ഷ നാളെ വിധിക്കും. തിരുവനന്തപുരം ഒന്നാം അഡി.സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. വെള്ളാർ പനത്തുറ സ്വദേശികളായ ഉമേഷ് (28), ബന്ധുവും സുഹൃത്തുമായ ഉദയകുമാർ (24) എന്നിവരാണ് പ്രതികൾ. ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊലക്കുറ്റം, കൂട്ടബലാൽസംഗം, തെളിവു നശിപ്പിക്കൽ, ലഹരിമരുന്നു നൽകി ഉപദ്രവം, സംഘം ചേർന്നുള്ള ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്.

 

അപൂർവങ്ങളിൽ അപൂർവമായ കേസായതിനാൽ പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു. സംഭവത്തിലൂടെ രാജ്യത്തിനു തന്നെ മോശം പ്രതിച്ഛായയുണ്ടായി. കേരളത്തിലെത്തിയ വിനോദസഞ്ചാരി ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെടുന്നത് ആദ്യമായാണ്. വിനോദസഞ്ചാരികൾക്കുമേൽ ഇത്തരം സംഭവങ്ങളുണ്ടാകുന്നത് തടയാൻ കഴിയുന്ന വിധിയുണ്ടാകണം. വിദേശവനിതയുടെ കുടുംബത്തിനു വലിയ നഷ്ടപരിഹാരം നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രതികൾക്കെതിരെ ശാസ്ത്രീയ തെളിവുകളില്ലെന്നും സാഹചര്യതെളിവുകൾ മാത്രമാണുള്ളതെന്നും ഇരുവരും കുറ്റക്കാരല്ലെന്നും പ്രതിഭാഗം വാദിച്ചു. പ്രായവും ജീവിത പശ്ചാത്തലവും പരിഗണിച്ച് വധശിക്ഷ നൽകരുതെന്നും പ്രതിഭാഗം പറഞ്ഞു.

 

പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത് വധശിക്ഷവരെ ലഭിക്കാവുന്ന വകുപ്പുകളാണെന്നും ഇതേക്കുറിച്ച് എന്താണ് ഇരുവരുടെയും അഭിപ്രായമെന്നും കോടതി ചോദിച്ചു. ജീവിക്കാന്‍ അനുവദിക്കണമെന്നും രണ്ടു സെന്റു വസ്തുവിലെ വീട്ടിലാണ് താമസിക്കുന്നതെന്നും പ്രായമായ മാതാപിതാക്കൾക്ക് താൻ മാത്രമാണ് ആശ്രയമെന്നും കുറ്റം ചെയ്തിട്ടില്ലെന്നും ഒന്നാം പ്രതി ഉമേഷ് പറഞ്ഞു. പൊലീസാണ് പ്രതിയാക്കിയതെന്നും കുറ്റം ചെയ്തിട്ടില്ലെന്നും ഉദയകുമാറും പറഞ്ഞു.

രണ്ടു സെന്റ് വസ്തുവിൽ താമസിക്കുന്നവരിൽനിന്ന് എങ്ങനെ വലിയ നഷ്ടപരിഹാരം ഈടാക്കുമെന്ന് കോടതി ചോദിച്ചു. സർക്കാരിൽനിന്ന് സഹായം ലഭ്യമാക്കാൻ കഴിയുമോയെന്ന് പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ മറുപടി നൽകി. 376 (എ) (ബലാൽസംഗം ചെയ്തു കൊലപ്പെടുത്തൽ), 376 (ഡി) (കൂട്ടബലാൽസംഗം) എന്നീ രണ്ടു വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്നും ഇതിനു വെവ്വേറെ ശിക്ഷയാണോ ആവശ്യമെന്നും കോടതി ആരാഞ്ഞു. വെവ്വേറെ ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

 

ആയുർവേദ ചികിൽസയ്ക്കായി കേരളത്തിലെത്തിയ ലാത്വിയൻ സ്വദേശിയായ യുവതിയെ 2018 മാർച്ച് 14നാണ് കാണാതായത്. കടുത്ത വിഷാദരോഗത്തെ തുടർന്നാണ് യുവതിയെ സഹോദരി ചികിത്സയ്ക്കായി കേരളത്തിലെത്തിച്ചത്. മാർച്ച് 14നു രാവിലെ ഒൻപതിനു പതിവു നടത്തത്തിനിറങ്ങിയ യുവതിയെ കാണാതാകുകയായിരുന്നു. ചൂണ്ടയിടാൻപോയ യുവാക്കളാണ് ഒരുമാസത്തിനുശേഷം അഴുകിയ നിലയിൽ മൃതദേഹം കാണുന്നത്. ഡിഎൻഎ പരിശോധനയിലൂടെയാണ് മരിച്ചത് വിദേശവനിതയാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. സമീപത്ത് ചീട്ടുകളിച്ചിരുന്ന ആളുകളാണ് പ്രതികളെക്കുറിച്ചുള്ള സൂചന പൊലീസിനു നൽകിയത്. കോവളം ബീച്ചിൽ നിന്നു വാഴമുട്ടത്തെ കണ്ടൽക്കാടിന് അടുത്തുള്ള ക്ഷേത്ര ഓഡിറ്റോറിയം വരെ നടന്നെത്തിയ വനിതയെ ടൂറിസ്റ്റ് ഗൈഡ് എന്ന വ്യാജേന ഉമേഷ് കെണിയിൽ വീഴ്ത്തിയെന്നാണ് പൊലീസ് പറയുന്നത്.

 

സംഭവം ഇങ്ങനെ: 

ആയുർവേദ ചികിൽസയ്ക്കായി കേരളത്തിലെത്തിയ ലാത്വിയൻ സ്വദേശിയായ യുവതിയെ 2018 മാർച്ച് 14നാണ് കാണാതായത്. കടുത്ത വിഷാദരോഗത്തെ തുടർന്നാണ് യുവതിയെ സഹോദരിയും ഭർത്താവും ചികിത്സയ്ക്കായി കേരളത്തിലെത്തിച്ചത്. ലാത്വിയയിലാണു കുടുംബ വീടെങ്കിലും അയർലൻഡിലായിരുന്നു താമസം. ഹോട്ടൽ മാനേജ്മെന്റ് രംഗത്തായിരുന്നു യുവതിയും സഹോദരിയും പ്രർത്തിച്ചിരുന്നത്. ഇന്റർനെറ്റിലൂടെയാണു പോത്തൻകോട്ടെ ആയുർവേദ സെന്ററിനെക്കുറിച്ചറിഞ്ഞു റജിസ്റ്റർ ചെയ്തത്. മാർച്ച് 14നു രാവിലെ ഒൻപതിനു പതിവു നടത്തത്തിനിറങ്ങിയ യുവതിയെ കാണാതായതായി അന്നുതന്നെ സഹോദരിയും ആശുപത്രി ജീവനക്കാരും കോവളം, പോത്തൻകോട് പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിരുന്നു.

കാര്യമായ അന്വേഷണം ഉണ്ടായില്ല. ഓട്ടോറിക്ഷയിൽ കോവളം ബീച്ചിൽ എത്തിയ യുവതി 800 രൂപ ഓട്ടോറിക്ഷക്കാരനു നൽകിയെന്നും തുടർന്നു നടന്നുപോയെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. കോവളത്തെ ചില സ്ഥാപനങ്ങളിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചെങ്കിലും കാര്യമുണ്ടായില്ല. വിഷാദരോഗിയായ യുവതി കടലിൽ അപകടത്തിൽപ്പെട്ടിരിക്കാമെന്ന സാധ്യതയിൽ കടൽത്തീരങ്ങൾ മാത്രം കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ ആദ്യഘട്ട അന്വേഷണം.

 

ചൂണ്ടയിടാൻപോയ യുവാക്കളാണ് ഒരുമാസത്തിനുശേഷം അഴുകിയ നിലയിൽ മൃതദേഹം കാണുന്നത്. ഡിഎൻഎ പരിശോധനയിലൂടെ മരിച്ചത് വിദേശവനിതയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സമീപത്ത് ചീട്ടുകളിച്ചിരുന്ന ആളുകളാണ് പ്രതികളെക്കുറിച്ചുള്ള സൂചന പൊലീസിനു നൽകിയത്. പ്രതികളുടെ വീടിനടുത്തുള്ളവരും നിർണായക വിവരങ്ങൾ നൽകി. കോവളം ബീച്ചിൽ നിന്നു വാഴമുട്ടത്തെ കണ്ടൽക്കാടിന് അടുത്തുള്ള ക്ഷേത്ര ഓഡിറ്റോറിയം വരെ നടന്നെത്തിയ വനിതയെ ടൂറിസ്റ്റ് ഗൈഡ് എന്ന വ്യാജേന ഉമേഷ് കെണിയിൽ വീഴ്ത്തിയെന്നാണ് പൊലീസ് പറയുന്നത്.

 

സുഹൃത്തായ ഉദയനുമൊത്തു യുവതിക്കു ലഹരി മരുന്നു നൽകി കാടിനുള്ളിൽ കൊണ്ടുപോയി ബലാൽസംഗം ചെയ്തു. വൈകിട്ടോടെ ബോധം വീണ്ടെടുത്ത യുവതി കണ്ടൽക്കാട്ടിൽ നിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയെന്നാണു പൊലീസ് ഭാഷ്യം. ആത്മഹത്യയെന്നു വരുത്തിത്തീർക്കാൻ മൃതദേഹം സമീപത്തുള്ള മരത്തിൽ കാട്ടുവള്ളി ഉപയോഗിച്ചു കെട്ടിത്തൂക്കി.

 

പിന്നീടുള്ള പല ദിവസങ്ങളിലും പ്രതികൾ സ്ഥലത്തെത്തി മൃതദേഹം നിരീക്ഷിച്ചു. ദിവസങ്ങൾ കഴിഞ്ഞു വള്ളി അഴുകിയതിനെത്തുടർന്നു ശരീരം പൊട്ടിവീണു. ശിരസ്സ് അറ്റുപോയി. ഉമേഷ് ലഹരിമരുന്ന്, അടിപിടി ഉൾപ്പെടെ 13 കേസുകളിലും ഉദയൻ ആറു കേസുകളിലും പ്രതിയാണ്. ഉമേഷ് സ്ത്രീകളെയും ആൺകുട്ടികളെയും ഉൾപ്പെടെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി പരാതികളുണ്ട്. ഇയാളുടെ അതിക്രമത്തിനിരയായ ചിലർ നൽകിയ സൂചനകളാണ് ഉമേഷിലേക്കു പൊലീസിനെ എത്തിച്ചത്. ഇരുവരും ലഹരിമരുന്നിന് അടിമകളാണ്. വാഴമുട്ടത്തെ കണ്ടൽക്കാടായിരുന്നു ഇവരുടെ വിഹാരകേന്ദ്രം.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!