മരുന്ന് വാങ്ങാന്‍ പോയ ഫാര്‍മസിയില്‍ നിന്ന് ഫോണ്‍ മോഷ്ടിച്ചു; പ്രവാസി വനിത സി.സി.ടി.വിയിൽ കുടുങ്ങി
യുഎഇയില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച പ്രവാസി വനിതയ്ക്ക് കോടതി ശിക്ഷ വിധിച്ചു. ഒരു മാസം ജയില്‍ ശിക്ഷയും അത് പൂര്‍ത്തിയായ ശേഷം നാടുകടത്താനുമാണ് ദുബൈ കോടതിയുടെ വിധി. 36 വയസുകാരിയായ ഏഷ്യക്കാരിയാണ് കേസില്‍ ശിക്ഷിക്കപ്പെട്ടത്.
ഫാര്‍മസിയിലെത്തിയ ഒരു വനിതാ ഉപഭോക്താവിന്റെ ഫോണാണ് നഷ്ടപ്പെട്ടത്. മരുന്ന് വാങ്ങാനെത്തിയ ഇവര്‍ ഫോണ്‍ മറന്നുവെച്ച് പോവുകയായിരുന്നു. പിന്നീട് ഫോണ്‍ നഷ്ടമായെന്ന് മനസിലായപ്പോള്‍ തിരികെ വന്ന് അന്വേഷിച്ചെങ്കിലും അവിടെ ഉണ്ടായിരുന്നില്ല. ഫാര്‍മസിയിലെ ജീവനക്കാരോട് ചോദിച്ചെങ്കിലും അവര്‍ ആരും കണ്ടില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെയാണ് സ്ഥാപനത്തിലെ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ഇവര്‍ ആവശ്യപ്പെട്ടത്.
ഫോണ്‍ മറന്നുവെച്ച ശേഷം ഇവിടേക്ക് വന്ന മറ്റൊരു യുവതി ഫോണ്‍ എടുക്കുന്നതും പെട്ടെന്ന് പുറത്തേക്ക് പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഇതോടെ പൊലീസില്‍ പരാതി നല്‍കി. ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് യുവതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്‍തു. ചോദ്യം ചെയ്‍തപ്പോള്‍ ഇവര്‍ കുറ്റം സമ്മതിച്ചു. പിന്നീട് പ്രോസിക്യൂഷന് മുന്നിലും വിചാരണയ്ക്കിടെയും ഇവര്‍ കുറ്റസമ്മത മൊഴി ആവര്‍ത്തിച്ചു.
ചില മരുന്നുകള്‍ വാങ്ങാനാണ് ഫാര്‍മസിയിലെത്തിയതെന്നും എന്നാല്‍ അവിടെ ആരോ മറന്നുവെച്ച ഫോണ്‍ കണ്ടപ്പോള്‍ അത് എടുക്കുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. സിം മാറ്റിയ ശേഷം ഫോണ്‍ ഉപയോഗിക്കുകയും ചെയ്‍തു. വിചാരണ പൂര്‍ത്തിയാക്കിയ ക്രിമിനല്‍ കോടതി ഇവര്‍ക്ക് ഒരു മാസത്തെ ജയില്‍ ശിക്ഷ വിധിച്ചു. ശിക്ഷ പൂര്‍ത്തിയായ ശേഷം ഇവരെ നാടുകടത്തും.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക