റൺവേയിൽ വിമാനത്തിൻ്റെ ടയറിൻ്റെ കഷ്ണങ്ങൾ; ആശങ്കയുടെ മുൾമുനയിൽ സ്പൈസ്ജെറ്റ് യാത്രക്കാർ
ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന സ്‌പൈസ് ജെറ്റ് വിമാനം നെടുമ്പാശേരിയില്‍ അടിന്തരമായി നിലത്തിറക്കേണ്ടി വന്ന സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് യാത്രക്കാരും വിമാനത്താവള അധികൃതരും ഇനിയും മുക്തമായിട്ടില്ല.
ഹൈഡ്രോളിക് സംവിധാനത്തിലാണ് തകരാർ കണ്ടെത്തിയത്. വിമാനങ്ങളുടെ ചക്രങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ടാണ് ചെറു വിമാനങ്ങളിൽ പ്രധാനമായും ഹൈഡ്രേളിക് സംവിധാനങ്ങളുടെ പ്രവർത്തനം. ഹൈഡ്രോളിക് സംവിധാനത്തിലെ തകരാർ മൂലം ലാൻഡിംങിന് ശ്രമിക്കുമ്പോൾ പൈലറ്റിന് ചക്രങ്ങളുടെയും ലാൻഡിംഗ് ഗിയറിൻ്റെയും നിയന്ത്രണം നഷ്ടമായേക്കാം.
ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് വിമാനം പറന്നുയർന്ന ശേഷം, വിമാനത്തിൻ്റെ തകർന്ന ടയറിൻ്റെ കഷ്ണങ്ങൾ റൺവേയിൽ കണ്ടതായി എയർ ട്രാഫിക് കണ്ട്രോൾ വിഭാഗം പൈലറ്റിനെ അറിയിക്കുകയായിരുന്നുവെന്ന് സ്പൈസ് ജെറ്റ് അറിയിച്ചു. തുടർന്ന് പൈലറ്റുമാർ നടത്തിയ പരിശോധനയിൽ ലാൻഡിംഗ് ഗിയറിൻ്റെ പ്രവർത്തനത്തിൽ തടസ്സങ്ങളുള്ളതായി കണ്ടെത്തി.
എന്തും സംഭവിക്കുമായിരുന്ന സാഹചര്യമാണ് ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനത്തിനുണ്ടായിരുന്നത്. ഒന്നിലധികം തവണ വിമാനം കോഴിക്കോട് ഇറക്കാൻ ശ്രമിച്ചു. എന്നാൽ അത് പരാജയപ്പെട്ടതിനെ തുടർന്നാണ് കൊച്ചിയിലേക്ക് തിരിച്ച് വിട്ടത്.
ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ രണ്ടു വിമാനത്താവളങ്ങളിലും ജാഗ്രതാ നിർദേശം നൽകിയിരുന്നു. ഇതിനിടെ രണ്ടു പ്രാവശ്യം കോഴിക്കോടേക്കും കൊച്ചിയിലേക്കും പറക്കുന്ന സാഹചര്യമുണ്ടായി. കോഴിക്കോട് ലാൻഡ് ചെയ്യാനാവില്ലെന്നു വ്യക്തമായതോടെ കൊച്ചിയിലേക്കു പറത്തിയ വിമാനം ഇവിടെ മൂന്നു തവണ ലാൻഡു ചെയ്യാൻ ശ്രമം നടത്തിയ ശേഷം നാലാമതു നടത്തിയ പരിശ്രമമാണ് വിജയം കണ്ടത്.
കോഴിക്കോടു വിമാനം ലാൻഡ് ചെയ്യാൻ സാധിക്കാതെ വന്നതോടെ വിവരം യാത്രക്കാരുമായി പങ്കുവച്ചിരുന്നു. മുക്കാൽ മണിക്കൂറിലേറെ നീണ്ട അനിശ്ചിതാവസ്ഥയ്ക്കു വിരാമമാകുമ്പോഴേക്കും യാത്രക്കാരിൽ ഏറെയും ജീവഭയത്തിലായിക്കഴിഞ്ഞിരുന്നു.
വൈകുന്നേരം ആറ് മണിയോടെ കൊച്ചി വിമാനത്താവളത്തിൽ സ്പൈസ് ജെറ്റിന് അടിയന്തിര ലാൻഡിംങ് അനുവദിക്കണമെന്ന സന്ദേശം ലഭിച്ചു. ആറരയോടെ തന്നെ വിമാനത്താവളത്തിൽ സമ്പൂർണ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ഫയർ സർവീസുകകളും ആംബുലൻസുകളുമുൾപ്പെടെ സർവ്വസജ്ജമായി കാത്തിരുന്നു. നഗരത്തിലെ ആശുപത്രികൾക്കും ജാഗ്രത നിർദേശം നൽകി.
ഇതോടെ എല്ലാ ആശുപത്രികളും പൂർണ സജ്ജമായി കാത്തിരുന്നു. പ്രാർഥനകളോടെ വിമാനത്തിനകത്ത് ജിദ്ദയിൽ നിന്ന് നാട്ടിലേക്ക് പുറപ്പെട്ട 197 യാത്രക്കാരും. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ കോഴിക്കോട് വിമാനത്താവളത്തിന് പുറത്ത് ആശങ്കയോടെ സ്പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരെ സ്വീകരിക്കാനെത്തിയ ബന്ധുക്കളും.
അടിയന്തര സാഹചര്യം നേരിടാന്‍ നെടുമ്പാശ്ശേരി വിമാനത്താവളം പൂര്‍ണസജ്ജമായതായി സിയാല്‍ എം.ഡി. എസ്. സുഹാസ് പ്രഖ്യാപിച്ചു. ഇതേ തുടർന്ന് 7.19ന് വിമാനം കൊച്ചിയിൽ സുരക്ഷിതമായി ഇറക്കി. തുടർന്ന് യാത്രക്കാരെ ടെര്‍മിനലിലേക്ക് മാറ്റി. യാത്രക്കാർ മറ്റൊരു വിമാനത്തിൽ കോഴിക്കോട്ടേക്ക് യാത്ര തിരിച്ചു.
അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനാൽ ഈ സമയത്തിനിടക്ക് എട്ട് വിമാനസർവീസുകൾ മറ്റു വിമാനത്താവളങ്ങളിലേക്ക് വഴി തിരിച്ച് വിട്ടു. ഈ കൂട്ടത്തിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സഞ്ചരിച്ചിരുന്ന വിമാനവും ഉണ്ടായിരുന്നു. കോയമ്പത്തൂരിലേക്കാണ് അദ്ദേഹത്തിന്റെ വിമാനം തിരിച്ച് വിട്ടത്.
188 മുതിര്‍ന്നവരും മൂന്നു കുട്ടികളുമാണ് യാത്രക്കാരായി വിമാനത്തിലുണ്ടായിരുന്നത്. രണ്ടു പൈലറ്റുമാര്‍ക്കു പുറമേ നാല് ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നു. വിമാനം സുരക്ഷിതമായി നിലത്തിറക്കിയതോടെ കൊച്ചി വിമാനത്താവളത്തിലെ അടിയന്തരാവസ്ഥ പിന്‍വലിച്ചിട്ടുണ്ട്. സർവീസുകൾ സാധാരണ നിലയിലായതായും സിയാൽ അറിയിച്ചു.
സ്പൈസ് ജെറ്റ് വിമാനത്തിന് കൂടെ കൂടെയുണ്ടാകുന്ന സാങ്കേതിക തകരാർ മൂലം വ്യോമയാന മന്ത്രാലയം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വിമാനസർവീസുകളുടെ എണ്ണം പകുതിയായി കുറച്ചാണ് ഇപ്പോൾ സ്പൈസ് ജെറ്റ് സർവീസ് നടത്തുന്നത്.
ജിദ്ദയിൽ നിന്നും മിക്കവാറും ദിവസങ്ങളിൽ കൃത്യമായി വിമാനം പുറപ്പെടാറില്ല എന്ന് യാത്രക്കാർ പറയുന്നു. കോഴിക്കോട് സെക്ടറിലേക്ക് നേരിട്ടുള്ള മറ്റ് വിമാനങ്ങളില്ലാത്തതാണ് സ്പൈസ്ജെറ്റിനെ ആശ്രയിക്കാൻ പ്രവാസികളേയും തീർഥാടകരേയും നിർബന്ധിതരാക്കുന്നത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇതുംകൂടി വായിക്കുക..