അഞ്ച് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഉംറ വിസ ലഭിക്കുവാൻ വിരലടയാള രജിസ്‌ട്രേഷൻ നിർബന്ധമാക്കി
റിയാദ്: അഞ്ച് രാജ്യങ്ങളിൽ നിന്നുള്ളവർ ഉംറക്ക് വരുമ്പോൾ വിരലടയാളം നിർബന്ധമാണെന്ന് സൌദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ബ്രിട്ടൻ, ടുണീഷ്യ, കുവൈറ്റ്, ബംഗ്ലാദേശ്, മലേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇലക്ട്രോണിക് രീതിയിൽ “ഉംറ” വിസ നേടുന്നതിനാണ് ബയോമെട്രിക് സവിശേഷതകൾ (വിരലടയാളം) നിർബന്ധമാകുക.
ഈ രാജ്യങ്ങളിൽ നിന്നും കര, ജല, വ്യോമ മാർഗം ഉംറക്കെത്തുന്നവരുടെ പ്രവേശന നടപടികൾ എളുപ്പമാക്കുക, തീർത്ഥാടകരുടെ ഡിജിറ്റൽ അനുഭവം സമ്പന്നമാക്കുക എന്നിവയാണ് രജിസ്ട്രേഷന്റെ ലക്ഷ്യമെന്ന് മന്ത്രാലയം വ്യക്തമാക്കി.
സൗദി വിസ ബയോ എന്ന മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്‌ത്, സ്മാർട്ട് ഫോണുകൾ വഴി ഫിംഗർ പ്രിൻ്റ് രജിസ്റ്റർ ചെയ്യാം. ആപ്ലിക്കേഷൻ തുറന്ന ശേഷം ഉംറ വിസ തെരഞ്ഞെടുത്ത് പാസ്പോർട്ട് എന്ന ബട്ടണിൽ അമർത്തണം. തുടർന്ന് മൊബൈലിൻ്റെ മുൻ ക്യാമറയിൽ നിന്നും തീർഥാകരുടെ ഫോട്ടോ എടുത്ത് പാസ്പോർട്ടിലെ ഫോട്ടോയുമായി താരതമ്മ്യം ചെയ്യണം. തുടർന്ന് ഇരു കൈകളുടേയും പത്ത് വിരലുകളും മൊബൈൽ ക്യാമറയിലൂടെ സ്കാൻ ചെയ്ത് വിരലടയാളം രജിസ്റ്റർ ചെയ്യാമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
ഇലക്ട്രോണിക് ഉംറ വിസ നേടുന്നവർ ഈ രീതിയിൽ വിരലടയാളം രജിസ്റ്റർ ചെയ്താൽ സൌദിയിലെത്തിയാൽ വിമാനത്താവളങ്ങളിലേയും രാജ്യത്തേക്ക് പ്രവേശിക്കുന്ന അതിർത്തികളിലേയും പ്രവേശന നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനും സഹായകരമാകും.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക