ഫാ. തിയോഡേഷ്യസിൻ്റെ മാപ്പ് അംഗീകരിക്കില്ല, ആരുടെയും സര്‍ട്ടിഫിക്കറ്റ് വേണ്ട- മന്ത്രി അബ്ദുറഹ്‌മാന്‍

കലാപത്തിനും ചേരിതിരിവിനും ശ്രമിച്ചു; ഫാദര്‍ തിയോഡേഷ്യസിനെതിരായ FIR-ല്‍ ഗുരുതര പരാമര്‍ശങ്ങള്‍

 

വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരസമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസിന്റെ മാപ്പ് അംഗീകരിക്കില്ലെന്ന് ഫിഷറീസ് മന്ത്രി വി. അബ്ദുറഹ്‌മാന്‍. തിരുവനന്തപുരത്ത് മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിന് തടസ്സം നില്‍ക്കാന്‍ പാടില്ലെന്നാണ് താന്‍ പറഞ്ഞതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യാരാജ്യത്തിന്റെ വികസനപ്രവര്‍ത്തനങ്ങളും സംസ്ഥാനത്തിന്റെ വികസനപ്രവര്‍ത്തനങ്ങളും തടസ്സപ്പെടുത്തുന്നത് ശരിയല്ലായെന്നും അത് തടസ്സപ്പെടുത്തുന്നത് രാജ്യദ്രോഹമായി കാണണം എന്നേ താന്‍ പറഞ്ഞിട്ടുള്ളൂ. അത് ഇപ്പോഴും പറയുന്നു. ഇനിയും പറയും. ആരുടെയും സര്‍ട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ല. നാവിന് എല്ലില്ലാതെ വിളിച്ചുപറഞ്ഞ് അതിന് വൈകിട്ട് മാപ്പ് എഴുതിയാല്‍ കേരളത്തിലെ പൊതുസമൂഹം അംഗീകരിക്കുമെങ്കില്‍ അംഗീകരിക്കട്ടെ. താന്‍ അതൊന്നും സ്വീകരിച്ചിട്ടില്ല, മന്ത്രി പറഞ്ഞു.

ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസ് മന്ത്രി അബ്ദുറഹ്‌മാനെതിരേ നടത്തിയ പരാമര്‍ശം വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. തുടര്‍ന്ന്, സംഭവിച്ചത് നാക്കുപിഴയാണെന്നും ഖേദം പ്രകടിപ്പിക്കുന്നെന്നും ഫാദര്‍ തിയോഡേഷ്യസ് പറഞ്ഞിരുന്നു.

അതേ സമയം ഫിഷറീസ് മന്ത്രി വി. അബ്ദുറഹ്‌മാനെതിരായ വിവാദപരാമര്‍ശ കേസില്‍ ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസിനെതിരേ എഫ്.ഐ.ആറില്‍ ഗുരുതര പരാമര്‍ശങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. മുസ്‌ലിം- ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ ധ്രുവീകരണത്തിനും കലാപത്തിനും ചേരിതിരിവിനും ശ്രമിച്ചെന്നാണ്‌ എഫ്.ഐ.ആറിലുള്ളത്‌. ബുധനാഴ്ച രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഗുരുതര പരാമര്‍ശങ്ങളുള്ളത്.

മന്ത്രിക്കെതിരായ വിവാദപ്രസ്താവന ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസ് പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചിരുന്നു. ന്യൂനപക്ഷങ്ങള്‍ കൈകോര്‍ത്ത് പ്രവര്‍ത്തിക്കേണ്ട അവസരത്തില്‍ തന്റെ പ്രസ്താവന സമുദായങ്ങള്‍ക്കിടയില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ ഇടയായതില്‍ ഖേദിക്കുന്നുവെന്നായിരുന്നു അദ്ദേഹം അറിയിച്ചിരുന്നത്. ഫാദര്‍ തിയോഡേഷ്യസിന്റെ പ്രസ്താവനയ്‌ക്കെതിരെ കെ.ടി. ജലീല്‍ എം.എല്‍.എ. അടക്കം നിരവധിപ്പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
മന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ വിഴിഞ്ഞം തുറമുഖവിരുദ്ധ സമരസമിതി കണ്‍വീനര്‍ കൂടിയായ ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസിനെതിരെ ബുധനാഴ്ച വൈകീട്ട് പോലീസ് കേസെടുത്തിരുന്നു. മതവിദ്വേഷം വളര്‍ത്താനുള്ള ശ്രമം, സാമുദായിക സംഘര്‍ഷത്തിനുള്ള ശ്രമം എന്നീ വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസ്.
അതേസമയം, ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് തോമസ് ജെ. നെറ്റോയ്‌ക്കെതിരെ രണ്ടു കേസുകള്‍ കൂടി വിഴിഞ്ഞം പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വിഴിഞ്ഞം തുറമുഖനിര്‍മ്മാണം തടസ്സപ്പെടുത്തതുമായി ബന്ധപ്പെട്ടാണ് ആര്‍ച്ച് ബിഷപ്പിനെതിരെ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തുറമുഖ നിര്‍മ്മാണ സ്ഥലത്ത് അതിക്രമിച്ച് കയറിയതിനാണ് കേസ്. ബിഷപ്പ് ഉള്‍പ്പെടെ വൈദികരടക്കം നൂറോളം പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
Share
error: Content is protected !!