വയറ്റില്‍ ലഹരിമരുന്ന് ഒളിപ്പിച്ച പ്രവാസിക്ക് 15 വര്‍ഷം തടവുശിക്ഷ; അമ്മയുടെ ചികിത്സക്ക് വേണ്ടിയെന്ന് യുവാവ്

ബഹ്‌റൈനില്‍ വയറ്റിലൊളിപ്പിച്ച് ലഹരിമരുന്ന് കടത്തിയ കേസില്‍ പ്രവാസിക്ക് 15 വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ച് കോടതി. ഹെറോയിന്‍ അടങ്ങിയ 74 ക്യാപ്‌സ്യൂളുകളാണ് 23കാരനായ പാകിസ്ഥാനി കടത്താന്‍ ശ്രമിച്ചത്. ലഹരി കടത്തിനിടെ വിമാനത്താവളത്തില്‍ വെച്ച് ഇയാള്‍ പിടിയിലാകുകയായിരുന്നു.

 

അസുഖബാധിതയായ അമ്മയുടെ ചികിത്സയ്ക്കായുള്ള പണത്തിന് വേണ്ടിയാണ് ലഹരിമരുന്ന് കടത്തിയതെന്ന് യുവാവ് പറഞ്ഞു. ഹൈ ക്രിമിനല്‍ കോടതിയാണ് പാകിസ്ഥാനി യുവാവിന് ശിക്ഷ വിധിച്ചത്. 100,000 ദിനാര്‍ വിപണി വിലയുള്ള ലഹരിമരുന്ന് ബഹ്‌റൈനില്‍ എത്തിക്കുന്നതിന് പകരമായി 1,000 ദിനാര്‍ ഒരു പാകിസ്ഥാനി നല്‍കിയതായി യുവാവ് വെളിപ്പെടുത്തി. അമ്മയുടെ അസുഖം മൂര്‍ച്ഛിച്ചെന്നും ഇതിന് പണം തേടിയാണ് ലഹരിമരുന്ന് കടത്താന്‍ തയ്യാറായതെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു. യുവാവിനെതിരായ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു.

 

ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയിരുന്നു. എന്തെങ്കിലും വസ്തുക്കള്‍ വെളിപ്പെടുത്താനുണ്ടോയെന്ന് യുവാവിനോട് ചോദിച്ചപ്പോള്‍ ഇല്ലെന്ന് ഇയാള്‍ മറുപടി നല്‍കിയതായി ഒരു കസ്റ്റംസ് ഉദ്യോഗസ്ഥന്‍ കോടതിയില്‍ പറഞ്ഞു. ഇയാളുടെ സാധനങ്ങള്‍ പരിശോധിക്കുകയും എക്‌സ് റേ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് വയറ്റില്‍ ലഹരിമരുന്ന് നിറച്ച ക്യാപ്‌സ്യൂളുകള്‍ കണ്ടെത്തിയത്. 74 ക്യാപ്‌സ്യൂളുകള്‍ വിഴുങ്ങിയതായി യുവാവ് സമ്മതിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!