പല മേഖലകളിലും സൌദിവല്‍ക്കരണം ഇന്നലെ പ്രാബല്യത്തില്‍ വന്നു. ശമ്പളം 5000 റിയാല്‍ മുതല്‍ 7000 റിയാല്‍ വരെ

റിയാദ്: ആരോഗ്യ മേഖലയിലെ പല ജോലികളിലും സൌദിവല്‍ക്കരണം തിങ്കളാഴ്ച പ്രാബല്യത്തില്‍ വന്നതായി സൌദി മാനവവിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

 

ഹെൽത്ത് സ്പെഷ്യലൈസേഷൻ പ്രൊഫഷനുകളിൽ 60 ശതമാനവും, മെഡിക്കല്‍ ഉപകരണ മേഖലയിലെ എഞ്ചിനീയറിങ് ആന്ഡ് ടെക്നിക്കല്‍ പ്രൊഫഷനുകളില്‍ 30 ശതമാനവും, മെഡിക്കല്‍ അപ്പ്ളയന്‍സസ് ആന്ഡ് സെയില്‍സ് പ്രൊഫഷനുകളില്‍ 40 ശതമാനവും സൌദിവല്‍ക്കരണമാണ് കഴിഞ്ഞ ദിവസം പ്രാബല്യത്തില്‍ വന്നത്.

 

മെഡിക്കല്‍ ലാബോറട്ടറീസ്, റേഡിയോളജി, ഫാര്‍മസി, ഫിസിയോ തെറാപ്പി ആന്ഡ് തെറോപ്പ്യാറ്റിക് ന്യൂട്രിഷന്‍ മേഖലകള്‍ക്കെല്ലാം നിയമം ബാധകമാണ്. ഈ മേഖലയില്‍ ജോലി ചെയ്യുന്ന ബിരുദമുള്ള സ്വദേശി സ്പെഷ്യലിസ്റ്റുകള്‍ക്ക് ചുരുങ്ങിയത് 7000 റിയാലും ടെക്നിഷന്‍മാര്‍ക്ക് ചുരുങ്ങിയത് 5000 റിയാലും ശമ്പളം നല്കണം. സൌദി ഡെന്‍റിസ്റ്റുകള്‍ക്കും ഫാര്‍മസിസ്റ്റുകള്‍ക്കും ചുരുങ്ങിയത് 7000 റിയാല്‍ ശമ്പളം നല്കണം.

 

ഹെല്‍ത്ത് സ്പെഷ്യാല്‍റ്റീസില്‍ 60 ശതമാനം സൌദിവല്‍ക്കരണം നടപ്പിലാക്കുമ്പോള്‍ 5600 പേര്‍ക്ക് പുതുതായി ജോലി കണ്ടെത്താനാകും.  മെഡിക്കല്‍ അപ്പ്ളയന്‍സസ് മേഖലയിലെ സെയില്‍സ് ആന്ഡ് അഡ്വര്‍റ്റൈസിങ് ഉള്‍പ്പെടെയുള്ള പ്രൊഫഷനുകളില്‍ ആദ്യ ഘട്ടത്തില്‍ 40 ശതമാനവും രണ്ടാം ഘട്ടത്തില്‍ 80 ശതമാനവും സൌദിവല്‍ക്കരണം നടപ്പിലാക്കണം. മെഡിക്കല്‍ ഉപകരണ മേഖലയില്‍ ടെക്നിക്കല്‍ പ്രൊഫഷനുകളില്‍ ഒന്നാം ഘട്ടത്തില്‍ 30 ശതമാനവും രണ്ടാം ഘട്ടത്തില്‍ 50 ശതമാനവും സൌദിവല്‍ക്കരണം നടപ്പിലാക്കണം. ഇതുവഴി 3000 പേര്‍ക്ക് പുതുതായി ജോലി കണ്ടെത്താനാകും എന്നാണ് പ്രതീക്ഷ.

 

സൌദിവല്‍ക്കരണ പദ്ധതി നടപ്പിലാക്കുന്ന സ്ഥാപനങ്ങള്‍ക്ക് ശമ്പളയിനത്തില്‍ 50 ശതമാനം വരെ സബ്സിഡി അനുവദിക്കുമെന്നും മന്ത്രാലയം അറിയിച്ചു. കൂടാതെ തൊഴില്‍ പരിശീലനവും, യാത്രാ ബത്തയും, ജോലി മാറ്റ അലവന്‍സും അനുവദിക്കും. റിമോട്ട് വര്‍ക്കിനുള്ള സൌകര്യവും ഉണ്ടാകും.

 

പദ്ധതി നടപ്പിലാക്കാന്‍ സ്ഥാപനങ്ങള്‍ക്ക് വേണ്ടത്ര സമയം അനുവദിച്ച ശേഷമാണ് ഈ മേഖലയില്‍ സൌദിവല്‍ക്കരണം പ്രാബല്യത്തില്‍ വന്നത്.

 

 

 

 

Share
error: Content is protected !!