നവവരൻ മരിച്ചത് ഒഴുക്കിൽപ്പെട്ട്. ഫോട്ടോഷൂട്ടിനിടയിലല്ലെന്ന് പോലീസ്
കോഴിക്കോട് ജില്ലയിൽ കുറ്റ്യാടിക്കടുത്തുള്ള കടിയങ്ങാട് പാലേരി സ്വദേശിയായ രജിൻലാൽ മരണപ്പെട്ടത് ഒഴുക്കിൽ പെട്ടാണെന്ന് പോലീസ്. ഭാര്യയോടൊപ്പം വിവാഹ ശേഷമുള്ള ഫോട്ടോഷൂട്ടിനിടെ പുഴയിൽ വീണ് മരിച്ചുവെന്നായിരുന്നു അപകടസ്ഥലത്തുണ്ടായിരുന്നവർ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ഫോട്ടോഷൂട്ടിനിടയിലല്ല അപകടമുണ്ടായതെന്ന് ബന്ധുക്കളും വ്യക്തമാക്കി. രജിൻ ലാലിനൊപ്പം ഭാര്യയായ കണികയും, ഭാര്യാ പിതാവ് സുരേഷും ഒഴുക്കിൽപ്പെട്ടിരുന്നുവെങ്കിലും അവരിപ്പോൾ സുഖം പ്രാപിച്ച് വരികയാണ്.
അടുത്ത ദിവസം വിദേശത്തേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു മരിച്ച രജിൻലാൽ. അതിന് മുന്നോടിയായി വീടിനടത്തുള്ള പുഴയോരത്തേക്ക് വെറുതെ പോയതായിരുന്നു ഇവർ. ഇവരോടൊപ്പം ഭാര്യയുടെ പിതാവായ സുരേഷും ബന്ധുവായ പെണ്കുട്ടിയുമുണ്ടായിരുന്നു. രണ്ട് ബൈക്കുകളിലായാണ് ഇവർ പോയത്. ആദ്യം സുരേഷ് പുഴയിലേക്കിറങ്ങി. പുഴയിൽ മുട്ടിന് മുകളിൽ വരെ മാത്രമേ വെള്ളം ഉണ്ടായിരുന്നുള്ളൂ. വെള്ളം കുറവായതിനാൽ രജിൻലാലും ഭാര്യ കണികയും അവിടെ വെള്ളത്തിലേക്കിറങ്ങി. ഇരുവർക്കും നീന്തൽ അറിയാമായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന ബന്ധുവായ പെണ് കുട്ടിക്ക് നീന്തൽ അറിയാത്തതിനാൽ പുഴയിൽ ഇറങ്ങിയിരുന്നില്ല. ഇവർ പുഴയിലിരിക്കുന്ന സമയത്ത് പെട്ടെന്ന് മുകളിൽ നിന്ന് മലവെള്ളപ്പാച്ചിലിന് സമാനമായ രീതിയിൽ വെള്ളം കുത്തിയൊലിച്ച് വന്നു. ഇതിൽ മൂന്ന് പേരും ഒലിച്ച് പോകുകയാണുണ്ടായത്.
സമീപങ്ങളിലുണ്ടായിരുന്ന ആളുകളുടെ രക്ഷാ പ്രവർത്തനത്തിൽ സുരേഷിനേയും കണികയേയും രക്ഷപ്പെടുത്താനായി. എന്നാൽ രജിൻലാലിനെ പുറത്തെടുത്ത സമയത്ത് തന്നെ മരണം സംഭവിച്ചിരുന്നുവെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. കണിക സുഖംപ്രാപിച്ച് വരുന്നതായാണ് റിപ്പോർട്ട്. എന്നാൽ രജിൻലാൽ മരിച്ച വിവരം ഇത് വരെ കണികയെ അറിയിച്ചിട്ടില്ല.
കഴിഞ്ഞ മാസം 14നായിരുന്നു രജിൻലാലിന്റെയും കണികയുടെയും വിവാഹം. വിവാഹാഘോഷത്തിന്റെ സന്തോഷവും ആരവവും അടങ്ങിയിട്ട് വെറും 21 ദിവസം മാത്രമേ ആയിരുന്നുള്ളൂ. മാംഗല്യത്തിന്റെ പുതുക്കം മാറുംമുൻപ് തന്നെ സ്വന്തം നാട്ടിലെ ഏറെ പരിചയമുള്ള പുഴയിൽ രജിനെ കാത്ത് മരണം പതിയിരിക്കുന്നുണ്ടായിരുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ


