യെമനിലെ സൈനിക നടപടികൾ അവസാനിപ്പിച്ചതായി സൗദി സഖ്യസേന
യെമനിലെ സൈനിക നടപടികൾ അവസാനിപ്പിച്ചതായി സൌദി സഖ്യസേന വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി പ്രഖ്യാപിച്ചു. ഇന്ന് മാർച്ച് 30 ന് രാവിലെ ആറ് മണിമുതൽ സൈനിക നടപടികൾ അവസാനിപ്പിച്ചു.
ജിസിസി രാജ്യങ്ങളുടെ കൂട്ടായ സമാധാന ചർച്ചകളുടെ വിജയത്തിനും റമദാനിൽ സമാധാന ശ്രമങ്ങൾക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നതിനുമായി യെമനിലെ സൈനിക പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് ജിസിസി സെക്രട്ടറി ജനറൽ ഡോ. ഹജ്റഫ് ആവശ്യപ്പെട്ടത് പ്രകാരമാണ് സൈനിക നടപടികൾ അവസാനിപ്പിക്കുന്നത്.
യെമൻ സംഘർഷത്തിന് ശാശ്വത പരിഹാരം കാണുന്നതിനും, സുരക്ഷയും സ്ഥിരതയും നേടുന്നതിനുമുള്ള എല്ലാ ശ്രമങ്ങളേയും പിന്തുണക്കുമെന്നും സഖ്യസേന പറഞ്ഞു. യെമനിലെ സംഘർഷത്തിന് അറുതിവരുത്താൻ രാഷ്ട്രീയ പരിഹാരം കാണണമെന്ന യെമനിന് വേണ്ടിയുള്ള ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലിന്റെ പ്രത്യേക ദൂതന്റെയും, സൌദിയുടേയും മറ്റു അന്താരാഷ്ട്ര ശ്രമങ്ങളുടെയും പശ്ചാത്തലത്തിലാണ് പുതിയ നീക്കം.സഖ്യസേന നേതൃത്വം വെടിനിർത്തൽ പാലിക്കുമെന്നും വെടിനിർത്തൽ വിജയകരമാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും, അതിനനുയോജ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കുമെന്നും വിശുദ്ധ റമദാൻ മാസത്തിൽ സമാധാനത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുമെന്നും അൽ മാലിക്കി പറഞ്ഞു. അതോടൊപ്പം നിയമാനുസൃതമായ യെമൻ ഗവൺമെന്റിനെ അതിന്റെ രാഷ്ട്രീയ നിലപാടുകൾ, നടപടികൾ, സൈനിക നടപടിക്രമങ്ങൾ എന്നിവയിലൂടെ നൽകിവരുന്ന പിന്തുണ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലെ (ചൊവ്വാഴ്ച) യാണ് യെമൻ വിഷയത്തിൽ ജിസിസി രാജ്യങ്ങളുടെ ചർച്ച ആരംഭിച്ചത്. യെമൻ ജനതയുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനും യെമൻ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകാനും ഹൂതികൾ ഉൾപ്പെടെ എല്ലാ യെമൻ കക്ഷികളുമായും കൂടിയാലോചനകളിൽ പങ്കെടുക്കാനും, ജിസിസി സെക്രട്ടറി ജനറൽ ഡോ. ഹജ്റഫ് ആവശ്യപ്പെട്ടു.