റമദാന്‍ അടുത്തതോടെ സൌദിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ ശക്തമായ പരിശോധന. അമിത വില, ഗുണനിലവാരമില്ലാത്ത സാധനങ്ങള്‍ എന്നിവ കണ്ടെത്തിയാല്‍ നടപടി
ജിദ്ദ: റമദാന്‍ അടുത്തതോടെ സൌദിയിലെ വാണിജ്യ കേന്ദ്രങ്ങളില്‍ പരിശോധന ശക്തമാക്കി. വില്പന സാധനങ്ങളുടെ ലഭ്യതയും ഗുണനിലവാരവും വിലയും ഉറപ്പ് വരുത്തുകയാണ് പരിശോധനയുടെ ലക്ഷ്യം. നിശ്ചിത ഗുണനിലവാരം ഇല്ലാത്ത സാധനങ്ങള്‍ കണ്ടെത്തിയാലും നിരക്ക് കൂടിയാലും വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. സാധനങ്ങളുടെ പൂഴ്ത്തിവെയ്പ്പ് കണ്ടെത്തിയാലും നടപടി സ്വീകരിക്കും. വില്പന സാധനങ്ങളില്‍ പ്രൈസ് ടാഗ് ഇല്ലാതിരിക്കുക, വ്യാജ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുക, അനുമതിയില്ലാതെ ഓഫറുകള്‍ പ്രഖ്യാപിക്കുക തുടങ്ങിയവയും നിയമലംഘനങ്ങളാണ്.
രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലും സ്ഥാപനങ്ങളുടെ ഗോഡൌണുകളിലും ചില്ലറ വില്പന കേന്ദ്രങ്ങളിലും പരിശോധന നടക്കുന്നുണ്ട്. റമദാനില്‍ ഉപഭോക്താക്കള്‍ക്കും ഉംറ തീര്‍ഥാടകര്‍ക്കുമെല്ലാം ഗുണനിലവാരമുള്ള സാധനങ്ങളും ഭക്ഷ്യ വിഭവങ്ങളും ലഭ്യമാക്കുകയാണ് പരിശോധനയുടെ ലക്ഷ്യമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.