പിഞ്ചു കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊന്ന സംഭവം: പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

കൊച്ചിയിലെ കലൂരിൽ ഒന്നര വയസ്സുകാരി നോറ മരിയയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. മരിച്ച കുഞ്ഞിൻ്റേയും ഒപ്പമുണ്ടായിരുന്ന അഞ്ചു വയസ്സുള്ള കുട്ടിയുടേയും സംരക്ഷണം ആർക്ക് എന്നത് സംബന്ധിച്ച് മാതാപിതാക്കൾ തമ്മിലുള്ള കേസ് ചൈൽഡ് ആൻഡ് വെൽഫെയർ കമ്മിറ്റിയുടെ പരിഗണനയിലിരിക്കെയാണ് ചെറിയ കുട്ടി കൊല്ലപ്പെടുന്നത്.

അങ്കമാലി സ്വദേശിനിയാണ് കുഞ്ഞിൻ്റെ മാതാവ്. ഇവർ മൂന്നു മാസം മുൻപാണു വിദേശത്തു പോയത്. ഇതിനിടെയാണ് കുട്ടികളുടെ സംരക്ഷണ ചുമതല സംബന്ധിച്ച് തർക്കം ഉയരുന്നത്. ഇത് സംബന്ധിച്ച് ചൈൽഡ് ലൈൻ വഴി സിഡബ്ല്യുസിക്കു പരാതിയും ലഭിച്ചു.

അമ്മയുടെ വീട്ടിലായിരുന്നു കുഞ്ഞുങ്ങൾ. എന്നാൽ അമ്മ വീട്ടിൽ വെച്ച് കുഞ്ഞുങ്ങൾക്ക് പൊള്ളലേറ്റെന്നും കുട്ടികളുടെ സംരക്ഷണാവകാശം നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അച്ഛന്റെ വീട്ടുകാർ അവകാശവാദം ഉന്നയിച്ചു. അതിന് ശേഷം കുഞ്ഞുങ്ങളുടെ അച്ഛനായിരുന്നു സംരക്ഷണ ചുമതല. തർക്കം രൂക്ഷമായതോടെ കുഞ്ഞിനെ സിഡബ്ല്യുസിതന്നെ സംരക്ഷിക്കാം എന്ന ആലോചനയിലെത്തി. ഇത് സംബന്ധിച്ച് കുഞ്ഞിന്റെ അമ്മയുമായി സംസാരിച്ചപ്പോൾ അവർ ഉടനെ നാട്ടിലെത്തുമെന്നും സംരക്ഷണം സംബന്ധിച്ച തർക്കം പരിഹരിക്കാം എന്നും അറിയിച്ചു. ഇതിനിടെയിലാണ് കുഞ്ഞ് കൊല്ലപ്പെടുന്നത്.

കുഞ്ഞുങ്ങളുമായി പിതാവിന്റെ അമ്മ ദീപ്തി ഷാജി എറണാകുളത്തേയ്ക്കു വരികയായിരുന്നു. ഇവർക്ക് കൊച്ചിയിലുള്ള സുഹൃത്തുമായി സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു. ഇതു കൈപ്പറ്റാനാണ് വന്നത് എന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ ഈ സുഹൃത്തിന്റെ സുഹൃത്തുമായി തർക്കം ഉണ്ടാകുകയും ഇവർക്കു മർദനമേൽക്കുകയും ചെയ്തു. വൈകിയതിനാലാണ് രാത്രി ഇവിടെ മുറിയെടുത്തു താമസിച്ചതെന്നുമാണ് പുറത്ത് വരുന്ന വിവരങ്ങൾ.

കുഞ്ഞു മരിക്കുമ്പോൾ മുത്തശ്ശി മുറിയിലുണ്ടായിരുന്നില്ല. പുറത്തു പോയിരുന്ന ഇവരെ ജോൺ ബിനോയ് അറിയിച്ചത്, കുഞ്ഞു പാലു കുടിച്ചപ്പോൾ നെറുകയിൽ പോയി അബോധാവസ്ഥയിലായി എന്നായിരുന്നു. രാത്രി ഒന്നരയോടെ ഹോട്ടൽ മുറിയിലേയ്ക്ക് എത്തിയ ഇവർ ജീവനക്കാരോടു കുഞ്ഞിന് എന്തോ പറ്റി എന്നു പറഞ്ഞാണ് അകത്തേയ്ക്കു പോയത്. തിരികെ വരുമ്പോൾ തോളിൽ അബോധാവസ്ഥയിൽ കുഞ്ഞുണ്ടായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ പറഞ്ഞതും ഇതു തന്നെയായിരുന്നു.

കുഞ്ഞിന്റെ മരണം സ്വാഭാവികമാണ് എന്നായിരുന്നു ആശുപത്രി അധികൃതരും കരുതിയത്. എന്നാൽ സംശയം തോന്നിയ കുഞ്ഞിന്റെ പിതാവ് ആവശ്യപ്പെട്ടതനുസരിച്ചു നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് മരണം വെള്ളം അകത്തു ചെന്നാണ് എന്നു ബോധ്യപ്പെട്ടത്. ഇതോടെ ഇരുവരെയും പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു.

കലൂരിൽ പിഞ്ചുകുഞ്ഞിനെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ജോൺ ബിനോയ് ഡിക്രൂസ് പള്ളുരുത്തി ഇഎസ്ഐ ആശുപത്രി റോഡിൽ താമസിക്കുന്ന ആളാണ്. ജോണിനെ ദത്തെടുത്തു വളർത്തുകയായിരുന്നു എന്നാണ് സമീപവാസികൾ നൽകുന്ന വിവരം. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായും പ്രദേശവാസികൾ പറയുന്നു.

Share
error: Content is protected !!