രാജീവ് ഗാന്ധി വധക്കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ചു
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളിലൊരാളായ എ ജി പേരറിവാളന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജീവപര്യന്തം ശിക്ഷ ലഭിച്ച്, കഴിഞ്ഞ 32 വര്‍ഷമായി ജയിലിലാണ് പേരറിവാളന്‍. ജയില്‍ മോചനം സംബന്ധിച്ച അദ്ദേഹത്തിന്റെ അപേക്ഷയില്‍ തമിഴ്‌നാട് ഗവര്‍ണര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ജയിലിലെ നല്ല പെരുമാറ്റം, മോശമായ ആരോഗ്യസ്ഥിതി, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ജയില്‍വാസം തുടങ്ങിയ ഘടകങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തിരുന്നു. ജസ്റ്റിസ് എൽ. നാഗേശ്വര റാവു, ജസ്റ്റിസ്. ബി.ആർ. ഗവായ് എന്നിവരടങ്ങിയ ബെഞ്ച് ജാമ്യം അനുവദിക്കുകയായിരുന്നു. എല്ലാമാസവും ജോലാർപേട്ട പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് ജാമ്യവ്യവസ്ഥയിൽ പറയുന്നു. 32 വർഷത്തെ തടവും നല്ലനടപ്പും പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്.
1991 ജൂൺ 11നാണ് രാജീവ്ഗാന്ധി വധക്കേസിൽ പേരറിവാളൻ അറസ്റ്റിലായത്. 26 വർഷത്തെ ജയിൽ വാസത്തിനുശേഷം 2017 ആഗസ്റ്റ് 24നാണ് ആദ്യമായി പരോളിലിറങ്ങിയത്.