മൾട്ടിപ്പിൾ സന്ദർശക വിസ പുതുക്കാൻ ജവാസാത്ത് പരിഹാരം നിർദ്ദേശിച്ചു
റിയാദ് – സൗദി അറേബ്യയിൽ മൾട്ടിപ്പിൾ സന്ദർശക വിസ പുതുക്കുന്നതിന് തടസ്സം നേരിടുന്ന സാഹചര്യത്തിൽ ജവാസാത്ത് താൽക്കാലിക പരിഹാരം നിർദ്ദേശിച്ചു. സന്ദർശന വിസയിലെത്തി മൂന്ന് മാസം പൂർത്തിയാക്കിയ ശേഷം വീണ്ടും അടുത്ത മൂന്ന് മാസത്തേക്ക് അബ്ഷിർ വഴി പുതുക്കാൻ ശ്രമിച്ചവർക്ക് കഴിഞ ഏതാനും ദിവസങ്ങളായി പുതുക്കാൻ സാധിച്ചിരുന്നില്ല. ഇങ്ങിനെ പുതുക്കാൻ തടസ്സം നേരിടുന്നവർ അബ്ശിറിലെ തവാസുൽ സേവനം വഴി ബന്ധപ്പെടണമെന്നും ഈ സംവിധാനം ഇപ്പോഴും പ്രവർത്തന സജ്ജമാണെന്നും ജവാസാത്ത് വ്യക്തമാക്കി.
എന്നാൽ അബ്ഷിർ വഴി പുതുക്കുമ്പോൾ തടസ്സമായി വരുന്ന സന്ദേശം സ്‌ക്രീൻഷോട്ട് എടുത്ത് അബ്ശിറിലെ ജവാസാത്ത് ഐകൺ ക്ലിക്ക് ചെയ്ത് തവാസുൽ സംവിധാനം വഴി അപേക്ഷ നൽകാനാണ് ജവാസാത്ത് ഡയറക്ടറേറ്റ് നൽകുന്ന മറുപടി. ജവാസാത്ത് സേവനങ്ങൾക്ക് സാങ്കേതിക തടസം നേരിടുമ്പോൾ ഓൺലൈൻ ആയി ബന്ധപ്പെടാനുള്ള സംവിധാനമാണ് തവാസുൽ.
സാധാരണയായി മൾട്ടിപിൾ എൻട്രി സന്ദർശക വിസയിലുള്ളവർ 90 ദിവസത്തിൽ പുതുക്കേണ്ടതാണ്. അതിന് ഒരാഴ്ച മുമ്പ് തന്നെ പുതുക്കുവാനുള്ള സമയമായി എന്നറിയിച്ചുകൊണ്ടുള്ള സന്ദേശം ലഭിക്കും. അബ്ശിർ വഴി പുതുക്കുന്നതിന് മുമ്പായി ഓരോ വിസ ഹോൾഡർക്കും 100 റിയാൽ വീതം അടക്കുകയും മെഡിക്കൽ ഇൻഷൂറൻസ് എടുക്കുകയും വേണം. ഇവർ സൗദിയിലെത്തി ആറ് മാസം പൂർത്തിയായാൽ രാജ്യത്തിന് പുറത്ത് പോയി തിരിച്ച് വരണമെന്നാണ് ചട്ടം. തിരിച്ചെത്തിയാൽ വീണ്ടും മൂന്ന് മാസത്തിന് ശേഷം ഓണ് ലൈനായി പുതുക്കാം. ഇങ്ങിനെ ഒരു മൾട്ടിപ്പിൾ എൻട്രി സന്ദർശന വിസയിൽ ഒരു വർഷം വരെയാണ് രാജ്യത്ത് തങ്ങാൻ സാധിക്കുക.
ഇങ്ങിനെ പുതുക്കാൻ ശ്രമിച്ച നിരവധി പേർ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുതുക്കാൻ സാധിക്കാതെ പ്രയാസപ്പെടുകയാണ്. പലരും വൻ തുക മുടക്കി കുടുംബങ്ങളെ നാട്ടിലേക്കയക്കാൻ ടിക്കറ്റുകളന്വോഷിച്ച് വരുന്നതായി ട്രാവൽ ഏജൻസികളും വ്യക്തമാക്കി. തവാസുൽ സംവിധാനം വഴി അപേക്ഷ നൽകി ജവാസാത്തിൽ നേരിട്ട് ബന്ധപ്പെടാൻ കഴിഞ്ഞ ദിവസം അബ്ശിർ അധികൃതരും ആവശ്യപ്പെട്ടിരുന്നു. ജവാസാത്തിൽ അപോയിൻമെന്റെടുത്ത് പോയവർക്ക് പുതുക്കിക്കിട്ടുകയും ചെയ്തു. ചിലർക്ക് 14 ദിവസം മാത്രമാണ് കിട്ടിയത്. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച് കൂടുതൽ വ്യക്ത വരും.
എന്തായിരുന്നാലും മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വിസകൾ പുതുക്കി നൽകില്ലെന്ന് അധികൃതർ ഇത് വരെ വ്യക്തമാക്കിയിട്ടില്ല. ഇപ്പോൾ നേരിടുന്നത് സാങ്കേതിക തടസ്സം മാത്രമാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്