രക്ഷാദൗത്യവുമായി എയര്‍ ഇന്ത്യ വിമാനം റൊമാനിയയിലെത്തി
ഹുദ ഹബീബ്
യുക്രെയ്നില്‍നിന്ന് രക്ഷപ്പെട്ട് റൊമാനിയയില്‍ എത്തിയ ഇന്ത്യക്കാരെ കൊണ്ടുപോകാനായി എയര്‍ ഇന്ത്യയുടെ വിമാനം ബുകാറസ്റ്റിലെത്തി.1941എ.ഐ വിമാനമാണ് റൊമാനിയന്‍ തലസ്ഥാനത്ത് ലാന്‍ഡ് ചെയ്തത്. രണ്ട് വിമാനങ്ങളാണ് ഇന്ത്യക്കാർ ഇന്ന് തിരിച്ചെത്തുക.വിമാനത്തിൽ 17 മലയാളികള്‍ ഉള്‍പ്പെടെ 470 വിദ്യാര്‍ഥികളാണ് ഉള്ളത്.
ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലേക്കും രക്ഷാദൗത്യത്തിന്റെ ഭാഗമായി വിമാന സര്‍വീസുകള്‍ നടത്തും. എംബസി നിര്‍ദേശം ലഭിക്കാതെ നിലവിലുള്ള സ്ഥലങ്ങളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് സര്‍ക്കാര്‍ അറിയിച്ചു. യുക്രെയ്നില്‍നിന്ന് തിരികെ എത്തുന്ന മലയാളികളെ സൗജന്യമായി കേരളത്തിലെത്തിക്കുമെന്ന് മുന്‍ അംബാസഡറും കേരള ഹൗസ് സ്‍പെഷല്‍ ഓഫസിറുമായ വേണു രാജാമണി അറിയിച്ചു.
ഡല്‍ഹിയില്‍ ഇറങ്ങുന്നവര്‍ക്ക് കേരള ഹൗസില്‍ താമസ സൗകര്യം ഒരുക്കും. മുംബൈയിലും കേരള സര്‍ക്കാര്‍ താമസവും ഭക്ഷണ സൗകര്യവുമൊരുക്കും.അധികൃതരുടെ നിര്‍ദേശം ലഭിക്കാതെ അതിര്‍ത്തികളിലേക്കു വരരുത്. ജാഗ്രത തുടരണമെന്നും യുക്രെയ്‌നിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി.
യുക്രെയ്നിലെ ഇന്ത്യക്കാരെ അയല്‍രാജ്യങ്ങളായ പോളണ്ട്, ഹംഗറി, സ്ലൊവാക്യ, റുമാനിയ എന്നിവിടങ്ങളില്‍ റോഡ് മാര്‍ഗമെത്തിച്ചശേഷമാണ് വിമാനമാര്‍ഗം ഇന്ത്യയിലേക്കു കൊണ്ടുവരിക. ഏകദേശം 16,000 ഇന്ത്യക്കാര്‍ യുക്രെയ്നില്‍ ഉണ്ടെന്നാണ് വിവരം.