നിലിവലെ പ്ലസ് ടൂ വിദ്യാഭ്യാസ രീതി അവസാനിപ്പിക്കുന്നു; പന്ത്രണ്ടാം ക്ലാസ് വരെ ഹൈസ്കൂൾ തലത്തിലേക്ക് ചേർക്കും
പുതിയ വിദ്യാഭ്യാസ നയം: സ്കൂളുകളിൽ നിന്ന് ഹയർ സെക്കണ്ടറി ഇല്ലാതാകും. പന്ത്രണ്ടാം ക്ലാസ് വരെ ഹൈസ്കൂൾ.
തിരുവനന്തപുരം: പുതിയ വിദ്യാഭ്യാസനയത്തിൻ്റെ ഭാഗമായി അടിമുടി മാറാനുള്ള ഒരുക്കത്തിലാണ് രാജ്യത്തെ സ്കൂളുകൾ. കേന്ദ്രസർക്കാരിൻ്റെ രാഷ്ട്രീയനയങ്ങളുമായി ബന്ധപ്പെടുത്തി വിവാദങ്ങൾ പലതുമുണ്ടെങ്കിലും സ്കൂൾ വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങൾക്ക് വരുന്ന വർഷം കേരളം സാക്ഷ്യം വഹിക്കുമെന്നാണ് റിപ്പോർട്ടുകൾ. സ്കൂൾ ഏകീകരണത്തിൻ്റെ ഭാഗമായി നിലവിലെ ഹയർ സെക്കണ്ടറി നിർത്തലാക്കുന്നതും ഹൈസ്കൂൾ വിപുലീകരിക്കുന്നതുമായിരിക്കും പ്രധാന മാറ്റം. അതായത് നിലവിലെ ഹയർ സെക്കണ്ടറിയെ ഹൈസ്കൂളിലേക്ക് ലയിപ്പിക്കുമെന്നാണ് സൂചന.
ഹൈസ്കൂളും അനുബന്ധമായുള്ള ഹയർ സെക്കണ്ടറിയും ഒന്നാകുന്നതോടെ സ്കൂളിന് ഒരു മേധാവി മാത്രമാണ് ഉണ്ടാകുക. പുതിയ മാറ്റങ്ങൾക്കായുള്ള ചട്ടങ്ങൾ രൂപീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഇതിനോടകം തന്നെ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ അഭിപ്രായങ്ങള്‍ അറിയിക്കാൻ ബന്ധപ്പെട്ട സംഘടനകൾക്കും പൊതുജനങ്ങൾക്കും സമയം നൽകിയിട്ടുണ്ട്. ഡിസംബറോടു കൂടി എല്ലാ നടപടികളും പൂര്‍ത്തിയാക്കാനും അടുത്ത അധ്യയന വര്‍ഷം മുതൽ പുതിയ രീതിയനുസരിച്ച് സ്കൂളുകൾ പ്രവര്‍ത്തനം തുടങ്ങാനുമാണ് നീക്കം.
മാറ്റങ്ങൾക്ക് പിന്തുണയുമായി ഇടതുപക്ഷ സംഘടനകൾ രംഗത്തുണ്ട്. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിൻ്റെ രണ്ടാം ഭാഗം കൂടി പ്രസിദ്ധീകരിക്കാതെ ആദ്യഘട്ട ശുപാര്‍ശകൾ നടപ്പാക്കരുതെന്നാണ് വലതുപക്ഷ സംഘടനകളുടെ നിലപാട്. എന്നാൽ മുന്നോട്ടു പോകാൻ തന്നെയാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനം.
പ്രധാന മാറ്റങ്ങൾ:
ഒരേ ക്യാംപസിലാണ് പ്രവര്‍ത്തനമെങ്കിലും ഹൈസ്കൂളും ഹയര്‍ സെക്കണ്ടറിയും രണ്ട് സ്കൂളുകൾ കണക്കെയാണ് നിലവിൽ പ്രവര്‍ത്തിക്കുന്നത്. ലൈബ്രറി, ലാബ് തുടങ്ങിയ സംവിധാനങ്ങളും രണ്ട് വിഭാഗങ്ങൾക്കും വെവ്വേറെയാണ്. ഹൈസ്കൂളും പ്ലസ് ടുവും ഒന്നാകുന്നതോടെ ഈ സംവിധാനങ്ങൾ പൊതുവായി ഉപയോഗിക്കാൻ സാധിക്കും.
കൂടാതെ സ്കൂളിന് ഒരു മേധാവി മാത്രമാണ് ഉണ്ടാകുക. ഹയര്‍ സെക്കണ്ടറിയിൽ നിന്നുള്ള ഒരു ടീച്ചര്‍ പ്രിൻസിപ്പൽ സ്ഥാനം വഹിക്കുമ്പോൾ ഹൈസ്കൂൾ ഹെഡ്മാസ്റ്റര്‍ക്ക് വൈസ് പ്രിൻസിപ്പാള്‍ സ്ഥാനം ലഭിക്കും. കൂടാതെ പഞ്ചായത്ത് തലത്തിൽ എജ്യൂക്കേഷൻ ഓഫീസര്‍ക്ക് പകരം ഇംപ്ലിമെൻ്റിങ് ഓഫീസറായിരിക്കും ഉണ്ടാകുക. എഇഓയ്ക്ക് പകരം രണ്ട് വിഭാഗങ്ങൾക്കുമായി ബ്ലോക്ക് തല ഉദ്യോഗസ്ഥൻ ഉണ്ടാകും. കൂടാതെ ഹൈസ്കൂളുകളുടെ ചുമതലയുള്ള ഡിഇഓമാര്‍ക്കും ഹയര്‍ സെക്കണ്ടറി വിഭാഗത്തിനുള്ള ആര്‍ഡിഡിയ്ക്കും പകരം ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എജ്യൂക്കേഷൻ അഥവാ ഡിഡി എന്ന ഒരൊറ്റ പദവി മാത്രമാണ് ഉണ്ടാകുക.
അതേസമയം, ഹയര്‍ സെക്കണ്ടറി അധ്യാപകരുടെ ശമ്പളം കുറയ്ക്കണമെന്ന ഖാദര്‍ കമ്മിറ്റി ശുപാര്‍ശയിൽ പ്രതിപക്ഷ സംഘടനകള്‍ക്ക് ആശങ്കയുണ്ട്. കൂടാതെ അധ്യാപകരുടെ സീനിയോരിറ്റിയെയും ഈ മാറ്റങ്ങള്‍ ബാധിക്കുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
പാഠപുസ്തകത്തിലും ഘട്ടങ്ങളിലും മാറ്റം വരുത്തും:
സ്കൂൾ ഏകീകരണത്തിന് കാരണമായ ദേശീയ വിദ്യാഭ്യാസ നയത്തോട് സംസ്ഥാന സര്‍ക്കാരിനും സിപിഎമ്മിനും പൂര്‍ണമായ യോജിപ്പില്ല. എന്നാൽ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന തീരുമാനങ്ങളിൽ നിന്നു വിട്ടു നിൽക്കാൻ സംസ്ഥാനത്തിനു കഴിയില്ല. ഈ സാഹചര്യത്തിൽ ചില മാറ്റങ്ങളോടെയായിരിക്കും കേരളത്തിൽ സ്കൂൾ ഏകീകരണം നടപ്പാക്കുക.
പരിഷ്കരണത്തിനു ശേഷം 2024ൽ പുതിയ സ്കൂൾ ഘടന അനുസരിച്ചായിരിക്കും പുസ്തകങ്ങൾ എത്തുക. പ്രീപ്രൈമറി മുതൽ 12-ാം ക്ലാസ് വരെ ഒറ്റ യൂണിറ്റ് എന്നതാണ് ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ കാതൽ. പ്രീപ്രൈമറി മുതൽ രണ്ടാം ക്ലാസ് വരെ ആദ്യ ഘട്ടം, മൂന്ന് മുതൽ അഞ്ചാം ക്ലാസ് വരെ രണ്ടാം ഘട്ടം, ആറാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ മൂന്നാം ഘട്ടം, ഒൻപതാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെ നാലാം ഘട്ടം എന്നിങ്ങനെയായിരിക്കും ഇനി വിഭജനം. അതേസമയം, കേരളത്തിൽ എട്ടാം ക്ലാസിനെ പ്രൈമറി ഘട്ടത്തിൽ നിന്ന് ഒഴിവാക്കി 8 മുതൽ 10 വരെ ക്ലാസുകൾ ലോവര്‍ സെക്കണ്ടറിയായും 11, 12 ക്ലാസുകൾ സെക്കണ്ടറിയായും മാറ്റാനാണ് ഖാദര്‍ കമ്മിറ്റി ശുപാര്‍ശ.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക