ഇന്ന് മുഹറം ഒന്ന്, മക്കയിൽ കഅ​ബയെ പുതിയ കിസ്​വ അണിയിച്ചു; കഅബ അണിഞ്ഞത് നൂറാമത്തെ മൂടുപടം – വീഡിയോ

കഅബയെ അണിയിച്ചത് നൂറാമത്തെ മൂടുപടം; ചടങ്ങിൽ ആയിരകണക്കിന് വിശ്വാസികളും പങ്കെടുത്തു. 

ജിദ്ദ: മക്കയിലെ കഅ​ബയെ ​പുതിയ കിസ്​വ അണിയിച്ചു .പുതിയ ഹിജ്‌റ വര്‍ഷം തുടക്കമായ ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് ഇരു ഹറം കാര്യാലയം വകുപ്പ് പഴയ കിസ്‌വ അഴിച്ചു മാറ്റി പുതിയ കിസ്‌വ അണിയിച്ചത്.

ആദ്യം നിലവിലെ കിസ്‌വ പൂര്‍ണ്ണമായും അഴിച്ചു മാറ്റിയ ശേഷമാണ് പുതിയത് അണിയിച്ചത്. ഹറം കാര്യാലയ മേധാവികളുടെ നേതൃത്വത്തില്‍ കിസ്‌വ ഫാക്‌ടറി ഉദ്യോഗസ്ഥരും ഹറം കാര്യാലയ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് കിസ്‌വ അണിയിക്കല്‍ ചടങ്ങ് നടത്തിയത്.

സാധാരണ ഹജ്ജ് തീർഥാടകർ അറഫയിൽ സംഗമിക്കുന്ന അറഫാ ദിനത്തിലാണ് കഅബയെ പുതിയ മൂടുപടം അണിയിക്കാറ്. എന്നാൽ പതിവിന് വിപരീതയി ഇത്തവണ മുഹറം ഒന്നിലേക്ക് മാറ്റുകയായിരുന്നു. കിസ് വ മാറ്റം മുഹറത്തിലേക്ക് മാറ്റുവാനുള്ള നേതൃത്വത്തിൻ്റെ തീരുമാനത്തെ ഇരു ഹറം കാര്യാലയം മേധാവി ശൈഖ് അബ്ദുൽ റഹ്മാൻ അൽ സുദൈസ് പ്രശംസിച്ചു. തീരുമാനവും ബുദ്ധിപരവും കൃത്യവുമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഹിജ്റ 1343 ൽ അബ്ദുൽ അസീസ് രാജാവ് അധികാരത്തിലെത്തിയ ശേഷം ഇത് നൂറാമത്തെ മൂടുപടമാണ് കഅബ അണിയുന്നതെന്ന് അൽ സുദൈസ് പറഞ്ഞു.

പതിനാല് മീറ്റർ ഉയരമുള്ള പ്രകൃതിദത്തമായ പട്ടിൽ നിർമിക്കുന്ന കിസ്‌വക്ക് രണ്ട് കോടിയിലേറെ റിയാലാണ് ചെലവ്. മുകളിൽ നിന്നുള്ള മൂന്നിലൊന്ന് ഭാഗത്ത് 95 സെന്റീമീറ്റർ വീതിയുള്ള ബെൽറ്റുണ്ട്. ചതുരാകൃതിയിലുള്ള 16 ഇസ്‌ലാമിക് കാലിഗ്രാഫി കഷ്ണങ്ങൾ അടങ്ങിയ ബെൽറ്റിന്റെ ആകെ നീളം 47 മീറ്ററാണ്. കിസ്‌വയുടെ ഉൾവശത്ത് വെളുത്ത കട്ടി കൂടിയ കോട്ടൻ തുണിയുണ്ടാകും. ആകെ അഞ്ചു കഷ്ണങ്ങൾ അടങ്ങിയതാണ് കിസ്‌വ. കഅ്ബാലയത്തിന്റെ ഓരോ ഭാഗത്തുമായി ഓരോ കഷ്ണങ്ങൾ തൂക്കും. അഞ്ചാമത്തെ കഷ്ണം വാതിലിനു മുന്നിൽ തൂക്കുന്ന കർട്ടണാണ്. ഇവ പിന്നീട് പരസ്പരം തുന്നിച്ചേർക്കുയാണ് ചെയ്യുന്നത്.

പുതിയ കിസ്‌വ കഅ്ബാലയത്തിന്റെ താക്കോൽ സൂക്ഷിപ്പ് ചുമതലയുള്ള അൽശൈബി കുടുംബത്തിന് ദിവസങ്ങൾക്ക് മുമ്പാണ് മക്ക ഗവർണർ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ കൈമാറിയത്.

ഏകദേശം 850 കിലോ കറുപ്പ് ചായം പൂശിയ അസംസ്‌കൃത പട്ട്, 120 കിലോ വെള്ളി, സ്വര്‍ണ നൂലുകളും ഉപയോഗിച്ചാണ് കിസ്‌വ നിര്‍മിക്കുന്നത്.

എട്ടു മുതല്‍ ഒമ്പത് മാസം വരെ സമയം എടുക്കും ഒരു കിസ്‌വ നിര്‍മിക്കാൻ. നേരത്തെ മുന്‍ വർഷത്തെ പോലെ തന്നെ വിശുദ്ധ കഅ്ബയിലെ നിലവിലെ കിസ്‌വ ഹജ്ജ് സമയത്ത് ഉയര്‍ത്തി വെച്ചിരുന്നു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വീഡിയോകൾ കാണാം

 

നിർമ്മാണ ഫാക്ടറിയിൽ നിന്നും കിസ് വ എടുക്കുന്നു

കിസ് വ ഹറം പള്ളിയിലേക്ക് കൊണ്ടു വരുന്നു

 

 

 

 

Share
error: Content is protected !!