യു.പി സർക്കാരിൽ കലഹം; യോഗിയോട് വിയോജിച്ച് രണ്ട് മന്ത്രിമാർ. രാജിക്കൊരുങ്ങുന്നതായും സൂചന

യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ രണ്ട് മന്ത്രിമാരായ ദിനേശ് ഖാതിക്, ജിതിൻ പ്രസാദ എന്നിവർ യുപി സർക്കാരിന്റെ പ്രവർത്തനത്തിൽ അസ്വസ്ഥരാണെന്ന് റിപ്പോർട്ട്. ദിനേശ് ഖാതിക് സർക്കാരിൽ നിന്ന് രാജിവെക്കുമെന്നാണ് പറയപ്പെടുന്നത്. ഇതിനിടെ, തന്റെ പരാതികൾ സംസാരിക്കാൻ ജിതിൻ പ്രസാദ ഇന്ന് ആഭ്യന്തരമന്ത്രി അമിത് ഷായെ കാണാനും നീക്കമുണ്ട്.

ഉത്തർപ്രദേശിലെ ജലശക്തി വകുപ്പ് സഹമന്ത്രി ദിനേഷ് ഖാതിക് യോഗി സർക്കാരിൽ നിന്ന് രാജിവെക്കുന്ന കാര്യം സജീവ പരിഗണനയിലുള്ളതായി സൂചന. എന്നാൽ യോഗി ആദിത്യനാഥ് മന്ത്രിസഭ വാർത്ത നിഷേധിച്ചിട്ടുണ്ട്. പിഡബ്ല്യുഡി മന്ത്രി ജിതിൻ പ്രസാദയും തന്റെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (ഒഎസ്ഡി) യുടെ സ്ഥലംമാറ്റത്തിൽ അതൃപ്തനാണെന്നും റിപ്പോർട്ടുകളുണ്ട്.

തന്റെ വകുപ്പിലെ സ്ഥലംമാറ്റങ്ങളിലും ഹസ്തിനപുരിലെ തന്റെ അനുയായികൾക്കെതിരായ കേസുകളിലും ഖതിക്ക് കടുത്ത അമർഷമുണ്ടെന്നാണ് റിപ്പോർട്ട്. മന്ത്രി സ്വതന്ത്ര ദേവ് സിംഗാണ് വകുപ്പിന്റെ തലവൻ. ഔദ്യോഗിക വസതിയും വാഹനവും ഒഴിഞ്ഞ് ഖതിക് ഹസ്തിനപുരിലെ തന്റെ സ്വകാര്യ വസതിയിലേക്ക് മാറിയെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ട്രാൻസ്ഫർ അന്വേഷണത്തിൽ യോഗി സർക്കാരുമായി ജിതിൻ പ്രസാദ കലഹിച്ചു

സംസ്ഥാനം കേന്ദ്രത്തിലേക്ക് തിരിച്ചയച്ച ഒഎസ്ഡി അനിൽകുമാർ പാണ്ഡെയെ സ്ഥലം മാറ്റിയ വിഷയത്തിൽ പി.ഡബ്ല്യു.ഡി മന്ത്രി ജിതിൻ പ്രസാദും സംസ്ഥാന സർക്കാരിനോട് കലഹിച്ചതായി വിശ്വസനീയ വൃത്തങ്ങൾ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ചൊവ്വാഴ്ച രാത്രി വൈകുംവരെ രണ്ട് മന്ത്രിമാരുടെയും ഫോണുകൾ സ്വിച്ച് ഓഫ് ആയിരുന്നു.

പി.ഡബ്ല്യൂ.ഡി വകുപ്പിനെതിരെ ചീഫ് സെക്രട്ടറി ദുർഗാ ശങ്കർ മിശ്ര, ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി അവനീഷ് അവസ്തി, പഞ്ചസാര വ്യവസായ, എക്‌സൈസ് അഡീഷണൽ ചീഫ് സെക്രട്ടറി സഞ്ജയ് ആർ ഭൂസ്‌റെഡ്ഡി എന്നിവരടങ്ങിയ മൂന്നംഗ അന്വേഷണ സമിതി നടത്തിയ അന്വോഷണത്തിൽ വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഈ മാസം ആദ്യം യോഗി ആദിത്യനാഥ് സർക്കാർ പൊതുമരാമത്ത് വകുപ്പിനെതിരെ കടുത്ത നടപടി സ്വീകരിച്ചത്. 

വകുപ്പിലെ ക്രമക്കേടുകളും അഴിമതിയും ആരോപിച്ച് മറ്റ് അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. 

പണം വാങ്ങി എൻജിനീയർമാർക്കും ഉദ്യോഗസ്ഥർക്കും സ്ഥലംമാറ്റം അനുവദിച്ചുവെന്ന് കണ്ടെത്തിയതായി അന്വേഷണസംഘം അന്വേഷണ റിപ്പോർട്ടിൽ അനിൽകുമാർ പാണ്ഡെയെ കുറ്റപ്പെടുത്തി.

പൊതുമരാമത്ത് വകുപ്പിലെ എൻജിനീയർമാരുടെയും ആരോഗ്യവകുപ്പിലെ ഡോക്ടർമാരുടെയും സ്ഥലംമാറ്റത്തിനെതിരെ നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പാണ്ഡെയ്‌ക്കെതിരെ വിജിലൻസ് അന്വേഷണത്തിനും വകുപ്പുതല നടപടിക്കും ശുപാർശ ചെയ്തിരിക്കുന്നത്. 

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപണങ്ങളിൽ റിപ്പോർട്ട് നൽകാൻ മുതിർന്ന ഉദ്യോഗസ്ഥരോട് ഉത്തരവിട്ടിരുന്നു.

അന്വേഷണത്തെക്കുറിച്ച് സംസാരിക്കാൻ ജിതിൻ പ്രസാദ ബുധനാഴ്ച ഡൽഹിയിലെത്തി ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടേക്കും.

ജിതിൻ പ്രസാദ ചൊവ്വാഴ്ച യോഗി മന്ത്രിസഭാ യോഗത്തിൽ ഉണ്ടായിരുന്നെങ്കിലും മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയിരുന്നില്ല.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!