കൈവിട്ട കളി; ഉറങ്ങുമ്പോൾ സഹപാഠികൾ കണ്ണുകളിൽ പശതേച്ചു, എട്ട് സ്‌കൂൾ വിദ്യാര്‍ഥികൾ ആശുപത്രിയിൽ

ഭുവനേശ്വര്‍: ഹോസ്റ്റലില്‍ ഉറങ്ങുന്നതിനിടെ സഹപാഠികള്‍ കണ്ണുകളില്‍ പശ തേച്ചതിനെത്തുടര്‍ന്ന് എട്ട് സ്‌കൂള്‍ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒഡിഷയിലെ സാലാഗുഡയിലെ സേവാശ്രമം സ്‌കൂള്‍ ഹോസ്റ്റലിലാണ് സംഭവം. പശ തേച്ചതിനെത്തുടര്‍ന്ന് കണ്‍പോളകള്‍ ഒട്ടിപ്പോയനിലയിലാണ് വിദ്യാര്‍ഥികള്‍ ഉറക്കമെഴുന്നേറ്റത്. ഇതോടെ നിലവിളിച്ച കുട്ടികളെ അധികൃതര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടികളില്‍ ഒരാള്‍ ആശുപത്രിവിട്ടെന്നും ബാക്കി ഏഴുപേര്‍ നിരീക്ഷണത്തില്‍ തുടരുകയാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

പ്രാങ്ക് ആയാണ് ഹോസ്റ്റലിലെ സഹപാഠികള്‍ രാത്രി ഉറങ്ങുകയായിരുന്ന കുട്ടികളുടെ കണ്ണുകളില്‍ സൂപ്പര്‍ഗ്ലൂ പോലെയുള്ള പശതേച്ചത്. മൂന്ന്, നാല്, അഞ്ച് ക്ലാസുകളില്‍ പഠിക്കുന്ന എട്ട് കുട്ടികളാണ് അതിക്രമത്തിനിരയായത്. കണ്ണില്‍ കടുത്തവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ട് ഉറക്കമെഴുന്നേറ്റപ്പോഴാണ് കണ്‍പോളകള്‍ ഒട്ടിയനിലയിലാണെന്ന് മനസിലായത്. ഇതോടെ കുട്ടികള്‍ ഉറക്കെ നിലവിളിച്ചു. തുടര്‍ന്ന് ഹോസ്റ്റല്‍ ജീവനക്കാര്‍ കുട്ടികളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

പശ തേച്ചതിനെത്തുടര്‍ന്ന് കുട്ടികളുടെ കണ്ണുകള്‍ക്ക് സാരമായ തകരാര്‍ സംഭവിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കൃത്യസമയത്ത് വൈദ്യസഹായം നല്‍കിയതിനാല്‍ കാഴ്ചശക്തി നഷ്ടപ്പെടുന്നത് തടയാനായെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

അതേസമയം, സംഭവത്തില്‍ സ്‌കൂളിലെ ഹെഡ്മാസ്റ്ററെ ജില്ലാ ഭരണകുടം സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്താനും ഉത്തരവിട്ടു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും ജില്ലാ ഭരണകൂടം ഉറപ്പുനല്‍കിയിട്ടുണ്ട്.

Share