“കുത്തബ് മിനാർ സൂര്യനെ നിരീക്ഷിക്കാൻ വിക്രമാദിത്യ രാജാവ് നിർമിച്ചത്”; പുതിയ വാദവുമായി മുൻ ഉദ്യോഗസ്ഥൻ
ന്യൂഡൽഹി: ചരിത്രപ്രസിദ്ധമായ കുത്തബ് മിനാർ വിക്രമാദിത്യ രാജാവ് പണികഴിപ്പിച്ചതാണെന്ന വാദവുമായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) മുൻ ഉദ്യോഗസ്ഥൻ രംഗത്ത്. സൂര്യന്റെ ദിശയെക്കുറിച്ച് പഠിക്കുന്നതിനായി അഞ്ചാം നൂറ്റാണ്ടിൽ വിക്രമാദിത്യ രാജാവാണ് കുത്തബ് മിനാർ നിർമിച്ചതെന്നും, കുത്തബുദ്ദീൻ ഐബക്കാണ് കുത്തബ് മിനാർ നിർമ്മിച്ചതെന്ന വാദം തെറ്റാണെന്നും എഎസ്ഐ മുൻ റീജണൽ ഡയറക്ടറായ ധരംവീർ ശർമ പറഞ്ഞു. ഇതു സംബന്ധിച്ച് വ്യക്തമായ തെളിവുകളും തന്റെ പക്കലുണ്ടെന്ന് ധരംവീർ അവകാശപ്പെടുന്നുണ്ട്.
25 ഇഞ്ച് ഉയരമുള്ള ഗോപുരമാണ് കുത്തബ് മിനാർ. സൂര്യനെ നോക്കുന്നതിനായാണ് ഗോപുരം നിർമിച്ചത്. സൂര്യഗ്രഹണം ഈ ഗോപുരത്തിൽ പോയി കണ്ടിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
ജൂൺ 21ന്, സൂര്യാസ്തമയം മാറുന്നതിന് ഇടയിൽ കുറഞ്ഞത് അരമണിക്കൂറെങ്കിലും ആ ഭാഗത്ത് നിഴൽ വീഴില്ല. ഇതു ശാസ്ത്രവും പുരാവസ്തു വസ്തുതയുമാണ്.’– ധരംവീർ ശർമ പറയുന്നു. എഎസ്ഐയുടെ ഭാഗമായി നിരവധി തവണ കുത്തബ് മിനാറിൽ താൻ സർവേ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുത്തബ് മിനാർ ഒരു സ്വതന്ത്ര കെട്ടിടമാണ്. അതിനടുത്തുള്ള മസ്ജിദുമായി ബന്ധമില്ല. കുത്തബ് മിനാറിന്റെ വാതിൽ പോലും വടക്കോട്ടാണ്. രാത്രി ആകാശത്ത് ധ്രുവനക്ഷത്രം കാണുന്നതിനാണ് ഇതെന്നും മുൻ എഎസ്ഐ ഉദ്യോഗസ്ഥൻ അവകാശപ്പെടുന്നു.
കുത്തബ് മിനാറിന്റെ പേരു മാറ്റി ‘വിഷ്ണു സ്തംഭം’ എന്നാക്കണമെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് ഹിന്ദു ഫ്രണ്ട്, രാഷ്ട്രവാദി ശിവ സേന, മഹാകൽ മാനവ സേവ തുടങ്ങിയ സംഘടനകളുടെ പ്രവർത്തകർ കഴിഞ്ഞയാഴ്ച ഗോപുരത്തിനു മുൻപിൽ ഹനുമാൻ ചാലിസ ചൊല്ലിയിരുന്നു. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്താണ് നീക്കിയത്.
കുത്തബ് മിനാർ വളപ്പിൽ ഹിന്ദു–ജൈന പ്രതിഷ്ഠകൾ പുനഃസ്ഥാപിക്കണമെന്നും ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളിയിരുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക