ഭര്‍ത്താവ് മൊബൈല്‍ ഫോണ്‍ എറിഞ്ഞുടച്ചു; വിഷമം സഹിക്കവയ്യാതെ ഭാര്യ ജീവനൊടുക്കി
കോതമംഗലം: ഭര്‍ത്താവ് മൊബൈല്‍ പിടിച്ചുവാങ്ങി എറിഞ്ഞുടച്ചതിന് പിന്നാലെ യുവതി തൂങ്ങിമരിച്ചു. തുടര്‍ന്നു ഭര്‍ത്താവിനും ഭര്‍തൃമാതാവിനും എതിരെ പൊലീസ് കേസെടുത്തു. അശമന്നൂര്‍ മേതല കനാല്‍പാലം വിച്ചാട്ട് പറമ്ബില്‍ അലിയാരിന്റെ മകള്‍ സുമി മോളാണ് (30) ഭര്‍ത്തൃവീട്ടില്‍ തൂങ്ങി മരിച്ചത്.
ഭര്‍ത്താവ് പോത്താനിക്കാട് വെട്ടിത്തറ പാലക്കുന്നേല്‍ ഫൈസല്‍, മാതാവ് ഫാത്തിമ എന്നിവരെ പ്രതി ചേര്‍ത്താണ് പോത്താനിക്കാട് പൊലീസ് സംഭവത്തില്‍ കേസെടുത്തിട്ടുള്ളത്. ഒന്നര വര്‍ഷം മുമ്ബ് ഫാത്തിമയുടെ ഉപദ്രവം സഹിക്കാന്‍ കഴിയാതെ 4 വര്‍ഷത്തോളം മകള്‍ വീട്ടിലായിരുന്നെന്നും ഫൈസലിന്റെ പിതാവ് മരണപ്പെട്ട ശേഷമാണ് ഭര്‍ത്തൃഗ്രഹത്തിലേയ്ക്ക് തിരിച്ചുപോരുന്നതെന്നും ഇതിന് ശേഷവും മകളെ ഫൈസലും മാതാവും പലതരത്തിലും ബുദ്ധിമുട്ടിച്ചെന്നും ഇതെത്തുടര്‍ന്നുള്ള വിഷമത്തിലാണ് മകള്‍ ആത്മഹത്യ ചെയ്തെന്നും സുമിയുടെ പിതാവ് അലിയാര്‍ പറയുന്നു.
അലിയാരിന്റെ മൊഴിപ്രകാരമാണ് സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസില്‍ നടപടികള്‍ തുടരുമെന്ന് പൊലീസ് വ്യക്തമാക്കി. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ഏഴും നാലും രണ്ടും വയസുള്ള കുട്ടികള്‍ മാത്രം വീട്ടിലുള്ളപ്പോഴായിരുന്നു കുളിക്കാനെന്നും പറഞ്ഞ് മുറയില്‍ക്കയറി കതകടച്ച ശേഷം സുമിമോള്‍ ജീവനൊടുക്കിയത്.
ഏറെ നേരം കഴിഞ്ഞിട്ടും ഉമ്മ മുറിയില്‍ നിന്നും പുറത്തുവരാത്തതിനെത്തുടര്‍ന്ന് മൂത്തകുട്ടി കതകില്‍ മുട്ടുകയും ഉച്ചത്തില്‍ വിളിക്കുകയും ചെയ്തരുന്നു. പ്രതികരണം ഇല്ലാതായതോടെ കുട്ടി അയല്‍വീട്ടിലെത്തി വിവരം പറയുകയും അവര്‍ ഫൈസലിനെ വിവരം അറിയിക്കുകയും ചെയ്തു.ഇതുപ്രകാരം സമീപത്ത് ജോലി ചെയ്തിരുന്ന ഫൈസല്‍ ഉടന്‍ വീട്ടിലെത്തി കതക് ചവിട്ടിത്തുറക്കുകയും കഴുത്തില്‍ കയര്‍കുരുക്കി തൂങ്ങിയ നിലയില്‍ സുമിയെ കണ്ടെത്തുകയുമായിരുന്നു.
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സംഭവ ദിവസം ഉച്ചക്ക് ജോലി സ്ഥലത്തുനിന്നും ഫൈസല്‍ ചോറുണ്ണാന്‍ വീട്ടില്‍ എത്തിയപ്പോള്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും സുമിയുടെ കൈയിലിരുന്ന ഫോണ്‍ വാങ്ങി തറയില്‍ എറിഞ്ഞ് ഉടയ്ക്കുകയും ചെയ്തിരുന്നു. ഇത് സുമിയെ ഏറെ സങ്കടപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഫോണ്‍ നന്നാക്കിത്തരാമെന്നും മറ്റും പറഞ്ഞ് സുമിയെ ആശ്വസിപ്പിച്ച ശേഷമാണ് ഫൈസല്‍ ജോലി സ്ഥലത്തേയ്ക്ക് മടങ്ങിയത്.ഇതിന് പിന്നാലെയായിരുന്നു സുമി ജീവനൊടുക്കിയത്.
സൗണ്ട് സിസ്റ്റം ഓപ്പേറേറ്ററായിട്ടാണ് ഫൈസല്‍ ജോലി ചെയ്തിരുന്നത്. ഭര്‍തൃമാതാവുമായുള്ള ആസ്വാരസ്യത്തിന് പുറമെ ഭര്‍ത്താവിന്റെ ഭാഗത്തുനിന്നുള്ള അവഗണനയും ശകാരവും മകളെ മാനസീകമായി തകര്‍ത്തെന്നും ഇതുമൂലമുള്ള വിഷമം താങ്ങാനാവാതെയാണ് മകള്‍ കടുംകൈയ്ക്ക് മുതിര്‍ന്നതെന്നുമാണ് പിതാവ് അലിയാരിന്റെ ആരോപണം. മൃതദേഹം കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം യുവതിയുടെ നാടായ മേതലയില്‍ ഖബറടക്കി. മക്കള്‍:ഷഹബല്‍, ഫഹദ്, സുഫിയാന്‍.