പാരമ്പര്യ വൈദ്യനെ ക്രൂരമായി കൊന്ന പ്രതി, അബൂദാബിയിൽ രണ്ട് മലയാളികളേയും കൊന്നു. കൂടുതൽ വിവരങ്ങൾ പുറത്ത്

മലപ്പുറത്തെ നിലമ്പൂരില്‍, മൈ​സൂ​രു രാ​ജീ​വ് ന​ഗ​റി​ലെ നാ​ട്ടു​വൈ​ദ‍്യ​ൻ ഷാ​ബാ ഷ​രീ​ഫി​നെ (60) ചങ്ങലിക്കിട്ട് ദാരുണമായി കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ മറ്റു രണ്ട് കൊലപാതകങ്ങളും ആസൂത്രണം ചെയ്തതിൻ്റെ തെളിവുകൾ പുറത്ത്. 2020ല്‍ അബുദാബിയിലാണ് രണ്ട് മലയാളികളുടെ കൊലപാതകങ്ങള്‍ നടന്നത്. കൊലപാതകത്തിന് മുമ്പായി വൻ ആസൂത്രണമാണ് പ്രതികൾ നടത്തിയത്. ആത്മഹത്യയെന്ന് തോന്നും വിധത്തില്‍ രണ്ടുപേരെ കൊല്ലാനായിരുന്നു പദ്ധതിയിട്ടിരുന്നത്. ഇതിനായി പദ്ധതിയുടെ പൂർണരൂപം പ്രിന്റ് ചെയ്തു ഭിത്തിയില്‍ ഒട്ടിച്ചതിൻ്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്ത് വിട്ടു.

സംഘത്തലവനായ ഷൈബിന്‍ അഷറഫിന്റെ കൂട്ടാളിയായ മുക്കം സ്വദേശി ഹാരിസിനെയും മറ്റൊരു സ്ത്രീയെയുമാണ് കൊലപ്പെടുത്താനായി പദ്ധതിയിട്ടത്. ഇതിലെ മുക്കം സ്വദേശി ഹാരിസ് 2020ല്‍ അബുദാബിയില്‍വെച്ച് കൈമുറിച്ച് ആത്മഹത്യ ചെയ്തതായി നേരത്തെ വാർത്തകൾ വന്നിരുന്നു.

കൊലപാതകങ്ങൾ നടപ്പിലാക്കേണ്ടത് എങ്ങിനെയെന്ന് വിശദീകരിക്കുന്ന പദ്ധതി ഭിത്തിയിലൊട്ടിച്ചതിൻ്റെ വീഡിയോ ചിത്രീകരിച്ചത് പ്രതി നൗഷാദ് ആണ്. സ്വയം രക്ഷക്ക് വേണ്ടിയാണ് വിഡിയോ ചിത്രികരിക്കുന്നതെന്ന് നൌഷാദ് വിഡിയോയിൽ പറയുന്നുണ്ട്. വൈദ്യനെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളും നൗഷാദ് തന്നെയാണ് പകര്‍ത്തിയിരുന്നത്. പൊലീസ് പ്രതികളുടെ ലാപ്ടോപ്പില്‍നിന്നു ശേഖരിച്ച ദൃശ്യങ്ങളുടെയും ശബ്ദ സന്ദേശങ്ങളുടെയും പകര്‍പ്പാണ് മാധ്യമങ്ങൾ പുറത്ത് വിട്ടത്.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ ആത്മഹത്യാ ഭീഷണി മുഴക്കിയ കവർച്ചാ കേസ് പ്രതികൾ ഗൾഫിലെ 2 കൊലപാതകങ്ങളിൽ ഷൈബിന് പങ്കുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. ഷൈബിന്റെ ബിസിനസ് പങ്കാളിയായ കോഴിക്കോട് മുക്കം സ്വദേശിയെ കൈ ഞരമ്പ് മുറിച്ചും എറണാകുളം സ്വദേശിനിയെ ശ്വാസം മുട്ടിയും ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതാണ് സംഭവം. ഇത് സംബന്ധിച്ച് കേരള പോലീസിന് ലഭിച്ച വിവരങ്ങൾ പുനരന്വേഷണത്തിനായി അബുദാബി പൊലീസിന് കൈമാറും.

 

 

കൊല്ലപ്പെട്ട നാട്ടു വൈദ്യൻ ഷാബാ ഷരീഫ്

 

 

കൂറ്റൻ മതിൽ കെട്ടിനുളളിലെ ആഢംബര വസതികളിൽ നടക്കുന്നതെന്ത് ?

പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷൈബിന്റെ ജീവിതം നിഗൂഢതകൾ നിറഞ്ഞതാണ്. പ്രതിയുടെ നിലമ്പൂരിലെ വീടും സുൽത്താൻ ബത്തേരിയിൽ നിർമാണത്തിലുള്ള ആഢംബര വസതിയും കൂറ്റൻ മതിൽ കെട്ടിനുള്ളിലാണ്. ബത്തേരിയിൽ ഷൈബിന് 2 വീടുകളുണ്ട്. കൂടാതെ താമരശ്ശേരി ഈങ്ങാപ്പുഴയിൽ ബിസിനസ് പ്രൊജക്ടും ഉണ്ട്.

സാധാരണ കുടുംബത്തിലാണ് ഷൈബിൻ ജനിച്ചത്. പിതാവ് മെക്കാനിക്കായിരുന്നു. പ്ലസ് ടു വിദ്യാഭ്യാസവും കംപ്യൂട്ടർ ജ്ഞാനവും മാത്രം കൈമുതലുള്ള ഈ 42കാരന്റെ സാമ്പത്തിക വളർച്ചക്കുപിന്നിലെ രഹസ്യങ്ങളും പൊലീസ് അന്വേഷിച്ച് വരികയാണ്. 10 വർഷം മുൻപാണ് അബുദാബിയിലെത്തിയത്. ഡീസൽ വ്യാപാരത്തിലാണ് തുടക്കം. അബുദാബിയിൽ സ്വന്തമായി റസ്റ്ററന്റുണ്ട്.  ഇപ്പോൾ അബുബാദിയിലേക്ക് പോകാറില്ല. പ്രവേശന വിലക്കുള്ളതായാണ് പൊലീസിന് ലഭിച്ച വിവരം. ഇതിൻ്റെ കാരണവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

വടംവലി മത്സരവുമായി ബന്ധപ്പെട്ട് ഒരാളെ മർദിച്ചതിന് ഷൈബിൻ, കൂട്ടുപ്രതി ഷിഹാബുദ്ദീൻ എന്നിവർക്കെതിരെ ബത്തേരി പൊലീസിൽ കേസുണ്ട്. അടുത്തിടെ നഷ്ടപരിഹാരം നൽകി ഒത്തുതീർപ്പാക്കി. വാഹന അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ കുന്നംകുളം സ്റ്റേഷനിൽ ഷൈബിനെതിരെ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.

 

ചാലിയാറിൽ കഷ്ണങ്ങളാക്കി ഒഴുക്കിയ മൃതദേഹം ലഭിച്ചില്ലെങ്കിലും കേസ് തെളിയിക്കാം

പാരമ്പര്യ ചികിത്സകൻ ഷാബാ ഷരീഫി(60)നെ കൊലപ്പെടുത്തിയ സംഭവത്തിൽ 5 പ്രതികളെക്കൂടി പിടികൂടാനുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ത് ദാസ് പറഞ്ഞു. നിലമ്പൂർ, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള സംഘത്തെ അന്വേഷണത്തിനു നിയോഗിച്ചു. കഷണങ്ങളാക്കി ചാലിയാറിൽ ഒഴുക്കിയ മൃതദേഹം കണ്ടെത്താൻ ശ്രമം നടത്തും.

മൃതദേഹം ലഭിച്ചില്ലെങ്കിലും സാഹചര്യത്തെളിവുകളുടെയും ഡിജിറ്റൽ തെളിവുകളുടെയും പിൻബലത്തോടെ കൊലപാതകം തെളിയിക്കാനാകുമെന്നും സുപ്രീംകോടതിയുടെ തന്നെ വിധി ഇക്കാര്യത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഷാബാ ഷരീഫിനെ തടവിൽ പാർപ്പിച്ച കാലത്ത് ഷൈബിന്റെ ഭാര്യയും കുട്ടിയും ഈ വീട്ടിലുണ്ടായിരുന്നു. ഭാര്യയുടെ മൊഴി രേഖപ്പെടുത്തി. ഇവർക്ക് സംഭവത്തെക്കുറിച്ച് അറിയാമോയെന്നും അന്വേഷിക്കുന്നുണ്ട്. തെളിവ് നശിപ്പിക്കുന്നതിനുൾപ്പെടെ കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നു പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മൈസൂരു സ്വദേശിയായ പാരമ്പര്യ ചികിത്സാ വിദഗ്ധൻ ഷാബാ ഷരീഫിനെ 2019 ഓഗസ്റ്റ് മുതൽ ഷൈബിന്റെ മുക്കട്ടയിലെ വീടിന്റെ ഒന്നാം നിലയിലെ മുറിയിൽ പ്രത്യേക സജ്ജീകരണങ്ങളൊരുക്കിയാണ് ചങ്ങലയ്ക്കിട്ട് പീഡിപ്പിച്ചത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.

മൂലക്കുരു ചികിത്സയ്ക്കുള്ള ഒറ്റമൂലി ഷാബാ ഷരീഫിൽനിന്നു മനസ്സിലാക്കി സ്വന്തമായി സ്ഥാപനം തുടങ്ങാനായിരുന്നു ഷൈബിന്റെ പദ്ധതി. 2020 ഒക്ടോബറിൽ ഇയാൾ കൊല്ലപ്പെട്ടു.  അറസ്റ്റിലായ ഷൈബിൻ, ബത്തേരി സ്വദേശികളായ പൊന്നക്കാരൻ ഷിഹാബുദ്ദീൻ, തങ്ങളകത്ത് നൗഷാദ്, ഷൈബിന്റെ ഡ്രൈവർ നടുത്തൊടിക നിഷാദ് എന്നിവർ റിമാൻഡിലാണ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!