പ്രളയകാലത്ത് രക്ഷാ പ്രവർത്തനത്തിലൂടെ ശ്രദ്ധേയനായ ജൈസൽ താനൂർ അറസ്റ്റിൽ

പ്രളയകാലത്ത് രക്ഷാ പ്രവർത്തനത്തിലൂടെ ശ്രദ്ദേയനായ മലപ്പുറം പരപ്പനങ്ങാടിയിലെ ജൈസലിനെ ഓർമ്മയില്ലേ. ബോട്ടിലേക്ക് കയറാൻ പ്രയാസപ്പെട്ട സ്ത്രീക്ക്  ചവിട്ടികയറാൻ സ്വന്തം മുതുക് കാണിച്ച് കൊടുത്ത ജൈസൽ അന്ന് വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. ഇയാളെ താനൂർ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം താനൂർ ഒട്ടുംപുറം തൂവൽ തീരത്ത് കാറിൽ ഇരിക്കുകയായിരുന്ന പുരുഷനെയും സ്ത്രീയെയും മൊബൈലിൽ ഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.

പരപ്പനങ്ങാടി ആവിൽ ബീച്ച് കുട്ടിച്ചിന്റെപുരക്കൽ ജൈസലാണ് (37- ജൈസൽ താനൂർ) അറസ്റ്റിലായത്. പ്രളയ രക്ഷാപ്രവർത്തനങ്ങളിലൂടെ വാർത്തകളിൽ നിറഞ്ഞുനിന്ന വ്യക്തിയാണ് ജൈസൽ. 2021 ഏപ്രിൽ 15നായിരുന്നു കേസിനാസ്പദമായ സംഭവം. കാറിൽ ഇരിക്കുകയായിരുന്നവരെ സമീപിച്ച് ചിത്രങ്ങൾ എടുക്കുകയും ലക്ഷം രൂപ നൽകിയില്ലെങ്കിൽ ചിത്രങ്ങൾ സമൂഹ മാധ്യമം വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു. അക്കൗണ്ടിൽ നിന്ന് ഗൂഗ്ൾ പേ വഴി 5000 രൂപ നൽകിയതിനു ശേഷമാണ് ഇവരെ പോകാൻ അനുവദിച്ചത്.

പ്രതി തിരുവനന്തപുരം, കൊല്ലം, മംഗലാപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്നും ബുധനാഴ്ച താനൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് കസ്റ്റഡിയിൽ എടുത്തതെന്നും പൊലീസ് പറഞ്ഞു.

താനൂർ സി.ഐ ജീവൻ ജോർജിന്റെ നിർദേശപ്രകാരം താനൂർ എസ്.ഐ ശ്രീജിത്ത്, എസ്.ഐ രാജു, എ.എസ്.ഐ റഹിം യൂസഫ്, സി.പി.ഒ കൃഷ്ണപ്രസാദ്, തിരൂർ പൊലീസ് സ്റ്റേഷനിലെ സി.പി.ഒമാരായ ഷെറിൻജോൺ, അജിത്ത്, ധനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ജില്ല കോടതിയിലും ഹൈകോടതിയിലും നൽകിയ മുൻകൂർ ജാമ്യ അപേക്ഷകൾ തള്ളിയിട്ടുള്ളതാണെന്നും പൊലീസ് അറിയിച്ചു. പ്രതിയെ വ്യാഴാഴ്ച പരപ്പനങ്ങാടി കോടതിയിൽ ഹാജറാക്കും.

വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/IVNr7uCNZq9KwJlm1nff5T

Share
error: Content is protected !!