പി.സി ജോർജിൻ്റെ അറസ്റ്റും ജാമ്യവും നാടകമോ ? സർക്കാരിനെതിരെ രൂക്ഷ വിമർശനം

പിസി ജോർജിൻ്റെ അറസ്റ്റും, ജാമ്യവും കേവലം നാടകം മാത്രമാണെന്ന് ആക്ഷേപം. വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പി.സി ജോർജിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേ അഡീഷണൽ പ്രോസിക്യൂട്ടർ ഹാജരായില്ല. പൊലീസ് ആവശ്യപ്പെട്ടിട്ടും ഹാജരായില്ലെന്നാണ് റിപ്പോർട്ട്. ജഡ്ജിയുടെ വീട്ടിൽ നടക്കുന്ന കോടതി നടപടികളിൽ ഹാജരാകാറില്ലെന്നാണ് ഇതിന് പ്രോസിക്യൂട്ടർ നൽകിയ വിശദീകരണം. പ്രോസിക്യൂട്ടർ എത്താതായതോടെ പോലീസ് തന്നെ വാദങ്ങൾ ഉന്നയിച്ച അസാധാരണ സംഭവമാണ് നടന്നത്. തുടർന്ന് മതവിദ്വേഷകരമായ പ്രസംഗം നടത്തിയ കേസിൽ അറസ്റ്റിലായ ദിവസം തന്നെ പി.സി ജോർജിന് ഇടക്കാല ജാമ്യം ലഭിക്കുകയായിരുന്നു. അഡീഷണൽ പ്രോസിക്യൂട്ടർ ഹാജരാകാത്ത നടപടി​ക്കെതിരെ രൂക്ഷവിമർശനവുമായി വിവിധ ​നേതാക്കൾ രംഗത്തെത്തി. സാമൂഹ്യ മാധ്യമങ്ങളിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് നടന്ന് വരുന്നത്.

വിദ്വേഷ പ്രസംഗം നടത്തരുത്, സാക്ഷിയെ സ്വാധീനിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. ഇന്ന് പുലർച്ചെ കോട്ടയം ഈരാറ്റുപേട്ടയിലെ വീട്ടിൽനിന്ന് തിരുവനന്തപുരം ഫോർട്ട് പൊലീസാണ് പി.സി ജോർജിനെ കസ്റ്റഡിയിലെടുത്തിരുന്നത്. പി.സി. ജോർജുമായി തിരുവനന്തപുരത്തേക്ക് പോയ പൊലീസ് സംഘം അദ്ദേഹത്തെ നന്ദാവനം എ.ആർ ക്യാംപിലെത്തിച്ചു. ഇതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐ.പി.സി 153എ വകുപ്പ് പ്രകാരമാണ് അറസ്റ്റ്.

അതേസമയം, കേസിൽ പൊലീസ് ചുമത്തിയ 153എ യും 295 എയും നിലനിൽക്കില്ലെന്നും ഹിന്ദുക്കൾ മാത്രമുള്ള അടച്ച മുറിയിൽ ചില പ്രവണതകളെപ്പറ്റി മുന്നറിയിപ്പ് നൽകുകയായിരുന്നു താനെന്നും മുൻ എം.എൽ.എ പിസി ജോർജിന്റെ അഭിഭാഷകൻ വാദം ഉന്നയിച്ചു. ആരോടും ആയുധം എടുത്ത് പോരാടാൻ വിവാദ വേദിയിൽ നിർദേശം നൽകിയിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. അറിയപ്പെടുന്ന പൊതു പ്രവർത്തകനായ താൻ കടുത്ത പ്രമേഹരോഗിയാണെന്നും ഒളിച്ചോടുന്ന ആളല്ലെന്നും പി.സി. ജോർജ് കോടതിയിൽ വ്യക്തമാക്കി. ഈ വാദങ്ങൾ അംഗീകരിച്ചാണ് കോടതി ജാമ്യം നൽകിയത്. സ്വതന്ത്രനാക്കിയാൽ സമാനകുറ്റം ആവർത്തിക്കുമെന്ന പൊലീസ് വാദം കോടതി തള്ളുകയായിരുന്നു.

 

അതേ സമയം ഗുരുതരമായ സ്ഥിതിവിശേഷമാണ് പി.സി. ജോർജ് ഉണ്ടാക്കിയിട്ടുള്ളതെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. പറഞ്ഞു. കൊട്ടിയാഘോഷിച്ച് അറസ്റ്റ് ചെയ്തിട്ട് എന്ത് സംഭവിച്ചു? ജാമ്യത്തെ എതിർക്കാൻ സർക്കാർ അഭിഭാഷകൻ പോലും മജിസ്‌ട്രേറ്റിന്റെ മുമ്പിൽ ഹാജരായില്ല എന്നത് അമ്പരപ്പിക്കുന്ന കാര്യമാണ്. ഏതൊരു വർഗീയവാദിയും പറയാൻ അറയ്ക്കുന്ന വാക്കുകളാണ് പി.സി ജോർജ് ഉപയോഗിച്ചിട്ടുള്ളത്. ഈയിടെ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ അശിഷ് മിശ്രയുടെ ജാമ്യം അനുവദിച്ച കോടതി നടപടിയെ ശക്തമായി എതിർത്തുകൊണ്ട് സുപ്രീം കോടതി നടത്തിയ വിധിയെഴുത്ത് വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണെന്നും ഇ.ടി കൂട്ടിച്ചേർത്തു.

പി.സി. ജോർജിനെ പോലുള്ളവർ ചെയ്തുവരുന്നത് രാജ്യദ്രോഹപരമായ കുറ്റമാണ്. മറ്റൊരാൾക്കും അത്തരമൊരു പരാമർശം നടത്താൻ കഴിയാത്ത വിധം നിയമം മുഖേന ചെയ്യാവുന്ന എല്ലാ കർക്കശമായ നടപടികളും ജോർജിന്റെ പേരിൽ എടുക്കേണ്ടതാണെന്നും ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു.

 

പി.സി ജോർജിന്റെ കസ്റ്റഡിയും സ്വന്തം കാറിൽ ആഘോഷപൂർവ്വം കൊണ്ടു നടന്നതും അറസ്റ്റുമൊക്കെ വെറും നാടകമായിരുന്നോ എന്ന് സംശയിക്കുന്നതായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് പറഞ്ഞു. കോടതിയിൽ സർക്കാർ അഭിഭാഷകൻ ഒരക്ഷരം മിണ്ടിയില്ല എന്നാണ് പി.സി ജോർജ് തന്നെ പറയുന്നത്. ഇത് ഒത്ത് കളിയാണോ എന്ന് സംശയത്തിന് ഇട നൽകുന്നതാണെന്ന് പി.കെ. ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു.

ജാമ്യം കിട്ടിയ ജോർജ് പറഞ്ഞത് താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു എന്നാണ്. ഇത് നൽകുന്ന സന്ദേശമെന്താണ്? ജാമ്യം നൽകുമ്പോൾ കോടതി പറഞ്ഞത് ഇത്തരം വിദ്വേഷ പ്രസംഗങ്ങൾ വീണ്ടും നടത്തരുതെന്നാണ്. എന്നാൽ ജാമ്യം കിട്ടി മിനിറ്റുകൾക്കുള്ളിൽ തന്നെ പി.സി ജോർജ് ഉപാധി ലംഘിച്ചിരിക്കുന്നു. സർക്കാറിന് ആത്മാർത്ഥതയുണ്ടെങ്കിൽ ജാമ്യം റദ്ദ് ചെയ്യാനാവശ്യപ്പെട്ട് കോടതിയെ സമീപിക്കണം. അല്ലെങ്കിൽ ക്ലിഫ് ഹൗസിൽ ഒരു വാഴ നട്ട് ഡി.വൈ.എഫ്.ഐ പ്രതിഷേധിക്കണം’-പി.കെ ഫിറോസ് എഴുതി.

 

 

 

 

വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/IVNr7uCNZq9KwJlm1nff5T

 

Share
error: Content is protected !!