ഭക്ഷ്യവിഷബാധ: കാസർകോട് ഷവർമ കഴിച്ച പെൺകുട്ടി മരിച്ചു. പതിനാല് പേർ ആശുപത്രിയിൽ

കാസർകോട്∙ ചെറുവത്തൂരിൽ വിദ്യാർഥിനി മരിച്ചു. ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റാണ് മരണം. കരിവെള്ളൂരിലെ നാരായണൻ– പ്രസന്ന ദമ്പതികളുടെ മകൾ ദേവനന്ദ (16) ആണ് മരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു മരണം. ഭക്ഷ്യവിഷബാധയേറ്റ 14 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരെ ഉടനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. കഴിഞ്ഞ ദിവസം ട്യൂഷന്‍ കഴിഞ്ഞ് ഷവര്‍മ കഴിക്കാനെത്തിയ കുട്ടികള്‍ക്കാണ് വിഷബാധയേറ്റത്. ചെറുവത്തൂര്‍ ബസ് സ്റ്റാഡിന് സമീപത്താണ് ഈ കൂള്‍ബാര്‍. ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് കുട്ടികള്‍ കൂട്ടത്തോടെ കൂള്‍ബാറിലേക്ക് വരികയായിരുന്നു. വൈകുന്നേരത്തോടെ അസ്വസ്ഥത അനുഭവപ്പെട്ട കുട്ടികളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ചെറുവത്തൂരിലെ ഐഡിയൽ കൂൾബാറിൽനിന്ന് ഷവർമ കഴിച്ചവർക്കാണു ഭക്ഷ്യവിഷബാധയുണ്ടായത്. പൊലീസും ആരോഗ്യവകുപ്പും വിശദമായ പരിശോധന നടത്തുകയാണ്. ഭക്ഷണ സാമ്പിളുകൾ പരിശോധനക്ക് അയക്കും. പഴകിയ ഭക്ഷണം വിതരണം ചെയ്യുന്നത് മൂലമാണ് വിഷബാധയുണ്ടാകുന്നതെന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്.

പനി, വയറിളക്കം തുടങ്ങിയ കാരണങ്ങളിൽ നിരവധി പേരാണ് ശനി, ഞായർ ദിവസങ്ങളിൽ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെത്തിയത്. ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണു ഷവർമ കഴിച്ചവർക്കാണു ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതെന്നു കണ്ടെത്തിയത്. കൂൾബാർ അടപ്പിച്ചതായി ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി. പ്രമീള പറഞ്ഞു. മറ്റു  കടകളിലും പരിശോധന നടത്തുമെന്നും പ്രമീള അറിയിച്ചു

 

വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/IVNr7uCNZq9KwJlm1nff5T

Share
error: Content is protected !!