പെരുന്നാള്‍ നിസ്കാരത്തിനൊരുങ്ങി സൌദിയിലെ പള്ളികള്‍. ജിദ്ദ നഗരസഭയ്ക്ക് കീഴില്‍ 474 പള്ളികള്‍ തയ്യാറായി. ശനിയാഴ്ച മാസപ്പിറവി നിരീക്ഷിക്കാന്‍ നിര്‍ദേശം

ജിദ്ദ: ജിദ്ദ മുനിസിപ്പാലിറ്റിക്ക് കീഴില്‍ 474 പള്ളികളും ഈദ്ഗാഹുകളുമാണ് ചെറിയ പെരുന്നാള്‍ നമസ്കാരത്തിനായി തയ്യാറെടുക്കുന്നത്. ഇവിടെ ശുചീകരണ പ്രവര്‍ത്തനങ്ങളും മറ്റും പുരോഗമിക്കുന്നതായി മുനിസിപ്പാലിറ്റി അറിയിച്ചു. പള്ളിയും പരിസരവും പാര്‍ക്കിംഗ് സ്ഥലവുമെല്ലാം വിശ്വാസികളെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്.

 

പള്ളി ശുചീകരണത്തിനായി 1422 തൊഴിലാളികളെയാണ് മുനിസിപ്പാലിറ്റി നിയോഗിച്ചിരിക്കുന്നത്. 921 കിലോമീറ്റര്‍ സ്ഥലം ഇതിനകം അടിച്ചുവാരി. 1853 മീറ്റര്‍ നടപ്പാതകള്‍ കഴുകി. 1948 മെട്രിക് ടണ്‍ മാലിന്യങ്ങള്‍ നീക്കം ചെയ്തു.

 

പെരുന്നാള്‍ നിസ്കാരത്തിന് ഒരുങ്ങാന്‍ രാജ്യത്തെ എല്ലാ പള്ളികള്‍ക്കും ഈദ് ഗാഹുകള്‍ക്കും ഇസ്ളാമിക കാര്യ മന്ത്രാലയം നേരത്തെ നിര്‍ദേശം നല്കിയിട്ടുണ്ട്. രണ്ട് വര്‍ഷത്തിന് ശേഷമാണ് സാമൂഹിക അകലം പാലിക്കാതെ സൌദിയിലെ പള്ളികളില്‍ പെരുന്നാള്‍ നിസ്കാരം നടക്കാന്‍ പോകുന്നത്. സൂര്യന്‍ ഉദിച്ചു 15 മിനുറ്റ് ആയാല്‍ പെരുന്നാള്‍ നിസ്കാരം നിര്‍വഹിക്കാനാണ് മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്.

 

അതേസമയം ശനിയാഴ്ച ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സൌദി സുപ്രീം കോടതി നിര്‍ദേശിച്ചു. നേരിട്ടോ അല്ലാതെയോ മാസം കണ്ടാല്‍ തൊട്ടടുത്ത കോടതിയില്‍ വിവരം അറിയിക്കണം. ശനിയാഴ്ച മാസം കണ്ടാല്‍ ഞായറാഴ്ച ആയിരിയ്ക്കും ചെറിയ പെരുന്നാള്‍. കണ്ടില്ലെങ്കില്‍ ഞായറാഴ്ച റമദാന്‍ 30 പൂര്‍ത്തിയാക്കി തിങ്കളാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും.

 

Share
error: Content is protected !!