നിമിഷപ്രിയയുടെ മോചനത്തിന് വഴിയൊരുങ്ങുന്നു. കൊല്ലപ്പെട്ട തലാലിൻ്റെ കുടുംബം ചർച്ചക്ക് തയ്യാറായി
യെമന്‍ പൗരൻ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ, യെമനിൽ വധശിക്ഷക്ക് വിധിച്ച മലയാളി യുവതി നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ചർച്ചകൾ ആരംഭിച്ചു. കൊല്ലപ്പെട്ട യെമൻ പൌരൻ്റെ കുടുംബത്തിന് ദയാധനം നൽകി മോചിപ്പിക്കുവാനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. ഇക്കാര്യത്തിനായി യെമൻ ഉദ്യോഗസ്ഥർ ജയിലിലെത്തി നിമിഷ പ്രിയയുമായി കൂടിക്കാഴ്ച നടത്തി. കൊല്ലപ്പെട്ട തലാൽ അബ്ദു മഹാദിയുടെ കുടുംബം ചർച്ചക്ക് തയ്യാറായതായി യമൻ അധികൃതർ അറിയിച്ചു. വധശിക്ഷയിൽ നിന്ന് ഒഴിവാക്കാൻ 5 കോടി യമൻ റിയാലാണ് (ഏകദേശം ഒന്നര കോടി രൂപ) കൊല്ലപ്പെട്ട യെമൻ പൌരൻ്റെ കുടുംബം ദയാധനമായി ആവശ്യപ്പെടുന്നത്.
നിമിഷയുടെ വധശിക്ഷ ഒഴിവാക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് നിമിഷയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ഇന്നലെ നിമിഷയുമായി സംസാരിച്ചുവെന്നും എത്രയും പെട്ടെന്നുള്ള ഇടപെടല്‍ വേണമെന്ന് നിമിഷ ആവശ്യപ്പെട്ടതായും ഭര്‍ത്താവ് പറഞ്ഞു. വധശിക്ഷ ഒഴിവാക്കാന്‍ നിമിഷ പ്രിയ നല്‍കിയ അപ്പീലുകള്‍ യെമന്‍ കോടതികള്‍ തള്ളിയതോടെ മെയന്‍ നിയമപ്രകാരം ദയാധനം നല്‍കി ശിക്ഷയില്‍ ഇളവ് നേടുകയാണ് ഏക പോംവഴി. ദയാധനം സ്വീകരിക്കാന്‍ ആദ്യമൊന്നും തലാലിന്റെ കുടുംബം തയാറായില്ലെങ്കിലും നിരന്തരമായ ഇടപെടലുകളെ തുടര്‍ന്ന് പിന്നീട് വഴങ്ങുകയായിരുന്നു.
റമദാനിന് ശേഷം കേസുമായി ബന്ധപ്പെട്ട രേഖകൾ യമൻ സുപ്രീം കോടതിയുടെ പരിഗണനക്ക് വരുന്നതിനാൽ, റമദാനിൽ തന്നെ ദയാധനം സംബന്ധിച്ച തീരുമാനം അറിയിക്കണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.
യെമന്‍ പൗരൻ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് സൻആയിലെ അപ്പീല്‍ കോടതി പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷ ശരിവെച്ചത്. തുടർന്ന് ജസ്റ്റിസ് കുര്യൻ ജോസഫിന്‍റെ നേതൃത്വത്തിൽ ‘സേവ് നിമിഷപ്രിയ ഇന്‍റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലി’ന് രൂപം നൽകി.
മറ്റുവാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/DXQKEOO2hmYK5l78SOMrkd