വിസ നിയമങ്ങളിൽ വൻ പരിഷ്കാരം; സന്ദർശക വിസ ദീർഘിപ്പിക്കാം. ഗ്രീൻ വിസ ഉദാരമാക്കി

വിസ നിയമങ്ങളില്‍ വൻ പരിഷ്കാരങ്ങൾ വരുത്തി യു.എ.ഇ. സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുകയും, രാജ്യത്തിന്റെ പുരോഗതി വേഗത്തിലാക്കുകയുമാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യം വെക്കുന്നത്. ഇനി മുതൽ എല്ലാ വിസകളിലും ഒന്നില്‍ കൂടുതല്‍ തവണ യു.എ.ഇ യിൽ വന്നുപോകാം. കൂടാതെ വിസ ആദ്യം അനുവദിക്കുന്ന അതേ കാലയളവിലേക്ക് വീണ്ടും പുതുക്കാനും സാധിക്കും. ആണ്‍മക്കളെ 25 വയസ്സുവരെ രക്ഷിതാക്കളുടെ സ്‌പോണ്‍സര്‍ഷിപ്പിൽ നിലനിറുത്താം. നിലവിൽ 18 വയസ്സുവരെയാണ് ഇത് അനുവദിക്കുന്നത്. ഏതെങ്കിലും തരത്തിൽ വൈകല്യങ്ങളുള്ള കുട്ടികള്‍ക്ക് സ്ഥിരം റസിഡന്റ്സ് പെര്‍മിറ്റ് നല്‍കും.

ഗോള്‍ഡന്‍ വിസ സംവിധാനം വിപുലീകരിക്കും. പുതിയ തൊഴിലന്വേഷകര്‍ക്കും പ്രൊഫഷണലുകള്‍ക്കും മികച്ച സാധ്യതകളാണ് ഇത് തുറന്നിടുന്നത്. പ്രതിമാസം 30,000 ദിര്‍ഹത്തിലധികം വേതനമുള്ള പ്രൊഫഷണലുകള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കും. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അംഗീകാരത്തോടെയുള്ള ഭേദഗതികള്‍ യു.എ.ഇ. ഗവണ്‍മെന്റ് മീഡിയ ഓഫീസാണ് വ്യക്തമാക്കിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രതിഭകളെ കൂടുതലായി യു.എ.ഇയിലേക്ക് ആകര്‍ഷിക്കുക എന്നത് ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് പുതിയ വ്യവസ്ഥകളെന്നും മീഡിയ ഓഫീസ് അറിയിച്ചു.

 

തൊഴില്‍വിസ

രാജ്യത്ത് ലഭ്യമാവുന്ന തൊഴിലവസരങ്ങളിലേക്ക് മികച്ച പ്രൊഫഷണലുകളെ എത്തിക്കാന്‍ ലക്ഷ്യമിട്ട് അഞ്ചു വര്‍ഷം കാലാവധിയുള്ള ഗ്രീന്‍ വിസ എന്ന പുതിയ സംവിധാനമാണ് പ്രഖ്യാപിച്ചത്. യു.എ.ഇ. മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം പ്രഖ്യാപിച്ച ഒന്ന്, രണ്ട്, മൂന്ന് തലങ്ങളിലെ ജോലികള്‍ ചെയ്യുന്നവര്‍ക്കും ലോകത്തിലെ മികച്ച 500 സര്‍വകലാശാലകളില്‍നിന്ന് ബിരുദം നേടി പുറത്തിറങ്ങുന്നവര്‍ക്കും ഗ്രീൻ വിസ ലഭിക്കും. ബിരുദമാണ് കുറഞ്ഞ വിദ്യാഭ്യാസയോഗ്യത. ശമ്പളത്തില്‍ ഉള്‍പ്പെടെ മറ്റു നിബന്ധനകളുമുണ്ട്.

ബിസിനസ് വിസ

നിക്ഷേപകരെയും സംരംഭകരെയും രാജ്യത്തേക്ക് ആകര്‍ഷിക്കാനായി നല്‍കുന്ന ബിസിനസ് വിസയ്ക്ക് പ്രത്യേക സ്‌പോണ്‍സര്‍ ആവശ്യമില്ല. നിക്ഷേപകര്‍ക്ക് ബിസിനസ് വിസ നേടി യു.എ.ഇ.യിലെത്തി നിക്ഷേപ അവസരങ്ങള്‍ തേടാം.

ടൂറിസ്റ്റ് വിസ

സാധാരണ ടൂറിസ്റ്റ് വിസകള്‍ക്ക് പുറമേ അഞ്ചു വര്‍ഷത്തേക്ക് കാലാവധിയുള്ളതും പല തവണ രാജ്യത്തിന് പുറത്തുപോയി തിരിച്ചുവരാവുന്നതുമായ വിസകള്‍ ഇനി ലഭ്യമാവും. തുടര്‍ച്ചയായി 90 ദിവസം വരെയായിരിക്കും രാജ്യത്ത് തങ്ങാനാവുന്നതെങ്കിലും ഒരു തവണ കൂടി ദീര്‍ഘിപ്പിക്കാം. വര്‍ഷത്തില്‍ പരമാവധി 180 ദിവസം മാത്രമേ യു.എ.ഇ.യില്‍ താമസിക്കാവൂ എന്നാണ് നിബന്ധന. ഈ വിസയ്ക്ക് സ്പോണ്‍സര്‍ ആവശ്യമില്ല. എന്നാല്‍, വിസയ്ക്ക് അപേക്ഷിക്കുന്നതിന് ആറു മാസം മുമ്പു വരെയെങ്കിലും 4000 ഡോളറോ തത്തുല്യമായ വിദേശ കറന്‍സിയോ ബാങ്ക് ബാലന്‍സ് ഉണ്ടായിരിക്കണം.

സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദര്‍ശിക്കാന്‍

യു.എ.ഇയില്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ഉള്ളവര്‍ക്ക് സ്‌പോണ്‍സര്‍ ആവശ്യമില്ലാത്ത പുതിയ വിസകള്‍ അനുവദിക്കും

താത്കാലിക ജോലികള്‍ക്ക്

പ്രൊബേഷന്‍ പോലെയോ പ്രോജക്ടുകള്‍ക്കുവേണ്ടിയോ മറ്റോ താത്കാലികാടിസ്ഥാനത്തില്‍ യു.എ.ഇ.യില്‍ ജോലിക്കെത്തുന്നവര്‍ക്ക് ഇത്തരം വിസകള്‍ ലഭിക്കും. ഇതിന് സ്‌പോണ്‍സര്‍ ആവശ്യമാണ്. തൊഴിലുടമയില്‍നിന്നുള്ള താത്കാലിക തൊഴില്‍ക്കരാറോ കത്തോ വേണം. ജോലിയുടെ സ്വഭാവം വിശദീകരിക്കുന്നതിന് പുറമേ ജോലിചെയ്യാനുള്ള ആരോഗ്യമുണ്ടെന്ന് തെളിയിക്കുന്ന രേഖകളും വേണം.

പഠനവും പരിശീലനവും

കോഴ്സുകള്‍ ചെയ്യുന്നതിനോ പരിശീലനങ്ങള്‍ക്കോ ഇന്റേണ്‍ഷിപ്പിനോ ആയി യു.എ.ഇ.യില്‍ എത്തുന്നവര്‍ക്ക് വിസ ലഭിക്കും. പഠന, ഗവേഷണസ്ഥാപനങ്ങളോ സര്‍വകലാശാലകളോ ആയിരിക്കും സ്‌പോണ്‍സര്‍മാര്‍. സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഇത്തരം വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യാനാവും. സ്ഥാപനങ്ങളുടെ കത്ത് വിസ അനുവദിക്കാന്‍ ആവശ്യമാണ്.

ഗ്രീന്‍ വിസ

ആഗോളനിക്ഷേപകരെയും വിദഗ്ധതൊഴിലാളികളെയും മേഖലയിലേക്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ ഗ്രീന്‍ വിസ പദ്ധതിക്ക് അംഗീകാരമായി. വ്യവസായ രംഗങ്ങളിലെ നിക്ഷേപകര്‍ക്ക് അഞ്ചു വര്‍ഷത്തേക്കുള്ള ഗ്രീന്‍ വിസയാണ് നല്‍കുക. നിക്ഷേപനിരക്ക് പരിഗണിച്ചാണ് ഇത് അനുവദിക്കുക. ഒന്നില്‍ക്കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തിയവരാണെങ്കില്‍ മൊത്തം നിക്ഷേപത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് ലഭ്യമാകുക. 15,000 ദിര്‍ഹത്തിന് മുകളില്‍ ശമ്പളവും ബിരുദവുമുള്ള വിദഗ്ധ തൊഴിലാളികള്‍ക്ക് തൊഴിലുടമയോ സ്‌പോണ്‍സറോ ഇല്ലാതെ അഞ്ചു വര്‍ഷത്തേക്കുള്ള ഗ്രീന്‍ വിസ ലഭിക്കും.

കൂടുതൽ അറിയിപ്പുകൾക്കും വാർത്തകൾക്കും വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ

https://chat.whatsapp.com/DXQKEOO2hmYK5l78SOMrkd

 

Share
error: Content is protected !!