ട്രംപിനെ വിറളി പിടിപ്പിച്ച അബ്ദുൽ എൽ-സയ്യിദിന്റെ വിജയവും, ഇന്ത്യന് കണക്ഷനും
“ഹബീബി… ജനുവരിയിൽ എന്നെ സെനറ്ററായി സത്യപ്രതിജ്ഞ ചെയ്യിക്കേണ്ടത് താങ്കളാണ്…” മിഷിഗണിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നടത്തിയ പ്രസംഗത്തിലെ അബ്ദുൽ എൽ സയ്യിദിന്റെ ഈ വാക്കുകളിൽ പരിഹാസം മാത്രമല്ല നിറഞ്ഞു നിന്നത്. മധുര പ്രതികാരം കൂടിയാണ്.
മിഷിഗണിലെ ഡെമോക്രാറ്റിക് പ്രൈമറിയിൽ വിജയിച്ചതിന് പിന്നാലെ അബ്ദുൽ എൽ സയ്യിദിനെ പരിഹസിച്ച് ജെ.ഡി. വാൻസ് ഒരു പരാമർശം നടത്തിയിരുന്നു. ഒരുപക്ഷേ മൂന്നു വർഷത്തിനുള്ളിൽ അബ്ദുൾ എൽ സയ്യ്ദ് എന്നൊരാൾ യുഎസിന്റെ പ്രസിഡൻ്റായി വൈറ്റ് ഹൗസിൽ എത്തിയേക്കാം എന്നും അങ്ങനെ വന്നാൽ ട്രംപ് ഭരണകൂടം കൈവരിച്ച മികച്ച നേട്ടങ്ങളും പ്രവർത്തനങ്ങളും റദ്ദാക്കപ്പെടാൻ സാധ്യതയുണ്ടെന്നും ആയിരുന്നു അത്.
അന്നാദ്യമായി അല്ല ട്രംപും വാൻസും റിപ്പബ്ലിക്കൻസും എൽ സയ്യിദിനെ പരിഹസിക്കുന്നതും ഭയപ്പെടുത്തുന്നതും അപമാനിക്കുന്നതും. പ്രചാരണ വേളയിലെല്ലാം ആവർത്തിച്ച് ആവർത്തിച്ച് എൽ സയ്യിദ് വേട്ടയാടപ്പെട്ടിട്ടുണ്ട്. റാഡിക്കൽ ജിഹാദിസ്റ്റ്, കമ്മ്യൂണിസ്റ്റ്, ജൂത ഇസ്രയേൽ വിരുദ്ധൻ തുടങ്ങി ട്രംപ് നടത്തിയ വംശീയ വിദ്വേഷങ്ങൾ ചെറുതായിരുന്നില്ല.
എന്നാൽ അതിനൊന്നും സയ്യിദ് ഉയർത്തിയ രാഷ്ട്രീയ സന്ദേശത്തെ ഇല്ലാതാക്കാൻ കെൽപ്പില്ലായിരുന്നു. വംശീയ പ്രചാരണങ്ങൾക്ക് ജനപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചായിരുന്നു സയ്യിദിന്റെ മറുപടി. മണി ഔട്ട് ഓഫ് പൊളിറ്റിക്സ്, മണി ഇൻ യുവർ പോക്കറ്റ്സ്, മെഡികെയർ ഫോർ ഓൾ തുടങ്ങിയ അദ്ദേഹത്തിൻ്റെ മുദ്രാവാക്യം ജനം ഏറ്റെടുക്കുകയും ട്രംപിന്റെ വംശീയ കാർഡിനെ തള്ളുകയും ചെയ്യുന്ന കാഴ്ചയാണ് മിഷിഗണിൽ കണ്ടത്.
തൻ്റെ പേര് വിളിക്കാൻ മടിയുള്ള ട്രംപ് തന്നെ സെനറ്റർ എന്ന് വിളിച്ചാൽ മതിയെന്നുള്ള തല ഇയർത്തിപ്പിടിച്ചുള്ള അബ്ദുൽ എൽ സയ്യിദ് വാക്കുകൾ സെനറ്റിലും ജനപ്രതിനിധി സഭയിലും തോറ്റ ട്രംപിന് മുറിവിൽ മുളകു തേക്കുന്നത് പോലെയുള്ള നീറ്റലാകുമെന്നതും തീർച്ചയാണ്. എൽ സയ്യിദ് തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ ദിവസവും മെറ്റൽ ഡിറ്റക്ടർ പരിശോധനയ്ക്ക് വിധേയനാകാണം എന്നുള്ള ട്രംപിന്റെ വർഗീയ പരാമർശങ്ങൾക്കുള്ള എൽ സയ്യിദിന്റെ മറുപടിയും കൈയ്യടി നേടുകയാണ്. മെറ്റൽ ഡിറ്റക്ടർ പരിശോധനയ്ക്ക് താൻ റെഡിയാണെന്നും എന്നാൽ ഒരു തവണ ലൈ ഡിറ്റക്റ്റർ ടെസ്റ്റിന് ട്രംപ് തയ്യാറാവുമോ എന്നായിരുന്നു ആ ചോദ്യം.
അബ്ദുൽ എൽ സയ്യിദ് എന്ന നാൽപ്പത്തൊന്നുകാരൻ മിഷിഗണിലെ പ്രമുഖ എപ്പിഡെമിയോളജിസ്റ്റും ഫിസിഷ്യനുമാണ്. നേരത്തെ വെയ്ൻ കൗണ്ടിയിലെ ആരോഗ്യവകുപ്പ് ഡയറക്ടറായി പ്രവർത്തിച്ചിരുന്നു. 237 വർഷത്തെ ചരിത്രമുള്ള യുഎസ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്ലീം എന്ന നേട്ടം അബ്ദുൽ എൽ സയ്യിദ് സ്വന്തമാക്കുമ്പോൾ അതിന്റെ ആഹ്ലാദവും ആവേശവും 8,000 കിലോമീറ്ററുകൾക്കപ്പുറം ഇന്ത്യയിലെ കർണാടക തീരത്തെ ഒരു ചെറിയ പട്ടണത്തിലും പ്രതിധ്വനിക്കുകയാണ്. എൽ സയ്യിദിന്റെ പങ്കാളിയും പ്രശസ്ത സൈക്യാട്രിസ്റ്റുമായ ഡോ. സാറാ ജുക്കാക്കുവിന്റെ കുടുംബവേരുകൾ കർണാടകയിലെ ഭട്കലിലാണ്. കർണാടക സംസ്ഥാന രൂപീകരണത്തിനും മുൻപ് തന്നെ ഈ പ്രദേശത്തിന്റെ വികസനത്തിന് അടിത്തറയിട്ട പ്രമുഖ ‘ജുക്കാക്കു’ കുടുംബത്തിലെ അംഗമാണ് സാറ.
…..


