ഓപ്പറേഷൻ തൂഫാൻ; ചെന്നിത്തലയെ അഭിനന്ദിച്ച് അമിത് ഷാ, കേന്ദ്ര സഹായം നൽകാമെന്ന് വാഗ്ദാനം
ന്യൂഡൽഹി: മയക്കുമരുന്നു വ്യാപനത്തെ പിടിച്ചുകെട്ടുന്ന ഓപ്പറേഷൻ തൂഫാന്റെ മാതൃകയെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നശാമുക്ത് ഭാരത് എന്ന കേന്ദ്ര സർക്കാർ പദ്ധതിയുടെ ഭാഗമായി ഓപ്പറേഷൻ തൂഫാന് കേന്ദ്ര സഹായം നൽകാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തതായും ചെന്നിത്തലയുടെ ഓഫീസ് അറിയിച്ചു.
കേരള പൊലീസിന്റെ ആധുനികവത്കരണത്തിനായുള്ള പദ്ധതികൾ സമർപ്പിക്കാനായി മുൻകൂട്ടി അനുമതി ലഭിച്ചതുപ്രകാരം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ്, തൂഫാന്റെ പ്രവർത്തനങ്ങളെ കുറിച്ച് ചോദിച്ചറിഞ്ഞതും കേരളത്തിന്റെ മാതൃകയ്ക്ക് അഭിനന്ദനങ്ങൾ പങ്കുവച്ചതും. നശാമുക്ത് ഭാരതിന്റെ വിഷൻ ഡോക്യുമെന്റിന്റെ അടിസ്ഥാനത്തിൽ കേരളത്തിന് കൂടുതൽ സഹായങ്ങൾ ലഭിക്കുമെന്ന് അമിത് ഷാ അറിയിച്ചു.
നേരത്തെ തൂഫാൻ മാതൃക ഇതരസംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചും സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ സമ്മേളനം തിരുവനന്തപുരത്ത് സംഘടിപ്പിക്കാൻ കേരളം ആതിഥേയത്വം വഹിക്കാമെന്നു വാഗ്ദാനം ചെയ്തും രമേശ് ചെന്നിത്തല അമിത് ഷായ്ക്കു കത്തയച്ചിരുന്നു.
വനിതാ പോലീസുകാരുടെ എണ്ണം 30 ശതമാനമായി ഉയർത്താനുള്ള കേരളത്തിന്റെ നീക്കത്തെയും അമിത് ഷാ പ്രകീർത്തിച്ചു. നെട്ടുകാൽത്തേരിയിൽ പുതിയ സെൻട്രൽ ജയിലിനുള്ള നിർദേശവും പൂജപ്പുരയിൽ ഓപ്പൺ ജയിൽ പദ്ധതിക്കുള്ള നിർദേശവും അടക്കം ജയിൽവകുപ്പിന്റെ പദ്ധതി ആവശ്യങ്ങളും കേന്ദ്രശ്രദ്ധയിൽപ്പെടുത്തിയതായി രമേശ് ചെന്നിത്തല പറഞ്ഞു.


