സ്വർണം ‘പൊട്ടിച്ച്’ വിമാനത്താവളത്തിൽനിന്ന് പാഞ്ഞു; 12 കിലോമീറ്റർ ചേയ്സ്, സംഘം പിടിയിൽ

കോഴിക്കോട്∙ വിമാനത്താവളത്തിലെ സ്വർണം പൊട്ടിക്കൽ ശ്രമം പൊളിച്ച് പൊലീസ്. വിദേശത്തുനിന്ന് 18 പവന്‍ സ്വർണവുമായി എത്തിയ തലശ്ശേരി തിരുവങ്ങാട് സ്വദേശി പ്രിയങ്ക, കണ്ണൂര്‍ സ്വദേശികളായ ശ്രീലാല്‍, പ്രിന്‍സ്, സുബിത്ത് എന്നിവരാണ് പിടിയിലായത്. സ്വര്‍ണം സ്വീകരിക്കാന്‍ വിമാനത്താവളത്തിൽ എത്തിയ മട്ടന്നൂര്‍ ശിവപുരം സ്വദേശി ജാബിറും പിടിയിലായി.

ഇന്നു രാവിലെ 11.30നാണ് കോഴിക്കോട് വിമാനത്താവളത്തിൽ സ്വർണവുമായി പ്രിയങ്ക എത്തിയത്. പ്രിയങ്കയെയും കയറ്റി നീല നിറത്തിലുള്ള കാര്‍ പുറത്തേക്കു കുതിച്ചു. സ്വര്‍ണം കൈപ്പറ്റാന്‍ കാത്തുനിന്ന ജാബിർ കാറിനു പുറകെ ഓടിയെങ്കിലും തടയാനായില്ല. മറ്റൊരു സ്വർണക്കേസിന്റെ അന്വേഷണത്തിനായി വിമാനത്താവളത്തിലെത്തിയ കരിപ്പൂര്‍ എസ്ഐയും പൊലീസുകാരും ഇവരെ പിന്തുടർന്നു.

ഇടറോഡുകളിലൂടെ കുതിച്ച സംഘത്തെ 12 കിലോമീറ്റർ അകലെ പുളിക്കല്‍ ആന്തിയൂര്‍കുന്ന് റോഡിൽവച്ച് സാഹസികമായി പൊലീസ് തടഞ്ഞു. കവര്‍ച്ചാ സംഘത്തെ കീഴ്പെടുത്താന്‍ നാട്ടുകാരും പൊലീസിനെ സഹായിച്ചു. നിരവധി കവര്‍ച്ചാ കേസുകളിൽ പ്രതികളായിട്ടുള്ള കുറ്റവാളികളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.

പ്രതികളെ ചോദ്യം ചെയ്തു വരികയാണ്. കേസിൽ പ്രിയങ്കയുടെ പങ്ക് പരിശോധിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. എസ്ഐ ശൈലേഷ് കുമാര്‍, എസ്എസ്ഐ റീന, എസ്ഐ കബീര്‍, സിപിഒ റിഷാദ്, സ്പെഷൽ സ്ക്വാഡ് അംഗങ്ങൾ എന്നിവർ ചേർന്നാണ് സംഘത്തെ പിടികൂടിയത്.

Share