മൂർച്ചയേറിയ ആയുധങ്ങളുമായി ഭർതൃവീട്ടുകാർ ആക്രമിച്ചു; യുവതിയെ തലയറുത്തു കൊലപ്പെടുത്തി

തെലങ്കാന: കൃഷി ഭൂമിയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവതിയെ ഭർതൃവീട്ടുകാർ തലയറുത്തു കൊലപ്പെടുത്തി. 26 കാരിയായ കത്രവത് സുനിതയാണ് കൊല്ലപ്പെട്ടത്. മഹബൂബ്‌നഗർ ജില്ലയിലെ കോയിൽകൊണ്ട മണ്ഡലത്തിലെ ചിന്തൽ താണ്ഡയിലാണ് സംഭവം.

സുനിതയുടെ പേരിലുള്ള ഭൂമിയെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ച പ്രതികൾ, യുവതിയുടെ തലയറുത്തു മാറ്റിയ ശേഷം സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. നാടിനെ നടുക്കിയ ഈ അരുംകൊലയിൽ ഗ്രാമത്തിലാകെ കടുത്ത രോഷമാണ് ഉയരുന്നത്. 

ഏകദേശം പത്തുവർഷം മുൻപായിരുന്നു സുനിതയും ചിന്തൽ താണ്ഡ സ്വദേശിയായ കത്രവത് ബലറാമും തമ്മിലുള്ള വിവാഹം. ഋഷിക, ശൈലജ എന്നീ രണ്ടു പെൺമക്കളുണ്ട്. ബലറാമിന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതിനാൽ കുടുംബത്തിൽ നിരന്തരം വഴക്കുകൾ പതിവായിരുന്നു. ഒരു വർഷം മുൻപ് ബലറാമിന്റെ ജ്യേഷ്ഠന്മാരായ മാന്യ നായിക്കും പാണ്ഡു നായിക്കും ചേർന്ന് ഇയാളെ ഹൈദരാബാദിലേക്ക് കൊണ്ടുപോയി.

തുടർന്ന്, നാട്ടിലെ മുതിർന്നവരുടെ മധ്യസ്ഥതയിൽ നടന്ന ഒത്തുതീർപ്പിലൂടെ സുനിതയുടെയും മക്കളുടെയും ഭാവി സുരക്ഷിതമാക്കുന്നതിനായി ബലറാമിന്റെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കറോളം കൃഷിഭൂമി സുനിതയുടെ പേരിൽ റജിസ്റ്റർ ചെയ്തു നൽകിയിരുന്നു.

ഇതിനുപിന്നാലെ പെൺമക്കളെയും കൂട്ടി സുനിത സ്വന്തം വീട്ടിലേക്ക് മാറിത്താമസിക്കുകയായിരുന്നു. എന്നാൽ, അടുത്തിടെ ചിന്തൽ താണ്ഡയിൽ തിരിച്ചെത്തിയ സുനിത തന്റെ പേരിലുള്ള കൃഷിഭൂമി കാണാൻ പോയപ്പോൾ മാന്യ നായിക് ഇവരെ തടഞ്ഞുനിർത്തുകയും ബലമായി സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. തുടർന്ന് പാണ്ഡു നായിക്കും ഭാര്യ പാർവതിയും മറ്റൊരു ബന്ധുവായ മാണിക്യ നായിക്കും ചേർന്ന് സുനിതയെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.

…..

Share