ഈ വർഷത്തെ ഹജ്ജിന് വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കൂടുതൽ പരിഗണന. ക്വാട്ട നിശ്ചയിക്കുന്നതിനുള്ള മാനണ്ഡങ്ങൾ പ്രഖ്യാപിച്ചു
ഈ വർഷത്തെ ഹജജിന് വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഏറ്റവും കൂടുതലായുണ്ടാകുകയെന്നും. വിദേശ തീർഥാടകർക്കാണ് കൂടുതൽ പരിഗണന നൽകുന്നതെന്നും ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. കൊറോണ മഹാമാരിയുടെ സാഹചര്യങ്ങൾ കാരണം കഴിഞ്ഞ രണ്ട് വർഷമായി വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഹജ്ജ് നിർവഹിക്കാനുള്ള അവസരം ഉണ്ടായിരുന്നില്ല. ഈ സാഹചര്യം പരിഗണിച്ചാണ് വിദേശ രാജ്യങ്ങളിലെ തീർത്ഥാടകർക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതെന്നും ഹജ്ജ്, ഉംറ സേവനങ്ങൾക്കായുള്ള അസിസ്റ്റന്റ് അണ്ടർസെക്രട്ടറി എഞ്ചിനീയർ ഹിഷാം സയീദ് പറഞ്ഞു.
ഹജ്ജിന് അവസരം നൽകുന്നതിൽ എല്ലാ രാജ്യങ്ങളേയും പരിഗണിക്കും. ഒരു രാജ്യത്തേയും മാറ്റി നിർത്തില്ല. ജനസംഖ്യാനുപാതത്തിനനുസരിച്ചാണ് ക്വാട്ട നിശ്ചയിക്കുക. ആയിരത്തിൽ ഒരാൾക്ക് എന്ന തോതിലാണ് എല്ലാ രാജ്യങ്ങൾക്കും ഹജ്ജ് ക്വാട്ട നിശ്ചയിക്കുക. ഓരോ രാജ്യങ്ങൾക്കുമുള്ള ക്വാട്ട നിശ്ചയിക്കാൻ ബന്ധപ്പെട്ടവർ പ്രവർത്തിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരോഗ്യ മാനണ്ഡങ്ങൾ പാലിച്ച് കൊണ്ട് പുണ്യഭൂമിയിൽ തീർഥാടകരെ ഉൾക്കൊള്ളാനുള്ള ശേഷിക്കനുസരിച്ചാണ് ക്വാട്ട നിശ്ചയിക്കുന്നതെന്നും ഹിഷാം സയീദ് പറഞ്ഞു. ഈ വർഷം സൌദിക്കകത്ത് നിന്നും പുറത്ത് നിന്നുമായി ആകെ 10 ലക്ഷം പേർക്ക് ഹജ്ജിന് അവസരം നൽകുമെന്ന് കഴിഞ്ഞ ദിവസം ഹജ്ജ് ഉംറ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ