ശക്തമായ മഴ: മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു.

കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, പ്രഫഷനല്‍ കോളജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. സര്‍വകലാശാലാ പരീക്ഷകള്‍, പിഎസ്‌സി പരീക്ഷകള്‍ എന്നിവ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നടക്കുമെന്നും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് അവധി ബാധകമല്ലെന്നും ജില്ലാ കലക്ടർ അറിയിച്ചു. ‌

കോഴിക്കോട് ജില്ലയിൽ ക്വാറി, ഖനന പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തി. ജലാശയങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചു. ക്വാറികളുടെ പ്രവർത്തനം, മണ്ണെടുക്കൽ, ഖനനം, കിണർ നിർമാണ പ്രവർത്തനങ്ങൾ, മണ്ണലെടുക്കൽ എന്നിവയ്ക്കും വിലക്ക് ഏർപ്പെടുത്തി. ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന മലയോര പ്രദേശങ്ങൾ, ചുരം മേഖലകൾ എന്നിവിടങ്ങളിലേക്ക് രാത്രി ഏഴ് മുതൽ രാവിലെ ഏഴ് വരെ അടിയന്തര യാത്രകൾ അല്ലാത്തവ ഒഴിവാക്കണമെന്നാണ് നിർദേശം.

വയനാ‌ട് ജില്ലയിലെ അങ്കണവാടികൾ, മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷൽ ക്ലാസുകൾ, പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. റസിഡൻഷ്യൽ സ്കൂളുകൾക്കും റസിഡൻഷ്യൽ കോളേജുകൾക്കും അവധി ബാധകമല്ല.

മലപ്പുറം ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ എന്നിവയ്ക്കും അവധി ബാധകമാണ്. സർവകലാശാല പരീക്ഷകൾ തുടങ്ങി മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ മാറ്റമില്ലാതെ നടക്കും. നഷ്ടപ്പെട്ട പ്രവ‍ൃത്തി ദിനം പിന്നീട് നികത്തുന്നതിനുള്ള നടപടികൾ സ്ഥാപന മേധാവികൾ സ്വീകരിക്കേണ്ടതാണെന്ന് കലക്ടർ അറിയിച്ചു.

ഇന്നത്തെ മഴ മുന്നറിയിപ്പ്

റെഡ് അലർട്ട്: മലപ്പുറം, കോഴിക്കോട്, വയനാട്
ഓറഞ്ച് അലർട്ട്: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട്
മഞ്ഞ അലർട്ട്: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം

 

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും ക്യാംപുകളിലേക്കു മാറണം.

Share