ഇറാൻ ആണവ ചർച്ചകൾ പരാജയത്തിലേക്ക്; യുദ്ധഭീഷണിയുമായി ട്രംപ്, പൗരന്മാരോട് രാജ്യം വിടാൻ നിർദ്ദേശം
വാഷിംഗ്ടൺ: ഇറാനുമായുള്ള ആണവ ചർച്ചകളിൽ താൻ തൃപ്തനല്ലെന്നും സൈനിക നടപടിയുടെ കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ജനീവയിൽ നടന്ന ചർച്ചകൾ കരാറില്ലാതെ പിരിഞ്ഞതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. തങ്ങൾക്ക് ആവശ്യമുള്ളത് നൽകാൻ ഇറാൻ തയ്യാറാകാത്തതിൽ സന്തോഷമില്ലെന്ന് ട്രംപ് വ്യക്തമാക്കി.
ഇറാന്റെ ആണവ അഭിലാഷങ്ങൾക്കെതിരെ കരാറിലെത്തിയില്ലെങ്കിൽ സൈനിക നടപടി ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
യുദ്ധത്തിലേക്ക് നീങ്ങാൻ തനിക്ക് താല്പര്യമില്ലെങ്കിലും ചില സമയങ്ങളിൽ അത് അനിവാര്യമായി വരുമെന്ന് ട്രംപ് പറഞ്ഞു. 2003 ലെ ഇറാഖ് അധിനിവേശത്തിന് ശേഷം മിഡിൽ ഈസ്റ്റിൽ നടക്കുന്ന ഏറ്റവും വലിയ സൈനിക വിന്യാസത്തിന് ട്രംപ് ഇതിനകം ഉത്തരവിട്ടിട്ടുണ്ട്.
അതേസമയം, ആക്രമണമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാനും വ്യക്തമാക്കി. ഇതിനിടെ ഇറാനിലുള്ള തങ്ങളുടെ പൗരന്മാരോട് ഉടൻ രാജ്യം വിടാൻ അമേരിക്ക നിർദ്ദേശം നൽകി.
ഇസ്റാഈലിലെ എംബസി ജീവനക്കാരോടും കുടുംബാംഗങ്ങളോടും രാജ്യം വിടാൻ അമേരിക്ക നിർദ്ദേശിച്ചിട്ടുണ്ട്. കാനഡ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളും തങ്ങളുടെ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. ബ്രിട്ടൻ ടെഹ്‌റാനിലെ എംബസിയിൽ നിന്ന് ജീവനക്കാരെ താൽക്കാലികമായി പിൻവലിച്ചു. ഇസ്റാഈലിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജർമ്മനിയും ഫ്രാൻസും പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ തിങ്കളാഴ്ച ഇസ്റാഈൽ സന്ദർശിച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തും. ഇറാൻ ആണവ സമ്പുഷ്ടീകരണം തുടരുന്നത് സിവിലിയൻ ആവശ്യങ്ങൾക്കാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അത് ആയുധ നിർമ്മാണത്തിനാണെന്ന് അമേരിക്കയും സഖ്യകക്ഷികളും ആരോപിക്കുന്നു. ചർച്ചകളിൽ ചില പുരോഗതികൾ ഉണ്ടായതായി മധ്യസ്ഥത വഹിക്കുന്ന ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽബുസൈദി പറഞ്ഞു. അടുത്ത ആഴ്ച വിയന്നയിൽ സാങ്കേതിക തലത്തിലുള്ള ചർച്ചകൾ തുടരുമെന്നാണ് റിപ്പോർട്ടുകൾ.


