പരീക്ഷക്കിടെ പത്താം ക്ലാസ് വിദ്യാർത്ഥിനി പ്രസവിച്ചു; വിവാഹ നിശ്ചയം കഴിഞ്ഞ കുട്ടിയെന്ന് മാതാപിതാക്കള്‍

കണക്ക് പരീക്ഷക്കിടെ ശുചിമുറിയിൽ പോയി ആൺകുഞ്ഞിന് ജന്മം നൽകി പത്താം ക്ലാസ് വിദ്യാർത്ഥിനി. മധ്യപ്രദേശിലെ  ധാർ ജില്ലയിലാണ് സംഭവം. പരീക്ഷാ കേന്ദ്രമായി നിശ്ചയിച്ചിട്ടുള്ള സ്വകാര്യ സ്‌കൂളിലാണ് കുട്ടി പ്രസവിച്ചത്.

അടുത്തുള്ള ഒരു പട്ടണത്തിലെ യുവാവാണ് കുഞ്ഞിന്റെ പിതാവെന്നും, ഭീഷണി മൂലമാണ് ഒന്നും തുറന്ന് പറയാതിരുന്നതെന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടി പൊലീസിനോട് വെളിപ്പെടുത്തി. എന്നാൽ കുട്ടിയുടെ ​ഗർഭത്തെപ്പറ്റി തങ്ങൾക്ക് അറിയില്ലെന്നായിരുന്നു മാതാപിതാക്കളുടെ അവകാശവാദം. 

രണ്ട് മണിക്കൂറോളം പരീക്ഷ എഴുതിയ ശേഷം കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വിദ്യാർത്ഥിനി ടോയ്‌ലറ്റിലേക്ക് പോവുകയായിരുന്നു. മിനിറ്റുകൾക്ക് ശേഷം, ഒരു നവജാത ശിശുവിന്റെ കരച്ചിൽ കേട്ടാണ് അധ്യാപകർ ഓടിയെത്തിയത്. തുടര്‍ന്ന് സ്കൂൾ അധികൃതർ ആംബുലൻസ് വിളിച്ചു, പെൺകുട്ടിയെയും നവജാതശിശുവിനെയും അടുത്തുള്ള ഒരു കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് മാറ്റുകയായിരുന്നു. പെൺകുട്ടിക്ക് 8 മാസവും 2 ആഴ്ച്ചയും ​ഗർഭിണിയായിരുന്നുവെന്ന് പരിശോധനക്ക് ശേഷം  ധാർ സിഎംഎച്ച്ഒ ഡോ. അനിത സിംഗർ പറഞ്ഞു. 

“നവജാതശിശുവിന് ഏകദേശം 2 കിലോഗ്രാം ഭാരമുണ്ട്, അമ്മയും കുഞ്ഞും സുരക്ഷിതരാണ്. അകാല ജനനവും ഭാരക്കുറവും കണക്കിലെടുത്ത് ഡോക്ടർമാർ അമ്മയെയും കുഞ്ഞിനെയും ധാർ ജില്ലാ ആശുപത്രിയിൽ തന്നെ പാർപ്പിച്ചിരിക്കുകയാണ്.  ശിശുരോഗ വിദഗ്ധർ കുഞ്ഞിനെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്”.  ഡോ. അനിത സിംഗർ വ്യക്തമാക്കി. 

ഗർഭധാരണത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നാണ് പെൺകുട്ടിയുടെ കുടുംബം  പറഞ്ഞതെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടി അയഞ്ഞ വസ്ത്രം ധരിച്ചിരുന്നതിനാൽ മാതാപിതാക്കൾ ​ഗർഭ വിവരം അറിഞ്ഞിരുന്നില്ലെന്നാണ് പറയുന്നത്. 

അവളുടെ അവസ്ഥയെക്കുറിച്ച് തങ്ങൾക്ക് ഒരു വിവരവുമില്ലായിരുന്നുവെന്ന് അമ്മ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. പെൺകുട്ടിയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നുവെന്നും 18 വയസ്സ് തികഞ്ഞതിനുശേഷം വിവാഹം നടത്താനായിരുന്നു പ്ലാനെന്നും കുടുംബം പറയുന്നു. അതിനിടെയാണ് പെണ്‍കുട്ടി മറ്റൊരു യുവാവില്‍ നിന്ന് ഗര്‍ഭിണിയായത്. സംഭവത്തില്‍ പോക്സോ വകുപ്പനുസരിച്ച് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

പെൺകുട്ടി യുവാവിനെ പരിചയപ്പെട്ടത് 2024ലെ ഗർബ ആഘോഷങ്ങൾക്കിടെയാണ്. അച്ഛന്റെ ഫോൺ ഉപയോഗിച്ചായിരുന്നു പെൺകുട്ടി യുവാവുമായി സംസാരിച്ചത്. 2025 മേയിൽ പ്രതി പെൺകുട്ടിയോട് വിവാഹാഭ്യർത്ഥന നടത്തി. ഇത് നിരസിച്ചതിനെത്തുടർന്ന് നിർബന്ധിച്ച് യുവാവ് തന്നെ അയാള്‍ താമസിക്കുന്ന വാടകമുറിയിൽ എത്തിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് കുട്ടി പറയുന്നത്. 

വിവരം പുറത്തു പറഞ്ഞാൽ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് യുവാവ് ഭീഷണിപ്പെടുത്തി. പിന്നീട് പലതവണ പെൺകുട്ടിയെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി ലൈംഗിക പീഡനം തുടർന്നു. ഭയം കാരണമാണ് ഗർഭിണിയായ വിവരം മറച്ചുവച്ചതെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. 

Share