‘ഞാൻ ഇടപെട്ടില്ലെങ്കിൽ 3.5 കോടി ജനങ്ങൾ മരിച്ചേനെ’: ഓപ്പറേഷൻ സിന്ദൂറിൽ ട്രംപ്
വാഷിങ്ടൻ: ഇന്ത്യ–പാക്ക് സംഘർഷം അവസാനിപ്പിക്കാൻ താൻ ഇടപെട്ടില്ലായിരുന്നെങ്കിൽ 3.5 കോടി പേർ മരിക്കുമായിരുന്നെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് കോൺഗ്രസിന്റെ സംയുക്തസഭയെ അഭിസംബോധന ചെയ്യുകയായിരുന്നു ട്രംപ്.
‘‘എന്റെ ഭരണത്തിലെ ആദ്യ പത്തു മാസത്തിനുള്ളിൽ 8 യുദ്ധങ്ങൾ അവസാനിപ്പിച്ചു. പാക്കിസ്ഥാനും ഇന്ത്യയുമായി ആണവയുദ്ധം ഉണ്ടാകുമായിരുന്നു. ഞാൻ ഇടപെട്ടില്ലായിരുന്നെങ്കിൽ 35 മില്യൻ ജനങ്ങൾ കൊല്ലപ്പെടുമായിരുന്നു’’– ട്രംപ് പറഞ്ഞു.
ഇറാൻ തീവ്രവാദത്തിന്റെ ഒന്നാം നമ്പർ സ്പോൺസറാണെന്ന് ട്രംപ് കുറ്റപ്പെടുത്തി. ഡിസംബർ 25ന് ഇറാനിൽ പ്രക്ഷോഭങ്ങൾ ആരംഭിച്ചശേഷം 32,000 പേരാണു കൊല്ലപ്പെട്ടത്. ആണവായുധം ഉണ്ടാക്കാൻ ഇറാനെ അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു. പശ്ചിമേഷ്യയിൽ ഇറാൻ–യുഎസ് സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പ്രസ്താവന. മേഖലയിലേക്ക് യുഎസ് കൂടുതൽ സൈന്യത്തെ അയയ്ക്കുകയാണ്.
പഹൽഗാമിലെ ഭീകരാക്രമണത്തെ തുടർന്നാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂറെന്നു പേരിട്ട ഓപ്പറേഷനിലൂടെ പാക്കിസ്ഥാനിലെ സൈനിക–ഭീകരവാദ കേന്ദ്രങ്ങൾ ആക്രമിച്ചത്. പാക്കിസ്ഥാനിലെ നിരവധി കേന്ദ്രങ്ങൾ ആക്രമണത്തിലൂടെ തകർത്തു. യുഎസ് സമ്മർദത്തെ തുടർന്നാണ് ഇന്ത്യ ആക്രമണം അവസാനിപ്പിച്ചതെന്നാണ് ട്രംപിന്റെ അവകാശവാദം.


