ഉദിച്ചുയര്‍ന്ന് സൂര്യതേജസ്; യുഎസ്എയെ എറിഞ്ഞൊതുക്കി ഇന്ത്യ; ജയം 29 റണ്‍സിന്

യുഎസ്എയ്ക്ക് ഇന്ത്യയെ ചെറുതായി ഒന്നു ഞെട്ടിക്കാനേ സാധിച്ചുള്ളൂ. സൂര്യകുമാര്‍ യാദവിന്റെ പോരാട്ടമികവിന്റെ ബലത്തില്‍ ഇന്ത്യയ്ക്കു ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റില്‍ 29 റണ്‍സിന്റെ ജയം. 

ജയിക്കാന്‍ 162 റണ്‍സ് വേണ്ടിയിരുന്ന യുഎസ്എയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. വിജയലക്ഷ്യം പിന്തുടര്‍ന്ന യുഎസ്എയ്ക്ക് മൂന്നു വിക്കറ്റുകള്‍ തുടക്കത്തിലേ തുടരെ നഷ്ടമായി. മിലിന്ദ് കുമാറും സഞ്ജയ് കൃഷ്ണമൂര്‍ത്തിയും ഒരു ഘട്ടത്തില്‍ ഇന്ത്യന്‍ ടീമിന്റെ ചങ്കിടിപ്പ് അല്‍പം കൂട്ടി.

എന്നാല്‍ ഇരുവരേയും കൂടുതല്‍ ക്രീസില്‍ നില്‍ക്കാന്‍ ബോളര്‍മാര്‍ അനുവദിച്ചില്ല. മിലിന്ദ് കുമാര്‍ 34 ഉം കൃഷ്ണമൂര്‍ത്തി 37 ഉം റണ്‍സെടുത്ത് പുറത്തായി. ഇതോടെ യുഎസ്എ പ്രതിരോധത്തിലായി. പിന്നീട് വന്ന ബാറ്റര്‍മാരെ വരിഞ്ഞുകെട്ടുന്നതില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ വിജയിച്ചതോടെ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് ആദ്യ ജയം. മുഹമ്മദ് സിറാജും മൂന്നും അക്സര്‍ പട്ടേലും അര്‍ഷ്ദീപ് സിങ്ങും രണ്ടു വിക്കറ്റുകള്‍ വീതവും വീഴ്ത്തി. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ തുടക്കത്തിൽ തന്നെ യുഎസ്എ ബോളർമാർ ഞെട്ടിച്ചു. ആദ്യ ഓവറിൽ സൗരഭ് നേത്രവൽക്കറിനെ നേരിട്ട ഇഷാൻ കിഷൻ ശരിക്കും വിയർത്തു. ആദ്യ പന്തുകളിൽ ടച്ച് കിട്ടാൻ ബുദ്ധിമുട്ടിയ ഇഷാൻ, അഞ്ചാം പന്തിൽ ഒരു സിക്സർ പറത്തി താളം കണ്ടെത്തി. എന്നാൽ രണ്ടാം ഓവറിൽ അലി ഖാനാണ് ഇന്ത്യയെ ശരിക്കും ഞെട്ടിച്ചത്. രണ്ടാ ഓവറിലെ രണ്ടാം പന്തിൽ ഓപ്പണർ അഭിഷേക് ശർമയെ ഗോൾഡ് ഡക്കായി അലി ഖാൻ മടക്കുകയായിരുന്നു. ട്വന്റി20 ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗോൾഡൻ ഡക്കാകുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാണ് അഭിഷേക്. 

രണ്ടാം വിക്കറ്റിൽ ഇഷാനും തിലകും ചേർന്ന് വമ്പൻ അടികളുമായി ഇന്നിങ്സ് മുന്നോട്ടു നീക്കിയെങ്കിലും ആറാം ഓവർ എറിയാൻ എത്തിയ ഷഡ്‌ലി വാൻ ഷാൽക്വിക്ക് ഇന്ത്യയ്ക്ക് കനത്ത പ്രഹരമാണ് നൽകിയത്. രണ്ടാം പന്തിൽ ഇഷാൻ കിഷനെ(16 പന്തിൽ 20) വീഴ്ത്തിയ ഷഡ്‌ലി, അ‍ഞ്ചാം പന്തിൽ തിലകിനെയും (16 പന്തിൽ 25), ആറാം പന്തിൽ ശിവം ദുബെയെയും മടക്കുകയായിരുന്നു. ഒരു റൺസിനിടെയാണ് മൂന്നു വിക്കറ്റും വീണത്. ഇതോടെ പവർപ്ലേ അവസാനിക്കുമ്പോൾ 4ന് 46 എന്ന നിലയിലായി ഇന്ത്യ. 

സൂര്യകുമാർ യാദവ്– റിങ്കു സിങ് സഖ്യം അൽപനേരം ക്രീസിൽ പിടിച്ചുനിന്നെങ്കിലും 12–ാം ഓവറിൽ റിങ്കുവിനെ (14 പന്തിൽ 6) മുഹമ്മദ് മൊഹ്‌സിൻ വീഴ്ത്തി. പിന്നീട് പ്രതീക്ഷ നൽകി ക്രീസിലെത്തിയത് ഉജ്വല ഫോമിലുള്ള ഹാർദിക് പാണ്ഡ്യ. എന്നാൽ തൊട്ടടുത്ത ഓവറിൽ ഹാർദിക്കിനെ (6 പന്തിൽ 5) ഹർമീത് സിങ്ങും മടക്കി. ഇതോടെ ഇന്ത്യ ശരിക്കും പ്രതിരോധത്തിലായി. ഏഴാം വിക്കറ്റിൽ ഒന്നിച്ച ക്യാപ്റ്റൻ സൂര്യകുമാർ യാദവ്– വൈസ് ക്യാപ്റ്റൻ അക്ഷർ പട്ടേൽ സഖ്യമാണ് ഇന്ത്യയെ വലിയ തകർച്ചയിൽനിന്ന് രക്ഷിച്ചത്. ഇരുവരും ചേർന്ന് 41 റൺസ് കൂട്ടിചേർത്തു. ഇന്ത്യൻ ഇന്നിങ്സിലെ ഏറ്റവും വലിയ പാർട്‌ണർഷിപ്പും ഇതും തന്നെ.

11 പന്തിൽ 14 റൺസെടുത്ത അക്ഷറിനെ, 17–ാം ഓവറിൽ ഹർമീത് സിങ് മടക്കി. പിന്നീടെത്തിയ അർഷ്‌ദീപ് സിങ് (6 പന്തിൽ 4) ഒരറ്റത്ത് പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും 19–ാം ഓവറിൽ ഷഡ്‌ലി വാൻ ഷാൽക്വിക്ക് പുറത്താക്കുകയായിരുന്നു. അവസാന ഓവറിൽ രണ്ടു സിക്സും രണ്ടു ഫോറും സഹിതം 21 റൺസ് അടിച്ചുകൂട്ടിയ സൂര്യകുമാർ യാദവാണ് ഇന്ത്യൻ സ്കോർ 160 കടത്തിയത്. പത്താമനായി ഇറങ്ങിയ വരുൺ ചക്രവർത്തി (0) അവസാന പന്തിൽ റണ്ണൗട്ടായി. ഇന്ത്യൻ നിരയിൽ രണ്ടു പേർ ഗോൾഡൻ ഡക്കായപ്പോൾ ആറു പേർ രണ്ടക്കം കാണാതെ പുറത്തായി. യുഎസിനായി ഷഡ്‌ലി വാൻ ഷാൽക്വിക്ക് നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഹർമീത് സിങ് രണ്ടും അലി ഖാൻ, മുഹമ്മദ് മൊഹ്‌സിൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 

Share
error: Content is protected !!