കവര്‍ച്ചയ്ക്കെത്തി; അലമാരയിലെ സ്വര്‍ണം കണ്ട് മോഷ്ടാവിന്‍റെ തലകറങ്ങി

മോഷ്ടിക്കാനെത്തിയ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണത്തിന്‍റെ അളവ് കണ്ട് തലകറങ്ങിയെന്ന് തിരുവനന്തപുരം കാട്ടാക്കടയില്‍ സ്വര്‍ണക്കവര്‍ച്ചയ്ക്ക് പിടിയിലായ മോഷ്ടാവ്. കല്ലിയൂര്‍ സ്വദേശി ശ്രീകാന്താണ് തെളിവെടുപ്പിനിടെ പൊലീസിനോട് സ്വര്‍ണം കണ്ടുണ്ടായ ബോധക്ഷയത്തിന്‍റെ കാര്യം പറഞ്ഞത്. കട്ടക്കോട് സ്വദേശിയുടെ വീട്ടില്‍ നിന്നും 72 പവന്‍ കവര്‍ന്ന ശ്രീകാന്തിനെ കഴിഞ്ഞദിവസാണ് കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തത്.

മോഷണത്തിനായി വീട്ടിലേക്ക് എത്തിയ വഴിയും അകത്തേക്ക് പ്രവേശിച്ചതും വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ രീതിയും പ്രതി ഏറ്റുപറഞ്ഞു. രണ്ട് അലമാരകളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് കവര്‍ന്നത്. ഇതില്‍ ആദ്യ അലമാരയുടെ വാതില്‍ തുറന്നപ്പോള്‍ ഡ്രോയറിന്‍റെ മുകളിലായി താക്കോല്‍ കണ്ടു. ഇത് രണ്ടാമത്തെ ഡ്രോയര്‍ തുറക്കാനുള്ള വഴി എളുപ്പമാക്കി.

ചെറിയ പെട്ടികളിലായി സൂക്ഷിച്ചിരുന്ന സ്വര്‍ണമെടുത്ത് അടുത്ത മുറിയിലേക്ക് നീങ്ങി. അടുത്ത മുറിയിലെ അലമാരയുടെ വാതില്‍ തുറക്കാനുള്ള ശ്രമത്തിനിടെ അലമാരയുടെ മുകളിലിരുന്ന താക്കോല്‍ ശ്രദ്ധയില്‍പ്പെട്ടു. ഇതെടുത്ത് ഡ്രോയര്‍ തുറന്നതോടെ കവര്‍ന്ന സ്വര്‍ണത്തിന്‍റെ അളവ് 72 പവനായി. സ്വര്‍ണം കിട്ടിയതോടെ കോളടിച്ചെന്ന് ഉറപ്പാക്കി വീട്ടില്‍ നിന്നിറങ്ങി വന്നവഴി മടങ്ങി. 

ബൈക്ക് കവര്‍ച്ച അന്വേഷിച്ചെത്തിയ ഫോര്‍ട്ട് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് ശ്രീകാന്തിനെ പിടികൂടുന്നത്. ചോദ്യം ചെയ്യലിനിടെ കാട്ടാക്കടയിലെ വീട്ടില്‍ കയറിയതും സ്വര്‍ണം കണ്ട് കണ്ണ് മഞ്ഞളിച്ചതും ഏറ്റുപറഞ്ഞു. ശ്രീകാന്തിന്‍റെ വീട്ടിലെത്തിയുള്ള പരിശോധനയില്‍ പൊലീസിന്‍റെ കണ്ണും മഞ്ഞളിച്ചു. കവര്‍ന്ന സ്വര്‍ണമെല്ലാം വീട്ടിനുള്ളില്‍ ഭദ്രമായുണ്ട്. പിന്നാലെയാണ് കാട്ടാക്കടയിലെ വീട്ടിലെത്തിച്ച് തെളിവെടുത്തത്. 

ക്രിസ്മസ് തലേന്ന് പള്ളിയിലെ പ്രാര്‍ഥനാച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷൈനും കുടുംബവും വീട്ടില്‍ നിന്നും മാറിയ സമയത്തായിരുന്നു കവര്‍ച്ച. കാട്ടാക്കടയിലെ ഒരുവീട്ടില്‍ മാത്രമാണ് കവര്‍ച്ച നടത്തിയതെന്ന ശ്രീകാന്തിന്‍റെ മൊഴി വിശ്വാസയോഗ്യമല്ലെന്നാണ് പൊലീസ് പറയുന്നത്. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ കാട്ടാക്കട സ്റ്റേഷന്‍ പരിധിയില്‍ നടന്ന കവര്‍ച്ചയില്‍ ശ്രീകാന്തിന് പങ്കുണ്ടോ എന്നതും അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. 

Share