മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ്: രൂക്ഷ വിമർശനവുമായി കോടതി

തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമാനത്തിനുള്ളില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മൂന്നു വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നത് എന്തു കൊണ്ടെന്ന് കോടതി. വ്യോമയാന നിയമത്തിലെ വകുപ്പ് ചുമത്തി പ്രോസിക്യൂഷന്‍ അനുമതി കേന്ദ്രം നല്‍കാത്ത കാരണത്താലാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിക്കാത്തത് എന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കിയെങ്കിലും ഇതു തൃപ്തികരമല്ലെന്നു കോടതി അറിയിച്ചു.

വിശദമായ റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിന് കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി നാസീറയുടെതാണ് ഉത്തരവ്. കേസില്‍ വിമാനസുരക്ഷാ നിയമം നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചത് പൊലീസിനു തിരിച്ചടിയായിരുന്നു. 2024 ഏപ്രിലിലാണ് കുറ്റപത്രം പ്രോസിക്യൂഷന്‍ അനുമതിക്കായി കേന്ദ്രത്തിന് അയച്ചത്.

കേസിലെ ഒന്നാം പ്രതി ഫര്‍സീന്‍ മജീദ് തന്റെ പാസ്‌പോര്‍ട്ട് പുതുക്കുന്നതിനു വേണ്ടി സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി ഇന്നു പരിഗണിച്ചത്. എന്നാല്‍, ഇതില്‍ പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന്‍ സമയം ആവശ്യപ്പെട്ടതു മൂലം ഹര്‍ജി പരിഗണിക്കുന്നത് രണ്ട് തവണകളായി മാറ്റിയതാണ് കോടതിയെ കര്‍ശന നടപടിക്കു പ്രേരിപ്പിച്ചത്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഫര്‍സീന്‍ മജീദ്, നവീന്‍, സുധീപ് ജയിംസ്, യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായിരുന്ന ശബരീനാഥൻ എന്നിവരാണ് കേസിലെ പ്രതികള്‍.

Share